Wednesday - 22 April, 2026 4-Dhu al-Qadah-1447

ചരിത്രപ്രസിദ്ധമായ കരാർ (2)

അപ്പോഴാണ് ആ വാർത്ത വന്നത്. ഉസ്മാൻ(റ) സുരക്ഷിതനാണ്. കുഴപ്പമൊന്നുമില്ല...


 വൈകാതെ അദ്ദേഹം ഹുദയ്ബിയ്യയിൽ എത്തിച്ചേർന്നു.


 ഖുറയ്ശികളുടെ ദൂതനായി സുഹൈൽ ബ്നു അംറ് പ്രവാചകന്റെ (ﷺ) അടുത്തെത്തി. മുസ്ലിംകൾ ഇത്തവണ മടങ്ങിപ്പോകണം. അതിനൊരു കരാറുണ്ടാക്കണം. അതിനുവേണ്ടിയാണ് സുഹൈൽ വന്നത്.


 സുഹൈൽ തീരെ ന്യായമല്ലാത്ത ചില ആവശ്യങ്ങൾ മുന്നോട്ടുവച്ചു. പ്രവാചകൻ ﷺ അതു സമ്മതിക്കുന്നു. ചുറ്റും കൂടിനിന്നവർക്കു സഹിക്കുന്നില്ല. അവർ രോഷം അടക്കാൻ പാടുപെട്ടു.


 നീണ്ട സംഭാഷണത്തിനുശേഷം സന്ധിവ്യവസ്ഥകൾക്കു രൂപം നൽകി. അത് ഇപ്രകാരമായിരുന്നു:


1) മുസ്ലിംകളും ഖുറയ്ശികളും തമ്മിൽ നാലു വർഷത്തേക്കു യുദ്ധം നിർത്തിവയ്ക്കുക.


2) ഖുറയ്ശികളുടെ സമീപത്തുനിന്ന് ആരെങ്കിലും മുസ്ലിംകളുടെ അടുത്തേക്കു ചെന്നാൽ അവരെ തിരിച്ചയയ്ക്കും.


3) മുസ്ലിംകളുടെ ഭാഗത്തുനിന്ന് ആരെങ്കിലും ഖുറയ്ശികളുടെ അടുത്തേക്കു ചെന്നാൽ തിരിച്ചയയ്ക്കുകയില്ല.


4) ഇത്തവണ മുഹമ്മദും (ﷺ) അനുയായികളും മദീനയിലേക്കു

മടങ്ങിപ്പോകണം. അടുത്ത വർഷം ഇവിടെ വന്നു മൂന്നു ദിവസം

താമസിക്കാം. സാധാരണ ഉപയോഗിക്കുന്ന ഒരു വാൾ കൂടെ കരുതാം. മറ്റൊരു ആയുധവും അനുവദിക്കില്ല.


5) മുഹമ്മദുമായി (ﷺ) സഖ്യത്തിൽ ഏർപ്പെടാൻ എല്ലാ അറബ് ഗോത്രങ്ങൾക്കും അവകാശമുണ്ട്. അതുപോലെ ആർക്കും ഖുറയ്ശികളുമായും സഖ്യമാവാം.


 ഈ വ്യവസ്ഥകളെല്ലാം വച്ചത് സുഹൈൽ തന്നെ. നബി ﷺ തങ്ങൾ അവ അംഗീകരിച്ചു. സന്ധി വ്യവസ്ഥകൾ മുസ്ലിംകളെ അസ്വസ്ഥരാക്കി. പ്രവാചകൻ ﷺ അവരെ സമാധാനിപ്പിച്ചു.


 "ബിസ്മില്ലാഹിർറഹ്മാനിർറഹീം" എന്നെഴുതാൻ നബി ﷺ ആവശ്യപ്പെട്ടു. അലി(റ) ആണു കരാർ എഴുതുന്നത്. അലി(റ) ബിസ്മി എഴുതി.


 ഉടനെ സുഹൈൽ എതിർത്തു. ഈ റഹ്മാനും റഹീമും ഞങ്ങൾക്കറിയില്ല. അതു വെട്ടണം. "ബിസ്മികല്ലാഹുമ്മ" എന്നെഴുതണം.


 സ്വഹാബികൾ എതിർത്തു. ബിസ്മി മാറ്റമില്ല. നബിﷺതങ്ങൾ ഇടപെട്ടു. "ബിസ്മികല്ലാഹുമ്മ" എന്നെഴുതാൻ കൽപിച്ചു. അടുത്ത വാചകം പ്രവാചകൻ ﷺ പറഞ്ഞുകൊടുത്തു...


