മദീനത്തെ പള്ളിയിൽ സത്യവിശ്വാസികൾ സമ്മേളിച്ചിരിക്കുന്നു. പ്രവാചകൻ ﷺ അവരുടെ നേരെ നടന്നുവരുന്നു. ആ മുഖം വളരെ പ്രസന്നമായിരുന്നു. ഏതോ ഒരു സന്തോഷവാർത്തയുമായി വരുന്നതുപോലെ.
“ഞാനൊരു സ്വപ്നം കണ്ടു.” പ്രവാചകൻ ﷺ തുടങ്ങി. ശ്രോതാക്കൾ ആകാംക്ഷാഭരിതരായി.
“ഞാനും എന്റെ അനുയായികളും മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചിരിക്കുന്നു. തലമുടി വടിച്ചും നിർഭയരായും നിരായുധരായും.”
ങേ... എന്താണീ കേട്ടത്..?
നാം മക്കയിൽ സുരക്ഷിതരായി തിരികെ ചെല്ലുന്നുവെന്നോ..?
കഴിഞ്ഞ ആറു വർഷമായി മനസ്സിൽ താലോലിക്കുന്നസ്വപ്നം. അതു സാക്ഷാത്കരിക്കപ്പെടുമോ..?
ജന്മനാടു വിട്ടുപോന്നിട്ടു വർഷം ആറായി. ജനിച്ചു വളർന്ന നാട്. പ്രിയപ്പെട്ട നാട്. വളർന്ന വീടും സ്നേഹം പകർന്ന ബന്ധുക്കളുമൊക്കെ അവിടെയുണ്ട്.
വിശുദ്ധ കഅ്ബാലയം. പുണ്യഭവനം കണ്ടിട്ടെത്ര കാലമായി...
പ്രവാചകരുടെ (ﷺ) സ്വപ്നം സത്യസന്ധമാണ്. അതു സത്യമായി ഭവിക്കും. പക്ഷേ, എപ്പോൾ..?
മക്കയിലേക്കു പോകുക എളുപ്പമല്ല. അവിടെച്ചെന്നു ഹജ്ജോ ഉംറയോ ചെയ്യാൻ ഖുറയ്ശികൾ അനുവദിക്കില്ല. എന്നെങ്കിലുമൊരിക്കൽ അതു സത്യമായി പുലരും. മക്ക കാണാൻ കൊതിച്ച എത്രയോ സ്വഹാബികൾ മരിച്ചു പോയി...
ദുൽഖഅ്ദ മാസം. യുദ്ധം നിഷിദ്ധമായ മാസം. ആ മാസത്തിൽ ഉംറ നിർവഹിക്കാൻ വേണ്ടി മക്കയിലേക്കു പുറപ്പെടാൻ തീരുമാനിച്ചു. മദീനയിൽ അതു വിളംബരം ചെയ്തു. മദീനയുടെ പരിസരത്തുള്ള ഗ്രാമീണഗോത്രങ്ങളെയും ഉംറക്കു
പോകാൻ ക്ഷണിച്ചു...
യുദ്ധം പാടില്ലാത്ത മാസം. ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ആ മാസം തിരഞ്ഞെടുത്തത്. മദീനയുടെ ചുമതല അബ്ദുല്ലാഹി ബ്നു ഉമ്മിമക്തൂമിനെ ഏൽപിച്ചു.
ആയിരത്തി അഞ്ഞൂറോളം സ്വഹാബികൾ പ്രവാചകരോടൊപ്പം (ﷺ) ഉംറക്കു പോകാൻ സന്നദ്ധരായി. അതിൽ മുഹാജിറുകളും അൻസ്വാറുകളും ഉണ്ടായിരുന്നു.
പുണ്യമാസമായ ദുൽഖഅ്ദ ഒന്നിന് ആ വലിയ സംഘം മക്ക ലക്ഷ്യമാക്കി യാത്രതിരിച്ചു. അവരോടൊപ്പം എഴുനൂറ് ഒട്ടകങ്ങളുണ്ടായിരുന്നു. പ്രവാചകപത്നി ഉമ്മുസലമ(റ)യും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
എല്ലാവരും ഉംറയുടെ വേഷം ധരിച്ചിരുന്നു. ബലിമൃഗങ്ങളും
കൂടെയുണ്ട്. ആ സംഘത്തെ കണ്ടാൽ തീർത്ഥാടകരാണെന്ന് ആർക്കും മനസിലാകും. അവർ യുദ്ധത്തിനു പോകുന്നവരല്ല. കയ്യിൽ
ആയുധമില്ലാത്തവരാണ്...
അറബികൾ യാത്രയിൽ ഒരു വാൾ കരുതാറുണ്ട്. അത് ഉറയിൽ വിശ്രമിക്കും. വന്യജീവികളെയോ പിടിച്ചുപറിക്കാരെയോ നേരിടാനാണ്. അങ്ങനെ ഒരു വാൾ മാത്രമേ അവരുടെ കയ്യിലുള്ളൂ. മറ്റൊരായുധവുമില്ല...
ദുൽഹുലയ്ഫ എന്ന സ്ഥലത്തെത്തി.
അവർ ശരീരശുദ്ധി വരുത്തി. ബലിമൃഗങ്ങളെ തങ്ങളുടെ ഇടതുവശത്തായി നിറുത്തി. അല്ലാഹുﷻവിനെ സ്തുതിച്ചു. ഭക്തിനിർഭരമായ ഖൽബുകളുമായി യാത്ര തിരിച്ചു. ഇസ്ഫാനിൽ എത്തുവോളം യാത്ര തുടർന്നു...
ഇനി പതിനാറു നാഴികകൂടി യാത്ര ചെയ്താൽ മതി. പുണ്യനഗരമായ മക്കയിലെത്താം. മുഹാജിറുകളുടെ മനസ്സിൽ ആവേശം അലതല്ലുന്നു. സുപരിചിതമായ പ്രദേശങ്ങൾ കണ്ടുതുടങ്ങി. ജന്മനാട്ടിലേക്കെത്തുകയായി. പിറന്നുവീണ ഭൂമി. കളിച്ചു വളർന്ന മണ്ണ്. മനസ്സിൽ ഒരായിരം ഓർമകൾ തിളങ്ങുന്നു...
അപ്പോഴാണു മക്കയിൽ നിന്നുള്ള വാർത്ത വന്നത്..!!