മുസ്ലിംകളെ മക്കയിൽ പ്രവേശിക്കാൻ ഖുറയ്ശികൾ അനുവദിക്കില്ല. ശക്തി ഉപയോഗിച്ചു തടയും.
തീർത്ഥാടനം മാത്രമാണു മുസ്ലിംകളുടെ ലക്ഷ്യം. പക്ഷേ, ഖുറയ്ശികൾ അതു വിശ്വസിക്കുന്നില്ല. യുദ്ധത്തിനു തന്നെയാണവർ വരുന്നത്. യുദ്ധസന്നദ്ധരാവുക. ഖുറയ്ശികൾ പ്രഖ്യാപിച്ചു...
ഖന്തഖ് യുദ്ധത്തിൽ ഖുറയ്ശികൾ പരാജയപ്പെട്ടു. അതു മുസ്ലിംകൾക്കു കൂടുതൽ ധൈര്യം നൽകി. മക്കയിലേക്കു കടന്നുവന്ന് ആക്രമണം നടത്താൻ വരെ
അവർ ധൈര്യം കാണിച്ചിരിക്കുന്നു. ഒരു സൈന്യത്തെ പെട്ടെന്നു സജ്ജമാക്കി. രണ്ടു നേതാക്കൾ സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഖാലിദ് ബ്നുൽ വലീദ്, ഇക് രിമത്...
ഈ സൈന്യം ദൂതുവാ എന്ന പ്രദേശത്തേക്കു മാർച്ചു ചെയ്തു. മുസ്ലിംകൾ മക്കയിലേക്കു പ്രവേശിക്കുമ്പോൾ യുദ്ധം ചെയ്യാൻ വേണ്ടി അവിടെ താവളമടിച്ചു.
ഖുറയ്ശി സൈന്യം താവളമടിച്ച പ്രദേശത്തുകൂടി ഇനി
യാത്ര വേണ്ട. “മറ്റൊരു വഴിയിലൂടെ നമ്മെ നയിക്കാൻ ആർക്കു കഴിയും..?” പ്രവാചകൻ ﷺ ചോദിച്ചു.
ഉടനെ അസ്ലം ഗോത്രക്കാരനായ ഒരു
സ്വഹാബി പറഞ്ഞു. “അല്ലാഹുﷻവിന്റെ റസൂലേ, മക്കയിലേക്കുള്ള മറ്റൊരു വഴി എനിക്കറിയാം. അതുവഴി പോകാം...”
ആ അഭിപ്രായം സ്വീകരിക്കപ്പെട്ടു. അദ്ദേഹം കാണിച്ച മാർഗത്തിലൂടെ സഞ്ചരിച്ചു. അൽപം ക്ലേശകരമായിരുന്നു യാത്ര.
ഹുദയ്ബിയ്യ എന്ന സ്ഥലത്തെത്തി...
നബിﷺതങ്ങളുടെ ഒട്ടകത്തിന്റെ പേര് ഖസ് വാഅ് എന്നായിരുന്നു. ഖസ് വാഅ് ഹുദയ്ബിയ്യയിൽ മുട്ടുകുത്തി...
ക്ഷീണം കൊണ്ടായിരിക്കും എന്നു സ്വഹാബികൾ കരുതി. അതിനെ എഴുന്നേൽപിക്കാൻ നോക്കി. പ്രവാചകൻ ﷺ തടഞ്ഞു. ഇപ്രകാരം പറയുകയും ചെയ്തു.
“അത് സ്വയം മുട്ടുകുത്തിയതല്ല. അബ്റഹത്തിന്റെ ആനയെ
തടഞ്ഞവൻ അതിനെയും തടഞ്ഞിരിക്കുകയാണ്.”
ഹുദയ്ബിയ്യയിൽ താവളമടിക്കാൻ നബി ﷺ കൽപിച്ചു.
അനേകം തമ്പുകൾ ഉയർന്നു. ആയിരത്തഞ്ഞൂറു പേർക്കു താമസിക്കാൻ വേണ്ടത്ര തമ്പുകൾ. വെള്ളമില്ലാതെ സ്വഹാബികൾ വിഷമിച്ചു. വല്ലാത്ത ദാഹം..,
നബിﷺതങ്ങൾ ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്തു. അതിൽ തന്റെ വിരലുകൾ വച്ചു.
