Wednesday - 22 April, 2026 4-Dhu al-Qadah-1447

സന്ദേശവാഹകർ പുറപ്പെടുന്നു (2)

 അബ്സീനിയൻ രാജാവായ നീഗസി (നജ്ജാശി) നു പ്രവാചകൻ ﷺ രണ്ടു കത്തുകൾ കൊടുത്തയച്ചു.


 അംറ് ബ്നു ഉമയ്യ എന്ന സ്വഹാബിയാണു കത്തു കൊണ്ടുപോയത്. രാജാവിനെ ഇസ്ലാമിലേക്കു ക്ഷണിച്ചു കൊണ്ടുളളതായിരുന്നു ഒരു കത്ത്. നജ്ജാശിയും മുസ്ലിംകളും

തമ്മിൽ നേരത്തേതന്നെ നല്ല ബന്ധമായിരുന്നു. വളരെ ആദരവോടുകൂടിയാണു ദൂതനെ രാജാവു സ്വീകരിച്ചത്... 


 കത്തു വായിച്ചു കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം രാജാവ്

ദൂതനോട് ഇങ്ങനെ പറഞ്ഞു: “അല്ലാഹുവാണേ, യേശു ഈ പ്രവാചകനെപ്പറ്റി സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്. അതെനിക്കറിയാം. അബ്സീനിയയിൽ എനിക്കു വേണ്ടത്ര സഹായികളില്ല. സഹായികൾ വർധിക്കാനും അവരെ കാര്യങ്ങൾ ധരിപ്പിക്കാനും കുറച്ചു സമയം വേണം .”


 രണ്ടാമത്തെ കത്തിന്റെ ഉള്ളടക്കം അബ്സീനിയായിലെ മുസ്ലിംകളെക്കുറിച്ചായിരുന്നു. ഖുറയ്ശികളുടെ മർദനം സഹിക്കവയ്യാതെ അബ്സീനിയയിലേക്കു കടന്നുവന്ന മുസ്ലിംകളെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്തതിനു വളരെ നന്ദി. ഇനി അവരെയെല്ലാം മദീനയിലേക്ക് അയയ്ക്കണമെന്നപേക്ഷിക്കുന്നു.


ഇതായിരുന്നു കത്തിന്റെ ആശയം.

നജ്ജാശി രാജാവ് പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു.


                          *** 


   പേർഷ്യയിലെ അഗ്നിയാരാധകനായ കിസ്റാ രാജാവിന് അബ്ദുല്ലാഹിബ്നു ഹുദാഫത് വശം നബിﷺതങ്ങൾ കത്തു കൊടുത്തയച്ചു. ദൂതൻ പേർഷ്യൻ കൊട്ടാരത്തിലെത്തി. രാജാവിനു കത്തു കൊടുത്തു.


  മുഹമ്മദുർറസൂലുല്ലാഹിയിൽ നിന്ന് എന്നാണു കത്തു തുടങ്ങുന്നത്. രാജാവിന് അതു സഹിക്കാനായില്ല. കോപത്തോടെ കത്തു വലിച്ചുകീറിക്കളഞ്ഞു.


 തന്റെ കീഴിലുള്ള യമൻ ഭരണാധികാരിയായ "ബാദാന്" ഒരു

കൽപന കൊടുത്തു. “ഒരു നുബുവ്വത്തു വാദക്കാരൻ പുറപ്പെട്ടതായി വിവരം കിട്ടിയിരിക്കുന്നു. രണ്ടു യോദ്ധാക്കളെ അയച്ച് അവനെ നമ്മുടെ മുമ്പിൽ ഹാജരാക്കുക.”


 കൽപന കിട്ടിയ ഉടനെ ബാദാൻ രണ്ടു യോദ്ധാക്കളെ മദീനയിലേക്കയച്ചു. അവർ മദീനയിലെത്തി. നബി ﷺ തങ്ങളോട് ഇങ്ങനെ പറഞ്ഞു: “ഞങ്ങളെ  യമൻ ഭരണാധികാരി പറഞ്ഞയച്ചതാണ്. നിങ്ങളെ കിസ്റാ രാജാവിന്റെ മുമ്പിൽ ഹാജരാക്കാൻ കൽപനയുണ്ട്. കിസ്റായുടെ കൽപന അനുസരിക്കുന്നതാണു നിങ്ങൾക്കു നല്ലത്. അല്ലെങ്കിൽ നിങ്ങളെയും കുടുംബത്തെയും മഹാരാജാവു നശിപ്പിച്ചുകളയും.”


“നിങ്ങൾ ഇന്ന് ഇവിടെ വിശ്രമിക്കൂ. നാളെ സംസാരിക്കാം.” നബി ﷺ സൗമ്യമായി പറഞ്ഞു... 


 അവർ വിശ്രമിക്കാൻ പോയി. പിറ്റേന്നു രാവിലെ അവരെ വിളിച്ചുവരുത്തി, ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ കിസ്റാ രാജാവിനെ ഇന്നലെ രാത്രി അയാളുടെ മകൻ ശിറുവൈഹി വധിച്ചുകളഞ്ഞിരിക്കുന്നു. ഞാൻ യമനിലെ ബാദാന് ഒരു കത്തു തരാം. അതുമായി പോയ്ക്കൊള്ളൂ...” 


 ദൂതന്മാർ അമ്പരന്നു. അവർ കത്തുമായി കുതിച്ചു. യമനിലെത്തി. ബാദാനു കത്തു നൽകി. കത്തിലെ വിവരങ്ങളറിഞ്ഞു ബാദാൻ ഞെട്ടിപ്പോയി. രാജാവു വധിക്കപ്പെടുകയോ..? അതും മകന്റെ കരങ്ങളാൽ..! ഇവിടെ അങ്ങനെ ഒരു വിവരം വന്നിട്ടില്ലല്ലോ.. ഇതു ശരിയാണെങ്കിൽ മുഹമ്മദ് സത്യപ്രവാചകൻ തന്നെ. അന്വേഷണത്തിൽ സംഭവം ശരിയാണെന്നറിഞ്ഞു.


 ബാദാൻ ഇസ്ലാം മതം സ്വീകരിച്ചു.

ഉമർ(റ)വിന്റെ ഖിലാഫത്തു കാലത്തു പേർഷ്യ മുസ്ലിംകൾക്കു കീഴടങ്ങി. ആളുകൾ ഇസ്ലാം മതം സ്വീകരിച്ചു.