മദീനയിൽ മസ്ജിദുന്നബവി പണിതുയർത്തി. വളരെ ലളിതമായൊരു മസ്ജിദ്. ആദ്യഘട്ടത്തിൽ മേൽപ്പുരയില്ലായിരുന്നു. പിന്നെ ഈന്തപ്പനയോല കൊണ്ട് മേൽപ്പുര കെട്ടി.
വാതിലുകൾക്ക് അടപ്പില്ലായിരുന്നു. പകരം പഴയ കമ്പിളിയും ചാക്കും തൂക്കിയിട്ടു. ഒന്നിനും പണമില്ല. എണ്ണ വാങ്ങാൻ പോലും. ആദ്യനാളുകളിൽ വിളക്കില്ലായിരുന്നു. പിന്നെയാണ് വിളക്കും വെളിച്ചവും വന്നത്.
ധാരാളമാളുകൾ ഇസ്ലാം മതം സ്വീകരിച്ചുകൊണ്ടിരുന്ന കാലം.
പള്ളിയിൽ സ്ഥലം പോരാതെയായി. മുറ്റത്തും വഴിയിലുമൊക്കെയായി
നിസ്കാരം.
പള്ളി വിപുലീകരിക്കണം. സ്ഥലം വിലക്കു വാങ്ങണം. ചുറ്റുപാടുമുള്ള സ്ഥലം ഓരോരുത്തരുടെ വകയാണ്. അത് വിലക്കു വാങ്ങണം. എവിടെ പണം..?
നബിﷺതങ്ങളുടെ മനസ്സിൽ ആഗ്രഹം വളർന്നു. മസ്ജിദ് വിപുലീകരിക്കാനുള്ള ആഗ്രഹം. ഉസ്മാൻ (റ) കാര്യങ്ങൾ നല്ലതുപോലെ മനസ്സിലാക്കി, സ്ഥല ഉടമകളുമായി സംസാരിച്ചു. വില ഉറപ്പിച്ചു.
ഇരുപത്തയ്യായിരം ദിർഹം.
വില നൽകി. സ്ഥലം വാങ്ങി. മസ്ജിദിന്റെ പണി തുടങ്ങി. ഓരോരുത്തരും അധ്വാനിക്കുന്നു. മണ്ണ് ചുമന്നു. കല്ല് ചുമന്നു സഹായിക്കുന്നു. മറ്റ് ജോലികളെടുക്കുന്നു. കൈവശമുള്ളതെല്ലാം നൽകാൻ സന്നദ്ധരാണവർ.
ത്യാഗത്തിന്റെ നാളുകൾ. അല്ലാഹു ﷻ വിന്റെയും അവന്റെ പ്രവാചകരുടെയും (ﷺ) പൊരുത്തം നേടാൻ വേണ്ടി എന്തും ത്യജിക്കാൻ സന്നദ്ധരായ സമുന്നത സ്വഹാബികൾ. അക്കൂട്ടത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹൽ വ്യക്തിത്വമാണ് ഉസ്മാനുബ്നു അഫ്ഫാൻ(റ)...
മസ്ജിദ് വിപുലീകരിച്ചു. വിശ്വാസികൾക്ക് ഇപ്പോൾ എന്തൊരാശ്വാസം...
ഉസ്മാൻ(റ)വിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകൾ വിവരിച്ചവർ അദ്ദേഹത്തിന്റെ ലജ്ജാശീലം പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. മാന്യമായി വസ്ത്രം ധരിക്കും. എന്നിട്ടേ മറ്റുള്ളവരോട് സംസാരിക്കുകയുള്ളൂ...
ഉസ്മാൻ(റ)വിനെ സമീപിക്കുമ്പോൾ ആളുകൾ ഈ ലജ്ജാശീലം പരിഗണിക്കും. മാന്യമായ രീതിയിലേ ആളുകൾ സമീപിക്കുകയുള്ളൂ. വരുന്നവർക്കും ഒരുതരം ലജ്ജ.
മലക്കുകൾ പോലും ലജ്ജ പ്രകടിപ്പിച്ചു. പിന്നെ മനുഷ്യരുടെ കാര്യം പറയണോ..?!
ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) ഒരു സംഭവം വിവരിക്കുന്നു. നബിﷺതങ്ങൾ വിശ്രമിക്കുകയാണ്. ഒരു കട്ടിലിൽ കിടക്കുന്നു. കാലിന്റെ താഴെ അറ്റത്ത് നിന്ന് തുണി അൽപം നീങ്ങിയിട്ടുണ്ട്.
അപ്പോൾ അബൂബക്കർ സിദ്ദീഖ് (റ) വന്നു. മുറിയിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു. അനുമതി നൽകപ്പെട്ടു. മുറിയിൽ കയറി. സംസാരിച്ചു. തിരിച്ചുപോയി. അതേ കിടപ്പിൽ കിടന്നുകൊണ്ടാണ് സംസാരിച്ചത്.
കുറച്ച് കഴിഞ്ഞ് ഉമർ (റ) വന്നു. മുറിയിൽ കയറാൻ അനുമതിതേടി. സമ്മതം നൽകി. ഉമർ (റ) പ്രവേശിച്ചു. വന്ന കാര്യം സംസാരിച്ചു. മടങ്ങിപ്പോയി. നബി ﷺ കിടക്കുകയായിരുന്നു അപ്പോഴും.
കുറച്ചു കഴിഞ്ഞു. പുറത്ത് നിന്ന് മറ്റൊരാളുടെ ശബ്ദം. മുറിയിൽ പ്രവേശിക്കാൻ സമ്മതം ചോദിക്കുന്നു. ആഗതൻ ഉസ്മാൻ (റ) ആണെന്ന് മനസ്സിലായി. ഉടനെ നബി ﷺ എഴുന്നേറ്റിരുന്നു. കാലിലെ തുണി നേരെയാക്കി. ഇപ്പോൾ കാലുകൾ പൂർണ്ണമായി മറഞ്ഞു...
ഉസ്മാൻ (റ) കടന്നുവന്നു. വന്ന കാര്യം സംസാരിച്ചു. പതിയെ തിരിച്ചുപോയി. ഉസ്മാൻ (റ) വന്നപ്പോഴുള്ള മാറ്റം. അത് ആഇശ (റ) പ്രത്യേകം ശ്രദ്ധിച്ചു.
ആഇശ (റ) ഇങ്ങനെ ചോദിച്ചു: “അല്ലാഹു ﷻ വിന്റെ റസൂലേ, ഉസ്മാൻ (റ) വന്നപ്പോൾ മാത്രം എന്താണ് ഈ മാറ്റം..? അബൂബക്കർ (റ) വന്നു. സംസാരിച്ചു. തിരിച്ചുപോയി. ഉമർ (റ) വന്നു. സംസാരിച്ചു. യാത്ര പറഞ്ഞു പോയി. അപ്പോഴൊന്നും കാണാത്ത രീതിയിലാണല്ലോ ഉസ്മാൻ(റ)വിനെ സ്വീകരിച്ചത്...”
നബി ﷺ മറുപടി നൽകിയതിങ്ങനെ: “ഉസ്മാൻ (റ) വല്ലാത്ത ലജ്ജാശീലമുള്ള ആളാണ്. അത് പരിഗണിച്ച് ഞാനങ്ങനെ പെരുമാറി...”
നബിﷺതങ്ങളുടെ വാക്കുകൾ ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു;
”أَلَا أَسْتَحِي مِنْ رَجُلٍ تَسْتَحِي مِنْهُ الْمَلَائِكَةُ“
“മലക്കുകൾ ലജ്ജ പ്രകടിപ്പിക്കുന്ന ഒരാളോട് എനിക്ക് ലജ്ജ വേണ്ടേ..!!”
ലജ്ജ ഈമാനിന്റെ ഭാഗമാണ്. അത് ഉസ്മാൻ(റ)വിൽ സമൃദ്ധമായിരുന്നു.
ഞാൻ അതേ കിടപ്പിൽ കിടന്നിരുന്നെങ്കിൽ ഉസ്മാൻ (റ) മുറിയിൽ പ്രവേശിക്കില്ലായിരുന്നു. ലജ്ജ അതിന്നനുവദിക്കില്ല. പറയാൻ വന്ന കാര്യം പറയാനാവാതെ മടങ്ങിപ്പോകുമായിരുന്നു. ഈ വിധത്തിലായിരുന്നു നബിﷺയുടെ പ്രതികരണം.
