ഉസ്മാൻ(റ)വിന്റെ ചരിത്രമെഴുതിയവരെല്ലാം എടുത്തു പറഞ്ഞ ഒരു കാര്യമുണ്ട്. വിശുദ്ധ ഖുർആനിനോടുണ്ടായിരുന്ന അളവറ്റ സ്നേഹം. എന്തൊരാവേശം..! എന്തൊരു ഭ്രമം..!!
വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് കേട്ടാൽ അവിടെ നിൽക്കും. പിടിച്ചുനിർത്തിയത് പോലെ. എത്ര കേട്ടാലും മതിവരില്ല. ലയിച്ചു ചേർന്നുപോവും. സ്വന്തമായി ഓതുകയാണെങ്കിലോ..?
അത്ഭുതകരമായ അവസ്ഥ തന്നെ. പരിസരം മറന്നുപോവും. ആയത്തിലെ ആശയങ്ങളുമായി ഇഴുകിച്ചേർന്ന് പോവും. പാരായണം
തുടർന്നുകൊണ്ടേയിരിക്കും. മണിക്കൂറുകൾ കടന്നുപോയാലും അറിയില്ല.
വിശുദ്ധ ഖുർആൻ നിസ്കാരത്തിൽ നീട്ടി ഓതുന്നത് ഏറെ പുണ്യമുള്ള കാര്യമാണ്. നിസ്കാരം ഇഷ്ടപ്പെട്ട കർമ്മമാണ്. നിസ്കരിച്ചാൽ മതിവരില്ല.
രാത്രിയിലെ സുന്നത്ത് നിസ്കാരം. ആ സുന്നത്ത് നിസ്കാരത്തിലെ ഖുർആൻ പാരായണം, കണ്ടവർ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. സുന്നത്ത് നിസ്കാരത്തിൽ നീണ്ട സൂറത്തുകൾ ഓതിക്കൊണ്ടിരിക്കും. മതിവരാതെ ഓതും. ചിലപ്പോൾ ഓതി ഓതി അവസാനം വരെയെത്തും. മനസ്സിനെ ഇളക്കിമറിക്കുന്ന ആയത്തുകൾ. വിതുമ്പലോടെയല്ലാതെ ഓതിത്തീർക്കാനാവില്ല.
ഒരു ചരിത്രകാരൻ ഇങ്ങനെ രേഖപ്പെടുത്തുന്നു: ഉസ്മാൻ (റ) നബി ﷺ തങ്ങളിൽ നിന്ന് വിശുദ്ധ ഖുർആൻ നേർക്കുനേരെ കേട്ടു. കേട്ടത് കാണാതെ പഠിച്ചു. പഠിച്ചതനുസരിച്ചു പ്രവർത്തിച്ചു.
അപ്പോൾ മനസ്സ് ശുദ്ധീകരിക്കപ്പെട്ടു. ആത്മാവ് സംശുദ്ധമായി. സമൂലമായ സംസ്കരണം സിദ്ധിച്ചു. ചിന്തകളും, താൽപര്യങ്ങളും ഖുർആനിന് ചേർന്ന നിലയിലായി. രക്തധമനികളിൽ ഖുർആൻ അലിഞ്ഞുചേർന്നു. മനസ്സിലും, ബുദ്ധിയിലും, ചിന്തയിലും ഖുർആൻ...
പ്രപഞ്ചമഖിലം ഖുർആൻ.
ഖുർആൻ അല്ലാഹു ﷻ വിന്റെ വചനം. ശക്തിയും വെളിച്ചവും അവൻ തന്നെ. മനസ്സ് നിറയെ അവൻ നൽകിയ വെളിച്ചം. തൗഹീദ് നിറഞ്ഞൊഴുകുന്ന ശരീരം. ആത്മാവിലും അതുതന്നെ. പ്രപഞ്ചം മുഴുവൻ അതുതന്നെ. വിശുദ്ധ വചനത്തിൽ ലയിച്ചുപോയി ഉസ്മാൻ (റ)...
നബിﷺതങ്ങൾ ഇങ്ങനെ പ്രസ്താവിച്ചു:
”خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ“
വിശുദ്ധ ഖുർആൻ പഠിക്കുകയും എന്നിട്ട് മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നവരാണ് നിങ്ങളിൽ ഉത്തമന്മാർ.
ഇത് കേട്ടതോടെ ഉസ്മാൻ (റ) ആവേശഭരിതനായി. ആ ഉത്തമന്മാരിൽ പെടാനുള്ള ശ്രമമായി. എത്രയോ പേർക്ക് ഉസ്മാൻ (റ) വിശുദ്ധ ഖുർആൻ പഠിപ്പിച്ചു കൊടുത്തു...
അദ്ദേഹത്തിന്റെ ശിഷ്യന്മാർ പ്രസിദ്ധരായിത്തീർന്നു. ചരിത്രത്തിൽ അവർ തിളങ്ങിനിൽക്കുന്നു. അബൂ അബ്ദുർറഹ്മാനുസ്സുലമി (റ), മുഗീറത്തുബ്നു അബീ ശിഹാബ് (റ), അബുൽ അസ്‌വദ് (റ) തുടങ്ങി നിരവധി പേർ അക്കൂട്ടത്തിൽ പെടുന്നു...