അബൂജൻദലിനെ ഖുറയ്ശികൾ ഒരു മുറിയിലിട്ടു പൂട്ടി. കാവൽക്കാരെയും നിറുത്തി.
അബൂജൻദൽ കാവൽക്കാരോടു സംസാരിക്കാൻ തുടങ്ങി.
“അല്ലാഹു ﷻ ഏകനാകുന്നു. അവനു പങ്കുകാരില്ല. ബഹുദൈവാരാധന ഭയങ്കര കുറ്റമാണ്. ബിംബങ്ങൾ വെറും കല്ലുകളാണ്. അവക്ക് ഉപദ്രവം ചെയ്യാനാവില്ല. ഉപകാരവും ചെയ്യാനാവില്ല. മനുഷ്യകരങ്ങൾ രൂപം നൽകിയ കല്ലുകൾ.
മുഹമ്മദ് (ﷺ) അല്ലാഹുﷻവിന്റെ റസൂലാകുന്നു. ഇപ്പറഞ്ഞതിനൊക്കെ നീ സാക്ഷ്യം വഹിക്കണം. എന്നാൽ നിനക്കു പരലോക വിജയമുണ്ട്. എന്താ, നീ സാക്ഷ്യം വഹിക്കില്ലേ..?”
കുറെ ദിവസം തുടർച്ചയായി ഇതു കേൾക്കുന്നു. അപ്പോൾ
കാവൽക്കാരനു തോന്നി. ഇയാൾ പറയുന്നതു ശരിയല്ലേ? ബിംബങ്ങൾ കല്ലുകളല്ലേ? അബൂജൻദൽ ഉപദേശം തുടർന്നു...
ഒരു ദിവസം കാവൽക്കാരൻ പറഞ്ഞു: “അല്ലാഹു ﷻ ഏകനാകുന്നു. ആരാധനക്കർഹനായി അല്ലാഹു
വല്ലാതെ മറ്റാരുമില്ല. മുഹമ്മദ് (ﷺ) അവന്റെ ദൂതനാണെന്നു ഞാൻ
സാക്ഷ്യം വഹിക്കുന്നു..!”
അബൂജൻദലിനു വലിയ സന്തോഷം. തന്റെ ശ്രമഫലമായി ഒരാൾ ഇസ്ലാം മതം സ്വീകരിച്ചല്ലോ. കാവൽക്കാരൻ ഒരു കൂട്ടുകാരനെ കൊണ്ടുവന്നു. അബൂജൻദൽ ഇസ്ലാമിനെ കുറിച്ച് അയാളോടു സംസാരിച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അദ്ദേഹവും മുസ്ലിമായി...
അദ്ദേഹം മറ്റൊരാളെ വിളിച്ചുകൊണ്ടുവന്നു. അബൂജൻദൽ
ആവേശത്തോടെ സംസാരിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ
അദ്ദേഹവും മുസ്ലിമായി. അവരെല്ലാം ചേർന്നു കുറെ കൂട്ടുകാരെ വിളിച്ചുകൊണ്ടുവന്നു. അബൂജൻദൽ സ്നേഹപൂർവ്വം സംസാരിച്ചു. അവരെയെല്ലാം ഇസ്ലാമിലേക്കു ക്ഷണിച്ചു. അവരൊക്കെ മുസ്ലിംകളായി...
ഖുറയ്ശികൾ കഥയൊന്നുമറിഞ്ഞില്ല.
അബൂജൻദൽ അവരോടു പറഞ്ഞു: “ഖുറയ്ശികൾ അറിയാതെ രഹസ്യമായി നിങ്ങൾ ആളുകളെ ഇസ്ലാമിലേക്കു ക്ഷണിക്കണം. അല്ലാഹു ﷻ നിങ്ങളുടെ ശ്രമം വിജയിപ്പിക്കും.” അവർക്കു വലിയ ആവേശമായി.
അവർ തങ്ങളുടെ കൂട്ടുകാരോടും പരിചയക്കാരോടും ഇസ്ലാം മതത്തെക്കുറിച്ചു സംസാരിച്ചു. പലർക്കും വിശ്വാസമുണ്ടായി. അവർ സത്യസാക്ഷ്യം വഹിച്ചു.
ഖുറയ്ശികൾ വിവരമറിഞ്ഞു. അബൂജൻദലിന്റെ ശ്രമഫലമായി നിരവധിയാളുകൾ മുസ്ലിമായിരിക്കുന്നു..!
അവനെ മക്കയിൽ തന്നെ നിറുത്തിയതു വലിയ അബദ്ധമായെന്ന് അവർക്കു തോന്നി. മദീനത്തേക്കു വിട്ടാൽ മതിയായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചവരെ മക്കയിൽ നിറുത്തുന്നതു വലിയ അബദ്ധം തന്നെയാണ്. അവൻ കാരണം മറ്റു പലരും മുസ്ലിമായിത്തീരും. വലിയ ശല്യം തന്നെ...