ഫാത്വിമ (റ) ...
ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്തഫ (സ) യുടെ ഓമന മകൾ. ആ പേര് കേൾക്കുമ്പോൾ സത്യവിശ്വാസിയുടെ മനസ്സിൽ കാരുണ്യത്തിന്റെ നീരുറവ പൊട്ടിയൊഴുകും. ആ പേര് പറയുമ്പോൾ മനസ്സിൽ ആഹ്ലാദം നിറയും. അവരുടെ ചരിത്രം ആരെയാണ് രോമാഞ്ചം കൊള്ളിക്കാത്തത്. അവരുടെ പേര് പറയുന്നതനുഗ്രഹമാണ്. അവരെ സ്നേഹിക്കാൻ കഴിയുന്നത് സൗഭാഗ്യമാണ്. അവരുടെ ചരിത്രം പറയുന്നത് പുണ്യമാണ്. ആ അനുഗ്രഹവും സൗഭാഗ്യവും പുണ്യവും നമുക്കും വേണം. അവ നേടാൻ നമുക്കു ചരിത്രം പറയാം ... ചരിത്രം പറയുന്നതിന്നിടയിൽ നമുക്കവരുടെ പേര് ധാരാളമായിപ്പറയാം... അങ്ങനെ നമ്മുടെ മനസ്സിൽ അവരോടുള്ള സ്നേഹം നിറയട്ടെ ...
ആരാണ് ഫാത്വിമ ...?
ഒരൊറ്റ ഹദീസ് മതി അവരുടെ മഹത്വം മനസ്സിലാക്കാൻ ...
നബി (സ) അരുളി:
ഒരു മലക്ക് ഇറങ്ങി വന്നു. സ്വർഗ്ഗത്തിലെ സ്ത്രീകളുടെ നേതാവാണ് ഫാത്വിമ എന്ന സന്തോഷവാർത്ത അറിയിച്ചു. സ്വർഗ്ഗത്തിൽ പോവാനാഗ്രഹിക്കുന്ന സകല സ്ത്രീകളും അവിടത്തെ നേതാവിനെക്കുറിച്ചറിയണ്ടേ ...?
മനുഷ്യവർഗ്ഗത്തിലെ ഏറ്റവും അനുഗ്രഹീതൻ ആര് ...?
സയ്യിദുനാ മുഹമ്മദുറസൂലുല്ലാഹി (സ) ആ റസൂലാണല്ലോ ഫാത്വിമ (റ)യുടെ പിതാവ്. ആദ്യമായി ഇസ്ലാം സ്വീകരിച്ച വ്യക്തിയാര് ?
ഖദീജ ബീവി (റ)
ആ ബീവിയാണല്ലോ ഫാത്വിമ (റ)യുടെ മാതാവ്. സ്വർഗ്ഗത്തിലെ യുവാക്കൾക്ക് രണ്ട് നേതാക്കന്മാരുണ്ട് ഹസൻ (റ), ഹുസൈൻ (റ). ഇരുവരുടെയും മാതാവാണ് ഫാത്വിമ (റ).
ദുനിയാവിന്റെയും ആഖിറത്തിന്റെയും നേതാവ് എന്നു വിശേഷിപ്പിക്കപ്പെട്ട മഹാനാണ് അലിയ്യുബ്നു അബീത്വാലിബ് (റ). ആ നേതാവാണ് ഫാത്വിമ (റ) യുടെ പ്രിയ ഭർത്താവ് ...
ഇപ്പറഞ്ഞതെല്ലാം ഫാത്വിമ (റ) യുടെ മഹത്വങ്ങളാകുന്നു. അഹ്ലു ബൈത്തിന്റെ കണ്ണികൾ അവരിലൂടെയാണ് കടന്നു വരുന്നത്. അഹ്ലുബൈത്തിന്റെ ശാഖകളും ഉപശാഖകളും ലോകമെങ്ങും വ്യാപിച്ചു. സയ്യിദ് കുടുംബത്തിൽ പെട്ട ഒരാളുടെ പരമ്പര പരിശോധിച്ചാൽ നമുക്കെന്ത് മനസ്സിലാവും ...? അദ്ദേഹം രണ്ടാലൊരു പരമ്പരയിൽപെട്ടതാണെന്ന് മനസ്സിലാവും. ഒന്നുകിൽ ഹസനീ പരമ്പര അല്ലെങ്കിൽ ഹുസൈനി പരമ്പര...
ആദ്യത്തേത് ഹസൻ (റ) വിലും, രണ്ടാമത്തേത് ഹുസൈൻ (റ)വിലും ചെന്നെത്തുന്നു. ഇവർ രണ്ട് പേരും ഫാത്വിമ (റ)യുടെ മക്കളാണല്ലോ... ഇവരുടെ പിതാവ് അലി (റ). അഹ്ലുബൈത്തിൽ പെട്ട ഒരാളെക്കാണുമ്പോൾ നാം ഫാത്വിമ (റ) യെ ഓർത്ത് പോകുന്നു. അഹ്ലുബൈത്തിന്റെ മാതാവാണവർ. ത്വരീഖത്തിന്റെ പരമ്പരകളും ചെന്നെത്തുന്നത് അലി (റ)വിലേക്കാണ്. ഹസൻ (റ), ഹുസൈൻ (റ) എന്നിവരിലൂടെയാണ് അതും ചെന്നെത്തുന്നത് ...