 “അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് മക്കാ നിവാസികളുമായി ചെയ്ത കരാറാണിത്.” അലി(റ) അങ്ങനെയെഴുതി. 


 സുഹൈൽ എതിർത്തു. “അല്ലാഹുവിന്റെ ദൂതൻ എന്നെഴുതാൻ പറ്റില്ല. ഞങ്ങളതംഗീകരിക്കുന്നില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നു

ഞങ്ങൾ അംഗീകരിച്ചാൽ പിന്നെ ഇവിടെ എന്താണു പ്രശ്നം..? അബ്ദുല്ലായുടെ മകൻ മുഹമ്മദ് എന്നെഴുതണം - മുഹമ്മദ് ബ്നു അബ്ദില്ല.”


 അലി(റ) സമ്മതിച്ചില്ല. സ്വഹാബികൾ രോഷംകൊണ്ടു. നബിﷺതങ്ങൾ ഇടപെട്ടു. എഴുതിയത് മായ്ക്കുവാൻ പറഞ്ഞു. അലി(റ) അതിനു തയ്യാറായില്ല.


 ആളുകൾ ഇളകിയപ്പോൾ അവരോടു നിശ്ശബ്ദരാകാൻ നബിﷺതങ്ങൾ ആവശ്യപ്പെട്ടു. പ്രവാചകൻ സ്വന്തം കൈകൊണ്ടു മുഹമ്മദുർറസൂലുല്ലാഹി എന്നെഴുതിയതു മായ്ച്ചു

കളഞ്ഞു. ആ സ്ഥാനത്ത് അബ്ദുല്ലായുടെ മകൻ മുഹമ്മദ് എന്നെഴുതാൻ നിർദേശിച്ചു. അലി(റ)വിനു അങ്ങനെ ചെയ്യേണ്ടതായി വന്നു...


 കരാറിലെ ഓരോ വ്യവസ്ഥയും മുസ്ലിംകളെ വേദനിപ്പിക്കുന്നതായിരുന്നു. തീർത്തും ഏകപക്ഷീയമായ വ്യവസ്ഥകൾ. പ്രവാചകൻ ﷺ സ്വഹാബികളെ ശാന്തരാക്കി നിർത്താൻ പാടുപെട്ടു...


 കരാറിന്റെ രണ്ടു കോപ്പികൾ തയ്യാറായി. ഒന്നു മുസ്ലിംകൾക്കും മറ്റൊന്ന് ഖുറയ്ശികൾക്കും.


 സന്ധി വ്യവസ്ഥകൾ രൂപം കൊള്ളുമ്പോൾ ഒരു സംഭവമുണ്ടായി. ഖുറയ്ശികളുടെ പ്രതിനിധിയായി സന്ധിവ്യവസ്ഥകൾ തയ്യാറാക്കുന്നത് സുഹൈൽ ആണല്ലോ? അതേ സുഹൈലിന്റെ മകൻ അബൂജൻദൽ ഇസ്ലാം മതം സ്വീകരിച്ചിരുന്നു...


 സ്വന്തം മകനെ പിന്തിരിപ്പിക്കാൻ ആവുന്നതും ശ്രമിച്ചു. മകൻ വഴങ്ങിയില്ല. ശരിക്കു മർദിച്ചു. ഒരു ഫലവുമില്ല. വേദന കൊണ്ടു പുളയുമ്പോൾ അബൂ ജൻദൽ എന്താണു പറഞ്ഞത്..?


  ലാ ഇലാഹ ഇല്ലല്ലാഹ്...


 അബൂജൻദലിനെ ചങ്ങലയിൽ പൂട്ടിയിട്ടു... 


 എങ്ങനെയെങ്കിലും മദീനയിലെത്തണമെന്നാണു മോഹം.

അതിനെന്തു വഴി..? ചുറ്റും ശത്രുക്കൾ. രക്ഷപ്പെടാനൊരു മാർഗവുമില്ല.

ഇസ്ലാമിന്റെ ബദ്ധവൈരിയാണ് തന്റെ പിതാവ്. ബന്ധുക്കളും അങ്ങനെ തന്നെ... 


 ചങ്ങലയിൽ കിടന്നു നരകിക്കുകയാണ്. ബന്ധനത്തിൽ കിടന്നുകൊണ്ട് ആളുകളുടെ സംഭാഷണം കേട്ടു. മുഹമ്മദും കൂട്ടരും ഹുദയ്ബിയ്യയിൽ എത്തിയിരിക്കുന്നു. എന്ത്? പ്രവാചകൻ ﷺ ഹുദയ്ബിയ്യയിലോ..?

ആ യുവാവ് ആവേശഭരിതനായി...