അബൂ ബസ്വീർ(റ). ഹുദയ്ബിയ്യ സന്ധിക്കു ശേഷം ഇസ്ലാംമതം സ്വീകരിച്ചു മദീനയിൽ വന്ന മക്കക്കാരൻ.
ബന്ധുക്കൾ മദീനയിലെത്തി. പ്രവാചകനെ (ﷺ) സമീപിച്ചു. അബൂബസ്വീറിനെ തങ്ങളുടെകൂടെ വിട്ടയയ്ക്കണമെന്ന് അപേക്ഷിച്ചു. “ഇവരെന്നെ അടിച്ചുകൊല്ലും. അല്ലാഹുവിന്റെ പ്രവാചകരേ, എന്നെ അവരുടെ കൂടെ അയക്കരുതേ..!”
“സന്ധി വ്യവസ്ഥയനുസരിച്ച് ഇവനെ വിട്ടുതരണം.” അബൂ ബസ്വീറിനെ കൊണ്ടുവരാൻ വന്ന രണ്ടുപേരും
വാദിച്ചു...
പ്രവാചകൻ ﷺ ഇങ്ങനെ പറഞ്ഞു: “അബൂബസീർ, ഞങ്ങളും ഖുറയ്ശികളും തമ്മിൽ ഒരു കരാറുണ്ട്. മക്കയിൽ നിന്ന് ഇസ്ലാംമതം വിശ്വസിച്ചു മദീനയിൽ
വരുന്നവരെ അങ്ങോട്ടു മടക്കി അയയ്ക്കാമെന്നാണു കരാർ. നീ
ഇവരുടെ കൂടെ മക്കയിലേക്കു പോകണം.”
“അല്ലാഹുവിന്റെ റസൂലേ, ക്രൂരമായി മർദിക്കാൻ വേണ്ടി എന്നെ ഇവർക്കു വിട്ടുകൊടുക്കുകയാണോ..?”
“അബൂബസ്വീർ ക്ഷമിക്കൂ. അൽപകാലംകൂടി ക്ഷമിക്കൂ... മക്കയിൽ നിങ്ങളെപ്പോലെ പ്രയാസമനുഭവിക്കുന്ന പലരുമുണ്ട്.
അല്ലാഹു ﷻ നിങ്ങൾക്കൊരു മാർഗം തുറന്നുതരും. അതുവരെ കാത്തിരിക്കുക, ക്ഷമിക്കുക.”
അബൂബസ്വീർ നബിﷺതങ്ങളുടെ വാക്കുകൾ കേട്ടു. അവരോടൊപ്പം പോയി. കടുത്ത ദുഃഖത്തോടെ. മക്കയിലെത്തിയാൽ തന്റെ അവസ്ഥയെന്താണ്..? എന്തുമാത്രം
മർദനം സഹിക്കണം..!!
മർദനത്തിന്റെ കാഠിന്യത്താൽ വിശ്വാസം ഇളകിപ്പോകുമോ..?!
മനസിൽ രോഷം അരിച്ചു കയറി. പിന്നെന്നും ചിന്തിക്കാൻ കഴിഞ്ഞില്ല. തന്റെ കൂടെയുള്ള രണ്ടുപേരിൽ ഒരാളുടെ മേൽ ചാടിവീണു. അയാളുടെ വാൾ കൈവശപ്പെടുത്തി.
ഒരൊറ്റ വെട്ട്. അയാളുടെ കഥ കഴിഞ്ഞു. രണ്ടാമൻ ജീവനും കൊണ്ടോടി.
അബൂബസ്വീർ വീണ്ടും മദീനയിലേക്കു തിരിച്ചു. മെല്ലെ മെല്ലെ പ്രവാചകരുടെ (ﷺ) സന്നിധിയിലെത്തി.
“അബൂബസ്വീർ, നിനക്കെന്തു പറ്റി, നിന്നെ ഞാൻ മക്കയിലേക്കയച്ചതായിരുന്നുവല്ലോ?”
“അല്ലാഹുവിന്റെ റസൂലേ, അങ്ങു വാക്കു പാലിച്ചു. എന്നെ മക്കയിലേക്കയച്ചു. ഞാൻ ആത്മരക്ഷക്കുവേണ്ടി ഓടിപ്പോന്നു.”
“പക്ഷേ, നീ ഇവിടെ നിന്നാൽ പറ്റില്ല.”
“ഞാൻ എവിടെയെങ്കിലും പോയ്ക്കൊള്ളാം.”
