ഉർവ പ്രവാചകരുടെയും (ﷺ) അനുയായികളുടെയും ചലനങ്ങൾ
വീക്ഷിച്ചു...
പ്രവാചകൻ ﷺ വുളുഅ് എടുക്കുന്നു. അനുയായികൾ വെള്ളം താഴെ വീഴാതെ ശേഖരിക്കുന്നു. ആ വെള്ളത്തിനു വേണ്ടി മത്സരിക്കുന്നു.
എന്തൊരു കാഴ്ചയാണിത്..!
പ്രവാചകൻ ﷺ നടന്നു വരുമ്പോൾ അവർ ഭവ്യതയോടെ മാറിനിൽക്കുന്നു. എന്തൊരു ബഹുമാനം..!
പ്രവാചകന്റെ ﷺ മുമ്പിൽ വച്ച് അനുയായികൾ പതുക്കെ മാത്രം
സംസാരിക്കുന്നു. എന്തൊരു ആദരവ്.
ഉർവ കോറോസിന്റെ കൊട്ടാരം സന്ദർശിച്ചിട്ടുണ്ട്. എന്തൊരു ആഡംബരമാണവിടെ..! അവിടെ ഭരണാധികാരിയെ ജനങ്ങൾ ഭയപ്പെടുന്നു, മരണ ഭയം.
സീസറിന്റെ കൊട്ടാരവും സന്ദർശിച്ചിട്ടുണ്ട്. ഭരണാധികാരിയെ ബഹുമാനിച്ചില്ലെങ്കിൽ മരണം ഫലം.
പേടിച്ചു വിറച്ചുള്ള ബഹുമാനമാണു താൻ കണ്ടത്...
ഇവിടെയോ..? സ്നേഹപൂർവമായ ആദരവ്. മനസ്സറിഞ്ഞ സ്നേഹം. അല്ലാഹുﷻവിന്റെ പ്രീതിക്കുവേണ്ടിയുള്ള സ്നേഹം. ഇതുപോലൊരു ജനസമൂഹം ലോകത്തു വേറെയില്ല. തങ്ങളുടെ നേതാവിനെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു ജനവിഭാഗത്തെ ഒരിടത്തും കാണില്ല.
കലങ്ങിമറിഞ്ഞ മനസ്സുമായി ഉർവത് ബ്നു മസ്ഊദ് മുസ്ലിം ക്യാമ്പിൽനിന്നു മടങ്ങിപ്പോയി. അയാൾ ഖുറയ്ശികളോട് ഇങ്ങനെ പറഞ്ഞു:
“മുഹമ്മദിനെപ്പോലെ (ﷺ) ഒരു നേതാവിനെ ഞാൻ കണ്ടിട്ടില്ല.
മുഹമ്മദിനെ (ﷺ) അനുയായികൾ സ്നേഹിക്കുന്നതുപോലെ, അനുയായികളാൽ സ്നേഹിക്കപ്പെടുന്ന ഒരു നേതാവിനെയും ഞാൻ കണ്ടിട്ടില്ല.
കോറോസിനെ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ വച്ച് സീസറിനെയും കണ്ടിട്ടുണ്ട്.
അവർക്കൊന്നും സ്വന്തം ജനതയിൽനിന്ന് ഇത്രയും ബഹുമാനം കിട്ടുന്നില്ല...
മക്കയിൽ വച്ചു മുഹമ്മദിനു (ﷺ) വല്ലതും സംഭവിച്ചാൽ അവർ സഹിക്കില്ല. നേതാവിനുവേണ്ടി ജീവൻ നൽകാൻ
അവർക്കൊരു മടിയും കാണില്ല. മുഹമ്മദിന്റെ (ﷺ) മേൽ കൈവെക്കാൻ ഒരാളെയും അവർ അനുവദിക്കില്ല. നല്ലതുപോലെ ആലോചിച്ച് ഒരു തീരുമാനം എടുത്തോളു...”
ഖുറയ്ശികൾ ഇങ്ങനെ പ്രതികരിച്ചു. “ഈ വർഷം അവരെ എങ്ങനെയെങ്കിലും മടക്കി അയയ്ക്കണം. അടുത്ത വർഷം വന്ന് ഉംറ നിർവഹിച്ചുകൊള്ളട്ടെ.”
