ജൂതന്മാർ ഇപ്പോൾ ഖില്ല കോട്ടക്കകത്താണുള്ളത്. പുറത്തു
വരുന്നില്ല. മൂന്നു ദിവസം കോട്ട ഉപരോധിച്ചു. ആരും പുറത്തു വരുന്നില്ല.
നാലാം ദിവസം ജൂതന്മാരുടെ ജലാശയം മുസ്ലിംകൾ കണ്ടെത്തി. ജലാശയത്തിനു കാവൽ ഏർപെടുത്തി. ജൂതന്മാർക്കു വെള്ളം കിട്ടാൻ മാർഗമില്ലാതായി. വെള്ളത്തിനുവേണ്ടി പൊരുതുകയല്ലാതെ നിവൃത്തിയില്ല.
ഖില്ല കോട്ടയിൽ നിന്നു യോദ്ധാക്കൾ പുറത്തുവന്നു. യുദ്ധം പെട്ടെന്നു ശക്തമായി. യുദ്ധം ജൂതന്മാർക്കു പ്രതികൂലമായിരുന്നു. ഖില്ല കോട്ട മുസ്ലിംകൾ പിടിച്ചെടുത്തു. അവർ
ശഖ് കോട്ടയിലേക്കു പിന്മാറി.
ശഖ് കോട്ടയ്ക്കുവേണ്ടി ശക്തമായി പോരാട്ടം നടന്നു. ഒടുവിൽ ആ കോട്ടയും കീഴടക്കി.
ബരീഅ് എന്ന സ്ഥലത്തുവച്ചു യുദ്ധം തുടർന്നു. ബരീഇലുള്ളവർ അസ്ത്രവിദ്യയിൽ മിടുക്കന്മാരാണ്.
മുസ്ലിംകളിൽ പലർക്കും അമ്പുകൊണ്ടു. ഒരു തവണ റസൂൽ ﷺ തങ്ങൾക്കും അമ്പേറ്റു. നീണ്ട യുദ്ധത്തിനുശേഷം ബരീഇൽ നിന്നും ജൂതന്മാർ പിന്മാറി.
പിന്നീടു യുദ്ധം നടന്നത് കസീബയിലാണ്. അവിടെയും പല കോട്ടകൾ ഉണ്ടായിരുന്നു. ഖമൂസ് കോട്ട വളരെ പ്രധാനപ്പെട്ടതാണ്. അതു മുസ്ലിംകൾ കൈവശമാക്കി. ഇരുപതു ദിവസം ജൂതന്മാർ ചെറുത്തുനിന്നു. അലി(റ)വിന്റെ നേതൃത്വത്തിൽ ഉഗ്രസമരം നടന്നു. ജൂതന്മാരെ പരാജയപ്പെടുത്തി.
ജൂതനേതാവായ ഹുയയ്യിന്റെ മകൾ സ്വഫിയ്യയെ പിടികൂടിയത് ഈ കോട്ടയിൽ വച്ചായിരുന്നു.
വത്വീഹ്, സുലാലിം എന്നീ കോട്ടകളും മുസ്ലിംകൾ കീഴടക്കി. ഈ കോട്ടകളിൽ നിന്നു വമ്പിച്ച സ്വത്തു കിട്ടി. നൂറ് അങ്കി, നാനൂറു വാൾ, ആയിരം കുന്തം, അഞ്ഞൂറ് വില്ല്, തൗറാതിന്റെ കോപ്പികൾ, ആഭരണങ്ങൾ എന്നിവയാണു കിട്ടിയത്.
തൗറാതിന്റെ കോപ്പികൾ ജൂതന്മാർക്കു തന്നെ നൽകി...
ഖയ്ബർ കീഴടങ്ങി. യുദ്ധത്തിൽ പതിനഞ്ചു മുസ്ലിംകൾ ശഹീദായി.
തൊണ്ണൂറ്റി മൂന്ന് ജൂതന്മാർ വധിക്കപ്പെട്ടു.
“ജൂതന്മാർ കീഴടങ്ങിക്കഴിഞ്ഞു. ഇനി അവരോട് ഏറ്റവും മാന്യമായ രീതിയിൽ പെരുമാറണം.” - പ്രവാചകൻ ﷺ ഉപദേശിച്ചു.
“ഞങ്ങൾക്കു ചില അപേക്ഷകൾ സമർപ്പിക്കാനുണ്ട്.” ജൂതന്മാർ പ്രവാചകനോടു (ﷺ) പറഞ്ഞു.
“എന്താണു നിങ്ങൾക്കു പറയാനുള്ളത്? കേൾക്കട്ടെ...”
“ഞങ്ങളുടെ ജീവൻ രക്ഷിക്കണം.”
“നിങ്ങളുടെ ജീവനു യാതൊരു അപകടവുമില്ല.”
“ഞങ്ങളുടെ കൃഷിസ്ഥലം ഞങ്ങൾക്കുതന്നെ വിട്ടുതരണം. ഞങ്ങൾ കൃഷി ചെയ്തു കൊള്ളാം. വിളവിന്റെ പകുതി നിങ്ങൾക്കു തരാം.”
“ഈ അപക്ഷയും സ്വീകരിക്കുന്നു.” ജൂതന്മാർക്കു വലിയ ആശ്വാസം.
ഇക്കാര്യങ്ങളൊക്കെ മുഹമ്മദ് (ﷺ) സമ്മതിക്കുമെന്നു തോന്നിയില്ല എന്നാണവർ പരസ്പരം പറഞ്ഞിരുന്നത്. പറഞ്ഞതെല്ലാം സമ്മതിച്ചു. ഖയ്ബറിൽ തന്നെ താമസിക്കാം. കൃഷി ചെയ്യാം...
സമാധാനം നിലവിൽ വന്നു. മരിച്ചവരെ ഖബറടക്കി. പൊതുവെ എല്ലാം ശാന്തം. അപ്പോഴും പല ജൂതമനസ്സുകളും തിളയ്ക്കുകയായിരുന്നു. പ്രവാചകനെ (ﷺ) എങ്ങനെ നശിപ്പിക്കാമെന്ന് അവർ അപ്പോഴും ചിന്തിക്കുന്നു. സ്ത്രീകൾ പോലും ഈ ചിന്തയിലാണ്.
ജൂതനേതാവാണു സല്ലാം ബ്‌നു മിശ്ക്ക്. അയാളുടെ ഭാര്യ സയ്നബ്. ആ സ്ത്രീക്കു പ്രവാചകനെ (ﷺ) വധിക്കണമെന്നു വല്ലാത്ത വാശി. വഞ്ചിച്ചു കൊല്ലണം. അതിനുള്ള വഴി ചിന്തിച്ചു.
പ്രവാചകനെ (ﷺ) ഒരു സദ്യക്കു ക്ഷണിക്കുക. യുദ്ധം അവസാനിച്ച ശേഷം വളരെ സൗഹാർദത്തിലാണ്. സദ്യക്കു ക്ഷണിച്ചാൽ വരും. വിഷം കലർത്തിയ ആഹാരം കൊടുക്കാം.
ആ യഹൂദ സ്ത്രീ തന്റെ പദ്ധതി നടപ്പാക്കി. നന്നായി പാകം ചെയ്ത ഒരാടിനെ പ്രവാചകനു (ﷺ) കാഴ്ചവച്ചു.
നബി ﷺ തങ്ങൾ ഒരു കഷണം മാംസം വായിലിട്ടു...