Saturday - 13 June, 2026 26-Dhu al-Hijjah-1447

സന്ദേശവാഹകർ പുറപ്പെടുന്നു (3)

ബഹ്റയ്ൻ രാജാവായിരുന്നു മുൻദിർ ബ്നു സാവക്ക്. അദ്ദേഹത്തിനു നബി ﷺ തങ്ങളുടെ കത്തു കിട്ടി. കത്തു വായിച്ചതോടെ മുൻദിറിന്റെ മനസ്സിൽ ഈമാന്റെ പ്രകാശം പരന്നു. മുൻദിർ ഇസ്ലാം സ്വീകരിച്ചു...


 അദ്ദേഹം ഇങ്ങനെ മറുപടി എഴുതി: “അല്ലാഹുവിന്റെ റസൂലേ, ഞാൻ കത്ത് എല്ലാവരെയും വായിച്ചു കേൾപ്പിച്ചു. ബഹ്റയ്ൻ നിവാസികൾ അതു കേട്ടു. അവരിൽ ഒരു വിഭാഗം ഇസ്ലാമിനെ ഇഷ്ടപ്പെടുന്നു. അവർ ഇസ്ലാം മതം സ്വീകരിച്ചു. അവരുടെ എണ്ണം അധികരിക്കുന്നു. മറ്റൊരു വിഭാഗം ഇസ്ലാം സ്വീകരിക്കാൻ തയ്യാറായിട്ടില്ല. ഇന്നാട്ടിൽ ജൂതന്മാരും മജൂസികളുമുണ്ട്. അവരുടെ കാര്യത്തിൽ എന്തു നിലപാടു സ്വീകരിക്കണം.”


 ബഹ്റയ്ൻ രാജാവിന്റെ കത്തു കിട്ടിയപ്പോൾ നബിﷺതങ്ങൾക്കു വളരെ സന്തോഷമായി. പ്രവാചകൻ ﷺ ഉടനെത്തന്നെ അദ്ദേഹത്തിനു മറുപടി എഴുതി. ബിസ്മി എഴുതി. സലാം എഴുതി. അല്ലാഹുﷻവിനെ സ്തുതിച്ചു. അതിനു ശേഷം ഇങ്ങനെ എഴുതി:


“തന്റെ ആത്മാവിനു നന്മ ലഭിക്കണമെന്നാഗ്രഹിക്കുകയും

എന്റെ ദൂതന്മാരുടെ ഉപദേശങ്ങൾ പിൻപറ്റുകയും ചെയ്യുന്നവർ എന്നെ അനുസരിച്ചു. അവർക്കു നന്മ ആഗ്രഹിക്കുന്നവർ എനിക്കും നന്മ ആഗ്രഹിക്കുന്നവരാണ്. എന്റെ ദൂതന്മാർ താങ്കളെ പുകഴ്ത്തിപ്പറഞ്ഞു. താങ്കളുടെ

ജനതയ്ക്കു വേണ്ടി ഞാൻ ശിപാർശ ചെയ്യും.


 താങ്കളുടെ നാട്ടിലെ മുസ്ലിംകളെ ഇസ്ലാംമതം അനുസരിച്ചു ജീവിക്കാൻ അനുവദിക്കുക. തെറ്റു ചെയ്തവർക്കു മാപ്പു നൽകുകയും അവരിൽ നിന്നുള്ള നന്മകൾ അംഗീകരിക്കുകയും ചെയ്യുക.


 താങ്കൾ നന്മ പ്രവർത്തിക്കുന്ന കാലത്തോളം അധികാരത്തിൽ തുടരുക. നാം താങ്കളെ അധികാരത്തിൽ നിന്നു നീക്കുകയില്ല. ജൂതന്മാരും മജൂസികളും അവരുടെ മതത്തിൽ തന്നെ തുടരുന്ന കാലത്തോളം അവരിൽനിന്ന് സംരക്ഷണനികുതി ഈടാക്കേണ്ടതാകുന്നു.” കത്തു സീൽ ചെയ്തു ബഹ്റയ്ൻ രാജാവിന് അയച്ചുകൊടുത്തു.


