Wednesday - 22 April, 2026 4-Dhu al-Qadah-1447

അമിതാഹാരം ആപത്ത്

ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്. നബിﷺതങ്ങളുടെ പല നിർദേശങ്ങളും ആരോഗ്യശാസ്ത്ര പ്രധാനമാകുന്നു. ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള

ഒരു നബിവചനത്തിന്റെ ആശയം താഴെ കൊടുക്കാം.


 “ഭക്ഷണ പാനീയങ്ങൾ കഴിക്കുമ്പോൾ വയറു നിറയ്ക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും അതു ശരീരത്തിനു ഹാനീകരമാണ്. അതു രോഗങ്ങൾക്കു കാരണമാകും.

നിസ്കാരം നിർവഹിക്കുന്നതിൽ അലസത വരുത്തും. ആഹാരപാനീയങ്ങളുടെ ഉപയോഗത്തിൽ മിതത്വം പാലിക്കണം. അതു ശരീരത്തിനു നന്മ ചെയ്യും. ധന ദുർവിനിയോഗം തടയുകയും ചെയ്യും...”


 അമിതാഹാരം ശരീരത്തിനു ദോഷം ചെയ്യും. ദഹനേന്ദ്രിയങ്ങൾക്ക് അത് അമിത ജോലിയാണ് ഉണ്ടാക്കി

വയ്ക്കുന്നത്. ചിലപ്പോൾ ദഹനക്കേടിനു കാരണമാകും.


 മിതമായ ആഹാരരീതി നമ്മുടെ ആരോഗ്യം കാത്തുസംരക്ഷിക്കും.

എല്ലാ രോഗങ്ങളുടെയും കേന്ദ്രം വയറു തന്നെ. വയർ ശുദ്ധമായിരുന്നാൽ രോഗങ്ങളെ അകറ്റിനിറുത്താം.


 സമയത്തിന് ആഹാരം കഴിക്കണം. ശരീരത്തിന്റെ ആവശ്യമറിഞ്ഞാണു കഴിക്കേണ്ടത്. നാവിനു രുചിയുണ്ടെന്നുവച്ചു വാരിവലിച്ചു തിന്നരുത്. 


 അമിതമായ ആഹാരം നമ്മെ അലസന്മാരും ഉദാസീനരുമാക്കും. ഉറങ്ങാനുള്ള ആശ വർധിപ്പിക്കും. പ്രവർത്തിക്കാനുള്ള ആവേശം കുറയും. ആത്മീയ കാര്യങ്ങളെയും ഇതു ബാധിക്കും.


 ശാരീരികവും മാനസികവും ആത്മീയവുമായ കാര്യങ്ങളെ

ദോഷകരമായി ബാധിക്കുന്നതാണ് അമിതമായ ആഹാരം എന്നു പറയാം.


 ഇനി മറ്റൊരു ഹദീസിന്റെ ആശയം പറഞ്ഞുതരാം. “നിങ്ങൾ ശരീരത്തെ ശുദ്ധമായി സൂക്ഷിക്കുക. അപ്പോൾ

അല്ലാഹു ﷻ നിങ്ങളെ ശുദ്ധീകരിക്കും.”


 നമ്മുടെ ബാഹ്യശരീരത്തെ നാം വൃത്തിയായി സൂക്ഷിക്കണം. അപ്പോൾ ആന്തരികമായ ശുദ്ധി അല്ലാഹു ﷻ നൽകും. ഇതാണു ഹദീസ് നൽകുന്ന സൂചന.


 ശരീരത്തെ രോഗത്തിൽനിന്നു മുക്തമായി നിറുത്താൻ ഭക്ഷണ പാനീയങ്ങളിൽ നിയന്ത്രണം വേണം. ശുദ്ധിയുള്ള വസ്ത്രം ധരിക്കണം. മുഷിഞ്ഞ വസ്ത്രം രോഗാണുക്കളെ വഹിക്കും. ശരീരം വൃത്തിയാക്കാൻ നിത്യേന കുളിക്കണം. പല്ലു തേക്കണം. ഇതെല്ലാം ശരീരത്തിന്റെ ബാഹ്യമായ ശുദ്ധിയാണ്. ആത്മീയ ശുദ്ധി നൽകേണ്ടത് അല്ലാഹുﷻവാണ്.


ആരോഗ്യശാസ്ത്ര സംബന്ധമായ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു നബിവചനം കാണുക.


 “ഒരു മനുഷ്യനും തന്റെ വയറിനെക്കാൾ ചീത്തയായ മറ്റൊരു പാത്രവും നിറച്ചിട്ടില്ല. മനുഷ്യനു തന്റെ ദേഹത്തിന്റെ നിലനിൽപിനാവശ്യമായ ചെറിയ ഉരുളകൾ (ചോറിന്റെ ഉരുള) മതി. വയറിന്റെ മൂന്നിലൊന്നു ഭക്ഷണത്തിനും മൂന്നിലൊന്നു പാനീയത്തിനും മൂന്നിലൊന്ന് ശ്വാസോഛ്വാസത്തിനും ഉള്ളതാകുന്നു.


 ഒട്ടുമിക്ക രോഗങ്ങളെയും അകറ്റിനിറുത്താൻ ഈ നബിവചനം പ്രാവർത്തികമാക്കിയാൽ മതി. വയറിന്റെ മൂന്നിലൊന്നു ഭക്ഷണത്തിനു മാറ്റിവയ്ക്കുക. മൂന്നിലൊന്നു വെള്ളത്തിനും. ബാക്കി വായുവിനും. ദഹനപ്രക്രിയ വളരെ വേഗത്തിൽ നടക്കും...


 കഴിച്ച ഭക്ഷണത്തിലെ പോഷകാംശങ്ങൾ ശരീരം എളുപ്പത്തിൽ സ്വീകരിക്കും. മനുഷ്യൻ സദാ ഊർജസ്വലനായിരിക്കും. പ്രവർത്തനങ്ങളിൽ ചൈതന്യം തുടിച്ചുനിൽക്കും. മനസ്സിൽ ആത്മീയ ചിന്തകൾ വെട്ടിത്തിളങ്ങും. ഇബാദത്തുകളിൽ ഏകാഗ്രതയും ലഭിക്കും.


 ശരീരത്തിന്റെയും ആത്മാവിന്റെയും ആരോഗ്യം പരിഗണിച്ചുകൊണ്ടുള്ള നിർദേശങ്ങളാണു നബി ﷺ ലോകത്തിനു നൽകിയത്.