സ്വഹാബികൾ കടുത്ത നിരാശയിലാണ്. ഖുറയ്ശികളുടെ മുമ്പിൽ ഇങ്ങനെ കീഴടങ്ങിക്കൊടുക്കേണ്ട വല്ല ആവശ്യവുമുണ്ടോ..?
അൽപം കഴിഞ്ഞു പ്രവാചകൻ ﷺ തന്റെ അനുയായികളോട് ഇങ്ങനെ കൽപിച്ചു:
“മൃഗങ്ങളെ ബലിയറുക്കുക. തലമുടി നീക്കുക.”
പ്രവാചകന്റെ (ﷺ) നിർദേശം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല സ്വഹാബികൾ. അവരുടെ ചെവിയിൽ അപ്പോഴും അബൂജൻദലിന്റെ നിലവിളി മുഴങ്ങുകയായിരുന്നു...
ആരും ഒന്നും ചെയ്യുന്നില്ലെന്നു കണ്ടപ്പോൾ പ്രവാചകനു (ﷺ) നിരാശ തോന്നി. വലിയ വിഷമത്തോടെ ഉമ്മുസലമ(റ)യെ കാണാൻ ചെന്നു. ഉമ്മുസലമ(റ) മുഖത്തേക്കു നോക്കി. നബിﷺയുടെ മനസ്സിലെ വിഷമം അവർ വായിച്ചു.
“ഞാൻ കൽപിച്ചു. അവർ അനുസരിച്ചില്ല.” - പ്രവാചകൻ ﷺ ഉമ്മുസലമ(റ)യോടു പറഞ്ഞു.
“അവിടുന്ന് ആശ്വസിച്ചാലും അല്ലാഹുവിന്റെ റസൂലേ, ഇങ്ങനെ വിഷമിക്കരുത്. അവരോടു പൊറുക്കുക. മുസ്ലിംകൾ വളരെ ദുഃഖിതരാണ്. സന്ധിവ്യവസ്ഥകൾ അവരെ വല്ലാതെ നിരാശരാക്കിയിരിക്കുന്നു. എന്തൊരു പ്രതീക്ഷയോടെ വന്നതാണ്. മക്കയിൽ പ്രവേശിക്കാതെ തിരിച്ചുപോകുന്നതിലുള്ള ദുഃഖമാണവർക്ക്. അങ്ങ് എന്താണു ചെയ്യാനുദ്ദേശിച്ചത് അതു നിർവഹിക്കുക. അപ്പോൾ അവരും ചെയ്തുകൊള്ളും.”
ഉമ്മുസലമ(റ)യുടെ വാക്കുകൾ നബിﷺക്ക് ആശ്വാസമായി. അവിടുന്നു മൃഗത്തെ ബലിയറുത്തു. തലമുടി പറ്റെ വടിച്ചുകളഞ്ഞു. ഇതു കണ്ടു മുസ്ലിംകളും ബലിയറുക്കുകയും മുടിയെടുക്കുകയും ചെയ്തു. ചിലർ തല മുണ്ഡനം ചെയ്തു. മറ്റു ചിലർ മുടി വെട്ടി...
“മുടി വടിച്ചവരെ അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ” പ്രവാചകൻ ﷺ
പ്രാർത്ഥിച്ചു.
“അല്ലാഹുﷻവിന്റെ റസൂലേ, മുടി വെട്ടിയവരെയും” - ആളുകൾ പറഞ്ഞു.
മുടി വെട്ടിയവർക്കുവേണ്ടിയും പ്രാർത്ഥിക്കാൻ അപേക്ഷിച്ചു.
മുടി കളഞ്ഞവർക്കുവേണ്ടി മൂന്നു തവണ പ്രാർത്ഥിച്ചു. നാലാം തവണ മുടി വെട്ടിയവർക്കുവേണ്ടിയും പ്രാർത്ഥിച്ചു.
പിന്നെയും മൂന്നു ദിവസംകൂടി അവർ ഹുദയ്ബിയ്യയിൽ താമസിച്ചു. തുടർന്നു മദീനയിലേക്കു മടങ്ങി...
ഹുദയ്ബിയ്യ ഉടമ്പടിയെക്കുറിച്ചു മനസ്സിൽ അപ്പോഴും വിഷമമുണ്ടായിരുന്നു. വഴിക്കുവച്ച് ജിബ്‌രീൽ (അ) ഇറങ്ങി. ദിവ്യബോധനം.
“അല്ലാഹു ﷻ വ്യക്തമായ വിജയം നൽകിയിരിക്കുന്നു.” വിശുദ്ധ ഖുർആൻ ഹുദയ്ബിയ്യ സന്ധിയെ അങ്ങനെയാണു വിശേഷിപ്പിച്ചത്...
ഫത്ഹുൽ മുബീൻ വ്യക്തമായ വിജയം. സ്വഹാബികൾക്കതു മനസിലായില്ല. ഖുറയ്ശികൾ മുസ്ലിംകളുമായൊരു കരാറുണ്ടാക്കിയിരിക്കുകയാണല്ലോ. രണ്ടു ശക്തികൾ തമ്മിലാണല്ലോ കരാറുണ്ടാക്കുക. മുസ്ലിംകളെ ഒരു ശക്തിയായി ഖുറയ്ശികൾ അംഗീകരിച്ചിരിക്കുന്നു. അത് ഒരു നേട്ടം തന്നെയാണ്.
മദീനയിൽ എത്തിയശേഷം സമാധാനത്തോടെ ഏറെനാൾ ജീവിക്കാൻ കഴിഞ്ഞിട്ടില്ല. ഏതാനും കൊല്ലത്തേക്കു യുദ്ധമില്ലാ
കരാർ നിലവിൽ വന്നു. യുദ്ധ ചിന്തകളില്ലാതെ മതപ്രചരണത്തിലും സാമുഹിക സംസ്കരണ പ്രവർത്തനങ്ങളിലും ശ്രദ്ധ
കേന്ദ്രീകരിക്കാം.
ദീൻ പ്രചരിപ്പിക്കാനും, ഇബാദത്തെടുക്കാനും കൂടുതൽ
സമയം കിട്ടും. ഇതൊക്കെ സന്ധിയുടെ നേട്ടങ്ങളാണ്. ദൂതന്മാരായി വന്നവർക്കൊക്കെ മുസ്ലിംകളെ കുറിച്ചു നല്ല മതിപ്പാണ്.
ഇസ്ലാമിനെ കുറിച്ചു കൂടുതൽ പഠിക്കാൻ അവരൊക്കെ ശ്രമിക്കും. വമ്പിച്ച നേട്ടങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.
ഫത്ഹുൽ മുബീൻ. വ്യക്തമായ വിജയം...