Wednesday - 22 April, 2026 4-Dhu al-Qadah-1447

ഖയ്ബറിലെ വിസ്മയങ്ങൾ (1)

   ഹുദയ്ബിയ്യ സന്ധിയോടുകൂടി മദീനയുടെ തെക്കുഭാഗത്തു

നിന്നുള്ള ഭീഷണികൾക്കു ശമനം വന്നു. എന്നാൽ വടക്കുഭാഗം അപ്പോഴും സുരക്ഷിതമായിരുന്നില്ല.


 ഖയ്ബർ ജൂതന്മാരുടെ കേന്ദ്രമാണ്.

മദീന വിട്ടുപോയ പല ജൂത കുടുംബങ്ങളും അവിടെ താമസമാക്കി. അവർ വളരെ സമ്പന്നരായിരുന്നു. അവരുടെ ഈത്തപ്പനത്തോട്ടങ്ങളും വ്യാപാര കേന്ദ്രങ്ങളുമൊക്കെ വളരെ പ്രസിദ്ധമായിരുന്നു.


 അറേബ്യയിലെ ഗോത്രങ്ങളെ സംഘടിപ്പിച്ചു മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ അവർ ശ്രമിച്ചു. അതിന്റെ ഫലമായിരുന്നു ഖന്തഖ് യുദ്ധം.


 ഖന്തഖിൽ ശത്രുക്കൾ നിശ്ശേഷം പരാജയപ്പെട്ടു. പക്ഷേ, അവർ അടങ്ങിയിരുന്നില്ല. പല ഗോത്രങ്ങളുമായി രഹസ്യ സംഭാഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. അറേബ്യക്കു പുറത്തുള്ള ശക്തികളുമായും

അവർക്കു ബന്ധമുണ്ടായിരുന്നു. വിദേശ ശക്തികളുടെ സഹായത്തോടെ മുസ്ലിംകളെ ആക്രമിക്കാനും അവർ ശ്രമിച്ചേക്കും.


 അവരുമായി സന്ധി ചെയ്താലോ? സന്ധിക്ക് അവർ തയ്യാറാകുമോ?

ഇനി സന്ധി ചെയ്താൽ തന്നെ അതുകൊണ്ടെന്തു കാര്യം. എത്രയോ തവണ സന്ധി വ്യവസ്ഥകൾ തെറ്റിച്ചവരാണു ജൂതന്മാർ. ഖയ്ബറിന്റെ ശക്തി തകർക്കേണ്ടതു മുസ്ലിംകളുടെ നിലനിൽപിന് ആവശ്യമാണ്. 


 അപ്പോഴാണ് ഒരു ഗൂഢാലോചനയുടെ വാർത്ത പുറത്തു വന്നത്. പല ഗോത്രങ്ങളെയും അവർ യുദ്ധത്തിനു പ്രേരിപ്പിക്കുന്നു.


 “ഞങ്ങളോടൊപ്പം ചേർന്നു മദീനയെ ആക്രമിക്കുകയാണങ്കിൽ ഞങ്ങളുടെ ഈത്തപ്പഴത്തോട്ടങ്ങളുടെ പകുതി ഉൽപന്നം തരാം.” ഈ വാഗ്ദാനം പലരെയും ആകർഷിച്ചു.


 ഈ സാഹചര്യത്തിൽ യുദ്ധം ചെയ്തു ഖയ്ബറിന്റെ ശക്തി കുറക്കേണ്ടത് അനിവാര്യമായിത്തീർന്നു. ഹുദയ്ബിയ്യ യാത്ര കഴിഞ്ഞു മുസ്ലിംകൾ മദീനയിൽ തിരിച്ചെത്തി ഒരു മാസം കഴിയുന്നതേയുള്ളൂ. അപ്പോഴാണു ഖയ്ബറിലേക്കു പുറപ്പെടാൻ കൽപന.


 “എന്റെ കൂടെ ഹുദയ്ബിയ്യയിലേക്കു വന്നവർ മാത്രമേ ഖയ്ബറിലേക്കു വരേണ്ടതുള്ളൂ.” ഉയരത്തിലുള്ള ഒരു പ്രദേശമാണു ഖയ്ബർ. വളരെ ഭദ്രമായി കെട്ടി ഉയർത്തിയ കോട്ടകൾ. 


 ഖയ്ബർ മൂന്നു മേഖലകളായിരുന്നു.

നിത്വാത്, കസീബ്, ശഖ്. ഓരോ മേഖലയിലും സുശക്തമായ കോട്ടകളുണ്ടായിരുന്നു. കോട്ടകളിൽ ആറെണ്ണം വളരെ പ്രധാനപ്പെട്ടതാണ്.

വാത്വിഹ്, സുലാലിം, നിത്വാത്, താഇം, ഖമൂസ്, സഅ്ബ് ബ്നു മുആദ്


 അത്ര എളുപ്പത്തിലൊന്നും ആർക്കും ഈ കോട്ടകൾ ആക്രമിക്കാനോ കീഴ്പ്പെടുത്താനോ കഴിയില്ല. അതിന്റെ ചുമരുകൾക്കും വാതിലുകൾക്കും അത്രയ്ക്ക് ഉറപ്പാണ്.


 കോട്ടയുടെ അകത്ത് ഇരുപതിനായിരം യോദ്ധാക്കളുണ്ട്.

ഖയ്ബറിലെത്തിയ മുസ്ലിംകൾ കോട്ടക്കു മുമ്പിൽ കിടന്നുറങ്ങി. അകത്തുള്ളവർ അറിഞ്ഞതേയില്ല.


 നേരം പുലർന്നു. അതിരാവിലെ കൃഷിസ്ഥലത്തേക്കു പോയ

തൊഴിലാളികളാണു മുസ്ലിംകളെ കണ്ടത്. അവർ ഭയന്നു നിലവിളിച്ചുകൊണ്ട് ഓടി.

“ഇതാ മുഹമ്മദും കൂട്ടരും വന്നിരിക്കുന്നു.” ഭീതി നിറഞ്ഞ സ്വരത്തിൽ അവർ വിളിച്ചു പറഞ്ഞു...