 ഒമാൻ രാജാക്കന്മാർക്കും കത്തുകൾ അയയ്ക്കുകയുണ്ടായി. അംറ് ബ്നുൽ ആസ് എന്ന സ്വഹാബിവര്യൻ പ്രവാചകരുടെ (ﷺ) കത്തുമായി ഒമാനിലെത്തി. അവിടുത്തെ ഭരണാധികാരിയുടെ പേര് അബ്ദു എന്നായിരുന്നു.


 അദ്ദേഹം കത്തു വായിച്ച ശേഷം ചോദിച്ചു: “എന്തൊക്കെയാണു നിങ്ങളുടെ പ്രവാചകന്റെ പ്രധാന ഉപദേശങ്ങൾ..?”


 അംറുബ്നുൽ ആസ് പ്രധാന ഉപദേശങ്ങൾ വിവരിച്ചുകൊടുത്തു:

 “ഏകനായ അല്ലാഹുﷻവിനെ ആരാധിക്കാൻ കൽപിക്കുന്നു.

അവന്റെ കൽപനകൾ അവഗണിക്കരുത്. നന്മ ചെയ്യണം. കുടുംബബന്ധങ്ങൾ പാലിക്കണം. അക്രമം, ശത്രുത, മദ്യപാനം,

ബിംബാരാധന എന്നിവ നിരോധിക്കുന്നു.” ഉപദേശങ്ങൾ പിന്നെയും തുടർന്നു...


 എല്ലാം കേട്ടുകഴിഞ്ഞപ്പോൾ രാജാവു പറഞ്ഞു: “ഈ ഉപദേശങ്ങൾ എത്ര നല്ലതാണ്. എന്റെ സഹോദരൻ

അനുകൂലിക്കുമെങ്കിൽ ഞാൻ പ്രവാചകനിൽ (ﷺ) വിശ്വസിക്കുമായിരുന്നു. അധികാരക്കൊതിയനായ എന്റെ സഹോദരൻ വിശ്വസിക്കുമോ ആവോ..?”


 “താങ്കളുടെ സഹോദരൻ ഇസ്ലാം സ്വീകരിക്കുമെങ്കിൽ അധികാരത്തിൽ തുടരാം. അദ്ദേഹം ധനികരിൽ നിന്നു സക്കാത്ത് വാങ്ങി ദരിദ്രർക്കു കൊടുക്കണം.”


“അതു നല്ല സമ്പ്രദായം തന്നെ. എന്താണു സക്കാത്ത്..?”


അംറുബ്നുൽ ആസ് സക്കാത്തിനെപ്പറ്റി വിശദീകരിച്ചു. അബ്ദുവിന്റെ സഹോദരന്റെ പേര് ജയ്ഫർ എന്നായിരുന്നു. രണ്ടു സഹോദരന്മാരും ഇസ്ലാം മതം സ്വീകരിച്ചു...


 ഇസ്ലാമിലേക്കു ക്ഷണിച്ചു കൊണ്ടുള്ള കത്തുകൾ നബിﷺതങ്ങൾ പല ഭാഗത്തേക്കും അയയ്ക്കുകയുണ്ടായി. ചക്രവർത്തിമാർക്കും രാജാക്കന്മാർക്കും ഗവർണർമാർക്കും ഗോത്രത്തലവന്മാർക്കുമെല്ലാം കത്തുകൾ കിട്ടി.


 പ്രവാചകനിൽ (ﷺ) നിന്നൊരു കത്തു കിട്ടുന്നത് വലിയൊരു പദവിയായി പലരും കരുതി. ചില ധിക്കാരികൾ മാത്രം കത്ത് അവഗണിച്ചു...


 പലരും ഇസ്ലാമിനെക്കുറിച്ച് അന്വേഷിച്ചറിയാൻ വലിയ താൽപര്യം കാട്ടി. ഇസ്ലാമിക തത്വങ്ങൾ മനസ്സിലാക്കി ശഹാദത്തു കലിമ ചൊല്ലി. അങ്ങനെ ഇസ്ലാം പേർഷ്യൻ കൊട്ടാരത്തിലും റോമിലെ കൊട്ടാരത്തിലുമൊക്കെ സംസാരവിഷയമായി. ഒരു ലോക മതമായി ഇസ്ലാം വളരുകയാണ്...