Wednesday - 22 April, 2026 4-Dhu al-Qadah-1447

നബിﷺയുടെ ദൂതൻ (1)

   മുഹമ്മദിനെ (ﷺ) മക്കയിൽ പ്രവേശിപ്പിക്കരുത്. ഹുദയ്ബിയ്യയിൽ

നിന്നു മടക്കി അയയ്ക്കണം. അതേക്കുറിച്ചു ചർച്ച ചെയ്യാൻ

ഒരാളെ അയയ്ക്കാം. അഹാബീഷ് ഗോത്രനായകനെ നിയോഗിച്ചു.


 അഹാബീഷ് ഗോത്രക്കാർ അമ്പെയ്യുന്നതിൽ നിപുണരാണ്. ഉന്നം തെറ്റാതെ അമ്പ് എയ്തുവിടും. ഖുറയ്ശികളുടെ സഖ്യകക്ഷിയുമാണ്.

അവരുടെ നേതാവാണ് ഹുലയ്സ്.

ഹുലയ്സ് മുസ്ലിം ക്യാമ്പിലെത്തി.

നബി ﷺ അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിച്ചു.


 “അദ്ദേഹം ബലിമൃഗങ്ങളെ ആദരിക്കുന്ന ആളാണ്. നമ്മുടെ

ബലിമൃഗങ്ങളെ അദ്ദേഹത്തിനു കാണിച്ചു കൊടുക്കൂ...” 


 എഴുപത് ഒട്ടകങ്ങൾ അദ്ദേഹത്തിന്റെ മുമ്പിൽ അണിനിരന്നു. അദ്ദേഹത്തിന്റെ മനസു മാറി. ഖുറയ്ശികൾ ചെയ്യുന്നതു ന്യായമല്ലെന്നു ബോധ്യപ്പെട്ടു...


 “നിങ്ങൾ ഉംറക്കുവേണ്ടി മാത്രം വന്നവരാണെന്നും കഅ്ബ

സന്ദർശിക്കാൻ അനുവദിക്കണമെന്നും ഖുറയ്ശികളോടു പറയാം...” ഹുലയ്സ് തിരിച്ചുപോയി. മുസ്ലിംകൾ അനുകൂല മറുപടി കാത്തിരുന്നു...


 ഹുലയ്സ് ഖുറയ്ശികളോട് ഇങ്ങനെ പറഞ്ഞു: “ആ വിഭാഗത്തെ നിങ്ങൾ തടയരുത്. അവർ ഉംറ ഉദ്ദേശിച്ചു

വന്നവരാണ്. ലഖ്മ ഗോത്രവും ജുദാം ഗോത്രവും ഹിംയർ ഗോത്രവും ഇവിടെ വന്നു ഹജ്ജ് ചെയ്യുക. അബ്ദുൽ മുത്വലിബിന്റെ മകനെ അതിൽനിന്നു തടയുകയും ചെയ്യുക. കഅ്ബയുടെ നാഥൻ തന്നെയാണ് സത്യം. ഇതു ദ്രോഹമാണ്. ഉംറക്കുവേണ്ടി വന്ന ആ ജനതയെ തടഞ്ഞാൽ ഖുറയ്ശികൾക്കു നാശം...”


 ഖുറയ്ശികൾ ഇടക്കു കയറി പറഞ്ഞു: “ഹുലയ്സ്, താങ്കൾ അവിടെ ഇരിക്കൂ..! താങ്കൾ വെറുമൊരു ഗ്രാമീണനാണ്. അവരുടെ യുദ്ധതന്ത്രങ്ങൾ താങ്കൾക്കു മനസിലായിട്ടില്ല.” 

 ഹുലയ്സ് നിരാശനായി...


 ഖുറയ്ശികൾ നാലാമതൊരു ദൂതനെകൂടി മുസ്ലിം ക്യാമ്പിലേക്കയച്ചു. അയാൾ വളരെ തന്ത്രശാലിയായിരുന്നു...


 നേരത്തെ പോയ മൂന്നു ദൗത്യസംഘത്തെയും മുസ്ലിംകൾ

സന്തോഷപൂർവം സ്വീകരിച്ചു. അവർക്കെല്ലാം മുസ്ലിംകളെപ്പറ്റി നല്ല മതിപ്പാണ്. താൻ മറ്റൊരു രീതി സ്വീകരിക്കണം. പ്രകോപിപ്പിക്കാൻ

നോക്കണം. അപ്പോൾ മാത്രമേ ഉള്ളിലിരിപ്പു പുറത്തുവരികയുള്ളൂ...


 ഉർവത് ബ്നു മസ്ഊദ്. ഖുറയ്ശികളുടെ പുതിയ ദൂതൻ മുസ്ലിം ക്യാമ്പിലെത്തി. പ്രവാചകനോട് (ﷺ) ഇപ്രകാരം ചോദിച്ചു:


 “ഈ ജനതയെയും കൊണ്ടാണോ താങ്കൾ യുദ്ധത്തിനു വന്നത്. ഇവരെ എന്തിനു കൊള്ളാം. സ്വന്തം ബന്ധുക്കൾക്കെതിരെ യുദ്ധം ചെയ്യാനാണോ താങ്കൾ വന്നത്..? പുണ്യമക്കാപട്ടണത്തെ യുദ്ധം ചെയ്ത് തകർക്കാനാണോ താങ്കൾ വന്നത്..? പറയൂ മുഹമ്മദ്..!”


 സ്വഹാബികൾക്ക് അയാളുടെ സംസാരരീതി തീരെ പിടിച്ചില്ല. പലരും രോഷം കൊള്ളുന്നു. ഇതെന്തൊരപമാനം... 


 സംസാരിക്കുന്നതിനിടയിൽ പ്രവാചകരുടെ (ﷺ) താടിയിൽ തട്ടാൻ അയാൾ ശ്രമിക്കുന്നു. അയാളുടെ കരം താടിക്കുനേരെ നീണ്ടുവരുമ്പോഴെല്ലാം മുഗീറത് ബ്നു ശുഅ്ബ(റ) അതു തട്ടിക്കളയുന്നുണ്ട്.


 “യുദ്ധം ചെയ്ത് മക്കാപട്ടണം നശിപ്പിച്ചു എന്നു കരുതുക. ഈ ജനത നിന്നെ കൈവെടിയുകയും ചെയ്തു. പിന്നെ എന്തായിരിക്കും താങ്കളുടെ അവസ്ഥ..!” ഉർവ ചോദിച്ചു...


 നബിﷺതങ്ങൾ ക്ഷമയോടെ എല്ലാം കേട്ടു. ക്ഷമയോടെ തന്നെ തങ്ങളുടെ യാത്രയുടെ ലക്ഷ്യം വിവരിച്ചു...