സർവ്വ സ്തുതിയും സര്‍വ്വ ശക്തനായ അള്ളാഹുവിലർപ്പിച്ചു കൊണ്ട് പുതിയ ചരിത്രം തുടങ്ങുന്നു ...
ഐഹിക ജീവിതം വെറും നൈമിഷികമാണ്. ഇവിടെ കാണുന്ന സൗഭാഗ്യങ്ങൾ നശ്വരമാണ്. പാരത്രിക ജീവിതത്തിലേക്കുള്ള സദ്ഫലങ്ങൾ സമാഹരിക്കാൻ വേണ്ടി മാത്രമാണ് ഹൃസ്വമായ ജീവിതം ഉപയോഗപ്പെടുത്തേണ്ടത്. ഈ സത്യം മനസ്സിലാക്കി ജീവിക്കുന്നവർ വളരെ കുറവാണ്. ഭൗതിക സുഖങ്ങളുടെ പിറകെപ്പോയി ജീവിതം തുലക്കുകയാണ് ബഹുഭൂരിഭാഗവും ചെയ്യുന്നത്...
പ്രപഞ്ചത്തിലെ നശ്വരമായ സുഖങ്ങൾക്കടിമപ്പെടാതെ പരലോക ജീവിതവും അല്ലാഹുവിന്റെ തൃപ്തിയും മാത്രം കാംക്ഷിച്ച് ജീവിക്കുകയും ഏകാഗ്രചിത്തരായി അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിൽ മാത്രം മുഴുകുകയും ചെയ്യുന്ന വളരെ ചുരുക്കം ചില ആളുകൾ. അവരിൽ നിന്ന് ത്യാഗത്തിന്റെ ഉന്നതങ്ങളിലേറുന്ന പ്രപഞ്ച പരിത്യാഗികളായ ചിലർ ...
"അവരത്രെ അല്ലാഹുവിന്റെ ഔലിയാക്കൾ ..."
ഇബ്റാഹീമിബ്നു അദ്ഹം ത്യാഗത്തിന്റെ പ്രതീകമാണ്.
ബൽഖായിലെ ചക്രവർത്തി സ്ഥാനത്തിരുന്നു കൊണ്ട് എല്ലാവിധ ഭൗതിക സുഖാഢംബരങ്ങളും അനുഭവിക്കുന്നതിനിടയിലാണ്, അല്ലാഹുവിനോടുള്ള മുഹബ്ബത്ത് അദ്ദേഹത്തിന്റെ ഹൃദയത്തിൽ അലയടിച്ചുയരാൻ തുടങ്ങിയത്. പിന്നെ ആ മഹാൻ എല്ലാ സുഖങ്ങളെയും വലിച്ചെറിഞ്ഞുകൊണ്ട് ഒരു പരുക്കൻ കരിമ്പടവും ചുറ്റി ഏകാന്തവാസത്തിനിറങ്ങി ...
സ്വന്തം ശരീരം അത്രയുംകാലം സുഖഭോഗങ്ങളിൽ ഏർപ്പെട്ടതിന് പകരമായി അതിനെ കഠിനമായി പീഡിപ്പിക്കുകയും, വിശപ്പുകൊണ്ടും ദാഹം കൊണ്ടും ശരീരത്തെ ശക്തമായി ബുദ്ധിമുട്ടിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം ആത്മീയമായ ഒരു പരിവേഷം തന്നെ സൃഷ്ടിച്ചു ...
ആ സമുന്നത ത്യാഗീവര്യന്റെ ജീവ ചരിത്രത്തിലേക്ക് ചെറിയൊരത്തിനോട്ടമാണ് ഈ കൃതി ...
പ്രിയപ്പെട്ട വായനക്കാർക്ക് എന്റെ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് ഇബ്റാഹീമിബ്നു അദ്ഹമിന്റെ ചരിത്രം നിങ്ങൾക്കുമുമ്പിൽ കാഴ്ച്ച വെക്കുന്നു ...
എന്ന്,
ഒറ്റമാളിയേക്കൽ മുത്തുക്കോയ തങ്ങൾ
(ലേഖകൻ)