Wednesday - 22 April, 2026 4-Dhu al-Qadah-1447

ദുന്നൂറയ്ൻ (2)



   നാളുകൾക്കു ശേഷം പ്രവാചകൻ ﷺ മദീനയിൽ എത്തിയ വിവരം അബ്സീനിയായിലറിഞ്ഞു. ഉസ്മാൻ(റ) ഭാര്യയോടൊപ്പം മദീനയിലെത്തി. മകളും പിതാവും കണ്ടുമുട്ടി. ആശ്വാസം.


 ബദ്റിന്റെ വിളി മുഴങ്ങി. നബി ﷺ തങ്ങളും സ്വഹാബികളും ബദ്റിലേക്കു പോകുന്നു. റുഖിയ്യക്കു രോഗം പിടിച്ചു. ഭാര്യയെ പരിചരിക്കാൻ ഉസ്മാൻ(റ) മദീനയിൽ നിൽക്കട്ടെയെന്നു പ്രവാചകൻ ﷺ നിർദേശിച്ചു.


 എല്ലാവരും ബദ്റിലേക്കു പോയി. റുഖിയ്യയുടെ രോഗം വർധിച്ചു. അവർ മരണമടഞ്ഞു. പിതാവ് ബദ്റിലാണ്. കാത്തിരിക്കാനാവില്ല. മയ്യിത്തു ഖബറടക്കി. അപ്പോൾ ബദ്റിൽനിന്നു സന്തോഷവാർത്ത - യുദ്ധം ജയിച്ചു.


 ഉസ്മാൻ(റ) കടുത്ത നിരാശയിൽ പെട്ടു. പ്രവാചക പുത്രി മരണപ്പെട്ടു. ആ നിലയ്ക്കുള്ള ബന്ധം പോയി. ഓർത്തോർത്തു ദുഃഖിക്കുന്നു. ആ ദുഃഖം നബിﷺതങ്ങൾ കണ്ടു...


 തന്റെ പ്രിയപുത്രി ഉമ്മുകുൽസൂമിനെ ഉസ്മാൻ(റ)വിനു വിവാഹം ചെയ്തുകൊടുത്തു.

അവർ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചു. ഉസ്മാൻ(റ)വിനോടൊപ്പം ഉമ്മുകുൽസൂം(റ) ആറു വർഷക്കാലം ജീവിച്ചു.


 പ്രവാചകൻ ﷺ മകളെ കാണാൻ പോകും. വിവരങ്ങളന്വേഷിക്കും. സദുപദേശങ്ങൾ നൽകും. ആ ദാമ്പത്യ ജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. ഹിജ്റ ഒമ്പതാം വർഷം. ഉമ്മുകുൽസൂം ഈ ലോകത്തോടു യാത്ര പറയുകയാണ്...


ഉസ്മാൻ(റ) ഏകനായി. നബി ﷺ തങ്ങൾക്കു കനത്ത ദുഃഖം. മയ്യിത്തു ഖബറിലേക്കിറക്കുമ്പോൾ നബി ﷺ തങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.


 നബിﷺതങ്ങളുടെ രണ്ടു മക്കളെ വിവാഹം ചെയ്തതിനാൽ ഉസ്മാൻ(റ)വിന് ഒരു സ്ഥാനപ്പേരു കിട്ടി. “ദുന്നൂറയൻ” - രണ്ടു പ്രകാശങ്ങളുടെ ഉടമ.


 ഉസ്മാൻ(റ) വീണ്ടും ദുഃഖാകുലനായി. ആ ദുഃഖം കണ്ടു പ്രവാചകൻ ﷺ പറഞ്ഞു: “എനിക്കു വേറെയും പെൺമക്കളുണ്ടായിരുന്നെങ്കിൽ ഉസ്മാനു വിവാഹം ചെയ്ത് കൊടുക്കുമായിരുന്നു.”