ഖുറയ്ശികളുടെ ഭാഗത്തുനിന്നു ദൂതന്മാർ തുടരെ വന്നുകൊണ്ടിരുന്നു. അവരെ മാന്യമായി സ്വീകരിക്കുന്നു. സംസാരിക്കുന്നു. ദൂതന്മാരിൽ ഇതു വളരെ മതിപ്പുളവാക്കി. ഒരു ദൂതനെ ഖുറയ്ശികളുടെ അടുത്തേക്കയയ്ക്കാൻ
നബിﷺതങ്ങൾ തീരുമാനിച്ചു.
ഖിരാശ് ബ്നു ഉമയ്യത്(റ). ഈ സ്വഹാബിവര്യനെ നബിﷺതങ്ങൾ ഖുറയ്ശികളുടെ അടുത്തേക്കയച്ചു. തങ്ങൾ ഉംറക്കു വന്നതാണെന്നും അതിന് അനുവദിക്കണമെന്നും ഖുറയ്ശികളോടു പറയണം. ഖിറാശിനെ കണ്ടതോടെ ഖുറയ്ശികൾ ഇളകി. അദ്ദേഹത്തിന്റെ ഒട്ടകത്തെ അറുത്തു.
“ഒട്ടകത്തെ കൊന്നതുപോലെ അവനെയും കൊല്ലണം.”
ചിലർ വിളിച്ചുപറഞ്ഞു..!!
“അയാൾ ദൂതനാണ്. കൊല്ലരുത്.” മറ്റു ചിലർ.
“മുഹമ്മദിന്റെ (ﷺ) ദൂതനല്ലേ, വധിക്കണം.” ബഹളം മൂത്തപ്പോൾ അഹാബീശ് ഗോത്രക്കാർ ഇടപെട്ടു...
അബൂജഹ്ലിന്റെ മകൻ ഇക് രിമത് ദൂതനെ വധിക്കാൻ വേണ്ടി
മുന്നോട്ടു ചാടി. അഹാബീശ് യോദ്ധാക്കൾ ഇക് രിമയെ തടഞ്ഞു.
ദൂതനെ ഹുദയ്ബിയ്യയിലേക്കു പറഞ്ഞയച്ചു.
ഖിറാശ് തിരിച്ചു വന്നു വിവരങ്ങളെല്ലാം പ്രവാചകനെ (ﷺ) അറിയിച്ചു. എല്ലാവരും നിരാശപ്പെട്ടു. നിരാശയും രോഷവും. ഇനിയെന്തു ചെയ്യും..? ഒരു ശ്രമംകൂടി നടത്തിനോക്കാം. ഒരു ദൂതനെക്കൂടി അയയ്ക്കാം. മക്കയിലെ ഏതെങ്കിലും ഒരു ബന്ധുവിന്റെ സംരക്ഷണത്തിൽ വിടാം. അല്ലെങ്കിൽ ഖുറയ്ശികൾ കൊന്നുകളയും...
ഉസ്മാൻ(റ)വിനെ ദൂതനായി അയയ്ക്കാൻ തീരുമാനിച്ചു. മക്കയിലെ അബ്ബാൻ ബ്നു സഈദ് എന്ന പ്രമുഖൻ ഉസ്മാൻ ബ്നു അഫ്ഫാൻ(റ)വിനു സംരക്ഷണം ഉറപ്പു നൽകി.
ഉസ്മാൻ(റ)വിന്റെ കൂടെ പത്ത് ആളുകളെയും അയച്ചു. അവർക്ക് സ്വന്തം കുടുംബങ്ങളെ സന്ദർശിക്കാൻ പ്രവാചകൻ ﷺ
അനുമതി നൽകി. അവർക്കും സംരക്ഷണം ഉറപ്പു നൽകപ്പെട്ടിരുന്നു.
തങ്ങളെ ഉംറ ചെയ്യാൻ അനുവദിക്കണമെന്നു കാണിച്ചു കൊണ്ട് ഒരു കത്ത് തയ്യാറാക്കി. ആ കത്തുമായിട്ടാണ് ഉസ്മാൻ (റ) മക്കയിലേക്കു പുറപ്പെട്ടത്...