വിരലുകൾക്കിടയിലൂടെ ഉറവയിൽ നിന്നെന്നപോലെ ശുദ്ധജലം ഒഴുകുന്നു..! എല്ലാവരും ആവശ്യത്തിനു വെള്ളം എടുത്ത് ഉപയോഗിച്ചു. നബിﷺതങ്ങളുടെ മുഅ്ജിസത്ത്..!
മുസ്ലിംകൾ ഹുദയ്ബിയ്യയിൽ താവളമടിച്ചിരിക്കുകയാണെന്നറിഞ്ഞതോടെ ഖുറയ്ശികൾക്കു വെപ്രാളമായി. ഏതാനും ദൂതന്മാരെ മുസ്ലിം ക്യാമ്പിലേക്ക് അയയ്ക്കാൻ ഖുറയ്ശികൾ തീരുമാനിച്ചു.
ബുദയൽ ബ്നു വർഖാഅ് ദൗത്യസംഘത്തിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. അവർ ഹുദയ്ബിയ്യയിലേക്കു പുറപ്പെട്ടു...
പ്രവാചകൻ ﷺ അവരെ സന്തോഷപൂർവം സ്വീകരിച്ചു. നബി ﷺ പറഞ്ഞു: “ഞങ്ങളെ നോക്കു, ഞങ്ങൾ ഉംറയുടെ വേഷത്തിലാണ്.
നിരായുധരുമാണ്. ബലിമൃഗങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. യുദ്ധത്തിനു വന്നതല്ല. ഞങ്ങൾ തീർത്ഥാടകർ മാത്രമാണ്. താങ്കൾ അതിനു സൗകര്യപ്പെടുത്തിത്തരണം. ഉംറ ചെയ്തു ഞങ്ങൾ തിരിച്ചുപോയിക്കൊള്ളാം...”
ബുദയ്ലിനു കാര്യം മനസ്സിലായി. ഖുറയ്ശികൾ വെറുതെ വെപ്രാളം കൂട്ടുകയാണ്. ഇവർക്കു ദുരുദ്ദേശ്യങ്ങളില്ല. ബുദയ്ലും സംഘവും മടങ്ങിപ്പോയി. ഖുറയ്ശികൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു...
നബിﷺതങ്ങളുമായി സൗഹാർദത്തിൽ കഴിയുന്ന ഖുസാഅ ഗോത്രത്തിലെ അംഗമായിരുന്നു ബുദയ്ൽ. അദ്ദേഹം
പറഞ്ഞു: “ഖുറയ്ശി സഹോദരന്മാരേ, മുഹമ്മദും അനുയായികളും ഉംറ മാത്രം ലക്ഷ്യംവച്ചു വന്നതാണ്. അവർ ഉംറയുടെ വേഷത്തിലാണ്. ബലിമൃഗങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. ഒരു യുദ്ധം ലക്ഷ്യംവച്ചിട്ടില്ല. ഇനി നിങ്ങൾ തീരുമാനിക്കുക...
ഖുറയ്ശികൾ ഇങ്ങനെ മറുപടി പറഞ്ഞു: “ഉംറയുടെ പേരു വെറുതെ പറയുകയാണ്. അവൻ മക്ക
അധീനപ്പെടുത്താൻ വന്നതാണ്. അതു നടപ്പില്ല...”
ഖുറയ്ശികൾ മറ്റൊരു ദൂതനെ അയച്ചു. അദ്ദേഹവും മുസ്ലിം ക്യാമ്പിലെത്തി. സത്യാവസ്ഥ മനസിലാക്കി തിരിച്ചുപോയി. മുസ്ലിംകൾ ഒരു യുദ്ധം ലക്ഷ്യംവച്ചിട്ടില്ലെന്നു രണ്ടാമത്തെ ദൂതനും അറിയിച്ചു...
ഖുറയ്ശികൾക്ക് ഇനിയും സംശയം ബാക്കി. മറ്റൊരു ദൂതനെക്കൂടി അയയ്ക്കാൻ തീരുമാനിച്ചു...