ഹയാഅ് ഉസ്മാൻ (റ) (ഉസ്മാൻ(റ)വിന്റെ ലജ്ജ) എന്ന തലവാചകത്തോടെയാണ് ചില ചരിത്രകാരന്മാർ വിശദീകരണം നൽകുന്നത്.
ഉസ്മാൻ(റ)വിന്റെ കച്ചവടം വളർന്നു വലുതാവുകയാണ്. ശാമിലേക്കും യമനിലേക്കും ഖാഫിലകൾ പോവുന്നുണ്ട്. നൂറുകണക്കായ ഒട്ടകങ്ങൾ ചരക്ക് ചുമന്ന് കൊണ്ടുപോവുന്നു. മദീനയിലേക്ക് ധാന്യച്ചാക്കുകൾ ഒഴുകിവരുന്നു.
പട്ടിണിക്കാർ വരുമ്പോൾ ധാന്യം വാരിക്കോരിയാണ് കൊടുക്കുന്നത്. കണക്ക് നോക്കാതെ കൊടുക്കും. ധാന്യം പാകം ചെയ്തു സുഭിക്ഷമായി അവർ കഴിക്കും.
ദാനം ചെയ്യുന്ന സാധനങ്ങൾക്കൊന്നും കണക്ക് വെക്കാറില്ല.
എണ്ണിക്കണക്കാക്കാതെ കൊടുക്കും. അല്ലാഹു ﷻ എണ്ണിത്തിട്ടപ്പെടുത്താതെ അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്യും...
എന്നാൽ ഉസ്മാൻ(റ)വിന്റെ ജീവിതം എങ്ങനെ..?!
പുറം നാടുകളിൽ നിന്ന് മേനിയുള്ള തുണിത്തരങ്ങൾ കൊണ്ടുവന്ന് ദാനം ചെയ്യുന്ന ഉസ്മാൻ (റ) ധരിക്കുന്നത് വില കുറഞ്ഞ പരുക്കൻ വസ്ത്രം.
പാവപ്പെട്ട വരെ നന്നായി ഭക്ഷിപ്പിക്കുന്ന ഉസ്മാൻ (റ) വിന്റെ ആഹാരം വളരെ ലളിതം. ആഹാരത്തിൽ വിഭവങ്ങൾ വളരെ കുറവ്.
മസ്ജിദിന്റെ അങ്കണത്തിലെ ചരൽക്കല്ലിൽ പഴന്തുണി തലക്കുവെച്ചു കിടക്കുന്ന ഒരു മനുഷ്യനെക്കാണാം. അത് ഉസ്മാൻ (റ) ആകുന്നു...
എത്ര വലിയ ആഢംബരത്തിൽ ജീവിക്കാനും സ്വത്തുണ്ട്. സ്വന്തം
ജീവിതത്തിൽ ആഢംബരമില്ല. ലാളിത്യം മാത്രം.
ധനം തരുന്നത് അല്ലാഹു ﷻ ആകുന്നു. എന്തിനാണ് ധനം തരുന്നത്..?
അല്ലാഹുﷻവിന്റെ വഴിയിൽ ചെലവഴിക്കാൻ. ഇതാണ് കാഴ്ചപ്പാട്.
മനസ്സിൽ ധനത്തിന് സ്ഥാനമില്ല.
മനസ്സിലെന്താണുള്ളത്..? അല്ലാഹു ﷻ.. അവന്റെ റസൂൽ ﷺ...
അവരുടെ തൃപ്തിയാണ് ലക്ഷ്യം. ധനവും ശരീരവും അത് നേടാനുള്ളതാണ്. ശരിയായ പരിത്യാഗം.
ഒട്ടകക്കൂട്ടങ്ങൾക്കും ആട്ടിൻപറ്റങ്ങൾക്കും തോട്ടങ്ങൾക്കും കച്ചവടച്ചരക്കുകൾക്കും മധ്യത്തിൽ ജീവിച്ച പരിത്യാഗി. അതിശയകരമായ പരിത്യാഗം...