അബൂബസ്വീർ മദീന വിട്ടുപോയി. ശാമിലേക്കുള്ള പാതയുടെ സമീപം ഈസ് എന്ന സ്ഥലത്തു ചെന്നു താമസമാക്കി. ഇസ്ലാം മതം സ്വീകരിച്ച കാരണത്തിൽ മർദിക്കപ്പെടുന്ന ചിലർ അബുബസ്വീറിന്റെ കഥ കേട്ടു. അവർക്കു വലിയ ആവേശമായി. ചിലർ തടവിൽ നിന്നു കയർ പൊട്ടിച്ചോടി.
ചിലരെ വഴിയിൽ പിടികൂടി. മറ്റു ചിലർ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവർ അബൂബസ്വീറിന്റെ സമീപത്തെത്തി. അങ്ങനെ ഒരു കൂട്ടമായി. ദിവസങ്ങൾ കഴിയുന്തോറും ആ കൂട്ടം വലുതായി. ശക്തമായ ഇസ്ലാമിക പ്രവർത്തനം.
അബൂജൻദൽ(റ) ഈ വിവരമറിഞ്ഞു. പിന്നെ ഒട്ടും താമസിച്ചില്ല. അബൂജൻദലും പാർട്ടിയും മക്കയിൽ നിന്ന് ഓട്ടമായിരുന്നു...
അവർ അബൂബസ്വീറിന്റെ ക്യാമ്പിലെത്തി. അബൂജൻദൽ(റ)കൂടി എത്തിയതോടെ അവർ വലിയൊരു
ശക്തിയായി മാറി. ഖുറയ്ശികളോട് ഒരു കൈ നോക്കാമെന്ന നില വന്നു. ഖുറയ്ശികളുടെ ഖാഫില ഇതുവഴി വരട്ടെ. കാണിച്ചുകൊടുക്കാം. കച്ചവടസംഘം അതുവഴിയാണു ശാമിലേക്കു പോകുക...
സീസൺ എത്തിക്കഴിഞ്ഞു. കച്ചവടസംഘം അതുവഴി വന്നു. അബൂ ബസ്വീറിന്റെ സംഘം അവരെ ആക്രമിച്ചു. ഹുദയ്ബിയ്യാ സന്ധിയനുസരിച്ച് ആക്രമണം പാടില്ല. പക്ഷേ, ഇക്കൂട്ടർക്ക് എന്തു സന്ധി, സന്ധിയും ഇവരും തമ്മിൽ എന്തുബന്ധം..!!
ഇവരെ മക്കയിൽ തടഞ്ഞതാണു തെറ്റ്. ഇവർ മദീനയിൽ താമസിച്ചിരുന്നെങ്കിൽ സന്ധിക്കെതിരിൽ നീങ്ങുമായിരുന്നില്ല. സന്ധി വ്യവസ്ഥയിൽ നിന്ന് ഈ നിബന്ധന നീക്കണം. ഒരു ദൗത്യസംഘത്തെ മദീനയിലേക്കയയ്ക്കണം.
“മക്കയിൽ നിന്ന് ആരെങ്കിലും ഇസ്ലാം മതം സ്വീകരിച്ചു മദീനയിൽ വന്നാൽ അവരെ തിരിച്ചയയ്ക്കാൻ പാടില്ല. അവരെ മദീനയിൽ തന്നെ നിറുത്തണം.” ഈ ആവശ്യവുമായി ഖുറയ്ശികൾ പ്രവാചകനെ (ﷺ) സമീപിച്ചു. പ്രവാചകൻ ﷺ അതു സ്വീകരിച്ചു.
ഇസ്ലാം മതം സ്വീകരിച്ച കാരണത്താൽ മക്കയിൽ കിടന്നു കഷ്ടപ്പെടുന്ന മുഴുവൻ പേരെയും മദീനയിലേക്കയയ്ക്കാൻ പ്രവാചകൻ ﷺ ആവശ്യപ്പെട്ടു.
ഖുറയ്ശികൾ സന്തോഷത്തോടെ അവരെ അയച്ചു. മുസ്ലിംകളാവട്ടെ വലിയ ആഹ്ലാദത്തോടെ പ്രവാചക (ﷺ) സന്നിധിയിലേക്കുകുതിച്ചു...
സ്വഹാബത്തിനു വലിയ അതിശയം തോന്നി. ഹുദയ്ബിയ്യ സന്ധി ഒരു വൻവിജയം തന്നെ. അവർക്കു ബോധ്യമായി. അബൂജൻദൽ(റ), അബൂബസ്വീർ(റ) എന്നിവരെ കാണുമ്പോൾ സ്വഹാബികളുടെ അതിശയം വർധിക്കും...
അല്ലാഹുﷻവിനു സ്തുതി,