നല്ല വിശപ്പ്. വീട്ടിൽ ഭക്ഷണമൊന്നുമുണ്ടായിരുന്നില്ല. നബി ﷺ വീട്ടിൽനിന്നു പുറത്തിറങ്ങി.
രാത്രി സമയം. ആളുകൾ വിശ്രമിക്കുന്നു. എവിടെ നിന്നെങ്കിലും വല്ലതും കിട്ടണം. വിശന്നു പൊരിയുന്ന വയറുമായി നടന്നു. ഇരുട്ടാണെങ്കിലും നേർത്ത വെട്ടമുണ്ട്. വഴിയറിയാം. അരണ്ട വെളിച്ചത്തിൽ രണ്ടാളുകൾ നടന്നുപോകുന്നു...
“ആരാണത്?” - നബി ﷺ വിളിച്ചു ചോദിച്ചു.
അവർ ആ ശബ്ദം തിരിച്ചറിഞ്ഞു. അല്ലാഹുﷻവിന്റെ റസൂൽ (ﷺ)..! അവർ നടത്തം നിറുത്തി. പ്രവാചകൻ ﷺ അടുത്തെത്തി. അബൂബക്കർ(റ), ഉമർ(റ)...
“നിങ്ങളിരുവരും എങ്ങോട്ടാ, ഈ ഇരുട്ടിൽ..?”
“അല്ലാഹുവിന്റെ റസൂലേ, ഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പു സഹിക്കാനാവുന്നില്ല. അവർ മറുപടി നൽകി...
“ഞാനും ഒന്നും കഴിച്ചിട്ടില്ല. വിശപ്പു തന്നെയാണ് എന്നെയും ഇവിടെ എത്തിച്ചത്.” നബി ﷺ പറഞ്ഞു.
മൂവരും ഇരുട്ടിലൂടെ നടന്നു...
അബുൽ ഹയ്സം അൻസാരി(റ)വിന്റെ വീട്. മൂവരും നടന്നു നടന്ന് ആ വീടിന്റെ മുമ്പിലെത്തി. റസൂൽ ﷺ ആ വീട്ടിലേക്കു നടന്നു. കൂടെ സഹയാത്രികരും.
“അസ്സലാമു അലയ്ക്കും വറഹ്മതുല്ലാഹി വബറകാതുഹു...”
മുറ്റത്തു നബിﷺതങ്ങളുടെ ശബ്ദം.
അബുൽ ഹയസം(റ) ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ തന്റെ വീട്ടുമുറ്റത്ത്..!
ഇതിൽപരം ഒരനുഗ്രഹം വരാനുണ്ടോ..?
“വ അലയ്ക്കുമുസ്സലാം വറഹ്മതുല്ലാഹി വബറകാതുഹു...”
സലാം മടക്കിക്കൊണ്ടു സ്വഹാബിവര്യൻ മുറ്റത്തേക്കു ചാടിയിറങ്ങി...
“അല്ലാഹുവിന്റെ റസൂലേ, അകത്തേക്കു കയറിയിരുന്നാലും.” നോക്കുമ്പോൾ കൂടെ രണ്ടുപേർ - അബൂബക്കർ(റ), ഉമർ(റ). എത്ര ആദരണീയരായ അതിഥികൾ. എല്ലാവരെയും വീട്ടിൽ ഇരുത്തിയശേഷം അബുൽ ഹയ്സം
(റ) തോട്ടത്തിലേക്കോടി...
വിശക്കുന്ന വയറുമായി മൂന്ന് അതിഥികൾ. അൽപം കഴിഞ്ഞപ്പോൾ അബുൽ ഹയസം (റ) ഓടിയെത്തി. കയ്യിൽ ഈത്തപ്പഴത്തിന്റെ കുല. പഴുത്തു പാകമായ ഈത്തപ്പഴം. അതിഥികളുടെ മുമ്പിൽ വച്ചു. ഭക്ഷിക്കാൻ ക്ഷണിച്ചു.
“ഇതാ ഇതു കഴിച്ചോളൂ... ഞാനിതാ വരുന്നു.”
അതിഥികൾ ഈത്തപ്പഴം കഴിക്കാൻ തുടങ്ങി. പെട്ടെന്ന് അബുൽ ഹയസം(റ) ഒരു കത്തിയുമായി പുറത്തേക്കിറങ്ങി. അദ്ദേഹത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ
നബിﷺതങ്ങൾ പറഞ്ഞു: “കറവയുള്ള മൃഗത്തെ അറുക്കരുത്.” സ്വഹാബിവര്യൻ സമ്മതിച്ചു.
അദ്ദേഹം ഒരാടിനെ അറുത്തു. സദ്യയുണ്ടാക്കി. അതിഥികളെ സൽകരിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചു. അൽഹംദുലില്ലാഹ്...☝???? അല്ലാഹുﷻവിനെ വാഴ്ത്തി. ആഹാരം നൽകിയ കുടുംബത്തിനു വേണ്ടി പ്രാർത്ഥന നടത്തി. മൂന്നു പേരും മടങ്ങി...
നടക്കുന്നതിനിടയിൽ നബി ﷺ
പറഞ്ഞു: “നാം വിശന്നു പൊരിഞ്ഞ വയറുമായി വീട്ടിൽ നിന്നിറങ്ങി. നമുക്കു നല്ല ഭക്ഷണം കിട്ടി. നാം നന്നായി ഭക്ഷിക്കുകയും ചെയ്തു. ഓർക്കുക; ഈ സദ്യയെക്കുറിച്ചു പരലോകത്തുവച്ച് അല്ലാഹു ﷻ നമ്മെ ചോദ്യം ചെയ്യും.”
നാം കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും പാനീയത്തെക്കുറിച്ചുമൊക്കെ നാളെ പരലോകത്തുവച്ചു ചോദ്യം ചെയ്യപ്പെടും. അനുവദനീയമായ ആഹാര പാനീയങ്ങൾ മാത്രമേ നാം ഉപയോഗിക്കാൻ പാടുള്ളൂ. നിഷിദ്ധമായതൊന്നും ഭക്ഷിക്കരുത്. മറ്റുള്ളവർക്കു കൊടുക്കുകയും ചെയ്യരുത്. എല്ലാവരും വിചാരണ നേരിടേണ്ടതായിവരും. ഓർമയിൽ വേണം...