അറിവിന്റെ കേദാരമാണ് അലി (റ) ...
ഞാൻ ഇൽമിന്റെ പട്ടണമാണെന്ന് നബി (സ) പറഞ്ഞു. ആ പട്ടണത്തിലേക്കുള്ള കവാടം അലി (റ)വാണെന്നും നബി (സ) പറഞ്ഞു. അലി (റ) വിലൂടെ കടന്നുചെന്നാൽ മാത്രം ലഭിക്കുന്ന അമൂല്യമായ വിജ്ഞാനത്തിന്റെ മഹാശേഖരമുണ്ട്. ആ ശേഖരത്തിൽ നിന്നൊരൽപം കിട്ടാൻ വേണ്ടിയാണ് ത്വരീഖത്തിന്റെ മശാഇഖന്മാർ കഠിനാദ്ധ്വാനം ചെയ്യുന്നത്. വിജ്ഞാനത്തിന്റെ ഉറവിടമായി മശാഇഖന്മാർ അലി (റ), ഫാത്വിമ (റ), ഹസൻ (റ), ഹുസൈൻ (റ) എന്നിവരെ കാണുന്നു. ഇവർക്കുവേണ്ടി എല്ലാ ദിവസവും ഫാത്തിഹ ഓതി ഹദ്യ ചെയ്യുന്നു. ലക്ഷക്കണക്കായ ഫാത്തിഹകൾ ഓരോ ദിവസവും അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. അവർ വഫാത്തായ കാലം മുതൽ സത്യവിശ്വാസികൾ ഈ ഹദ്യ നൽകിക്കൊണ്ടിരിക്കുന്നു എന്നോർക്കുക. ഓരോ ദിവസം കഴിയും തോറും അവരുടെ പദവികൾ ഉയർന്നു കൊണ്ടിരിക്കുന്നു ...
ഫാത്വിമ (റ)
ആ പേരിന്റെ പുതുമ ഇന്നും നിലനിൽക്കുന്നു. ഒരു കാലത്തും മങ്ങലേൽക്കാത്ത പേര്. അലി (റ), ഫാത്വിമ (റ), ഹസൻ (റ), ഹുസൈൻ (റ). നബി കുടുംബം എന്നു കേൾക്കുമ്പോൾ ഇവരെയാണ് നാം ആദ്യം ഓർക്കുക. നബി കുടുംബത്തെക്കൂടി ഉൾപ്പെടുത്തിയാണ് നാം പലപ്പോഴും സ്വലാത്ത് ചൊല്ലുന്നത്. എല്ലാ ദുആകളിലും തുടക്കത്തിലും അവസാനത്തിലും സ്വലാത്ത് ചൊല്ലാറുണ്ട്. കുടുംബത്തെക്കൂടി ഉൾപ്പെടുത്തിയ സ്വലാത്ത് നബി കുടുംബത്തെ ഓർമ്മിക്കുന്ന അനേകം സന്ദർഭങ്ങൾ ഓരോ ദിവസത്തിലുമുണ്ട്. നാമവരെ ഓർക്കണം. ആ ഓർമ്മകൾ നമ്മെ നന്മയിലേക്കു നയിക്കും...
നബി കുടുംബത്തെ സ്നേഹിക്കുമ്പോൾ വാസ്തവത്തിൽ നാം നബി (സ) യെത്തന്നെയാണ് സ്നേഹിക്കുന്നത്. അല്ലാഹു ഇഷ്ടപ്പെടുന്നതും ആ സ്നേഹത്തെയാണ്. ഫാത്വിമ (റ) അവരുടെ മഹത്വങ്ങളാണ് പറഞ്ഞു വരുന്നത്. അവ പറഞ്ഞാൽ തീരില്ല. അവ വേണ്ട പോലെ പറഞ്ഞു ഫലിപ്പിക്കാൻ ഇന്നാർക്കാണ് കഴിയുക ...?
അവർ ജനിച്ച കാലഘട്ടം ഓർക്കണം. അന്നത്തെ മക്കയിലെ സാമൂഹിക പരിതസ്ഥിതി മനസ്സിലാക്കണം. കുടുംബ പശ്ചാത്തലമറിയണം. അപ്പോഴാണവരുടെ വ്യക്തിത്വത്തിന്റെ മഹത്വമറിയുക. ഫാത്വിമ (റ) യെ കുറിച്ചു രചിക്കപ്പെട്ട കവിതകൾക്കുണ്ടോ വല്ല കണക്കും. ഉപ്പാക്കും മകൾക്കുമിടയിൽ നില നിന്ന സ്നേഹം അത്ഭുതത്തോടു കൂടിയല്ലാതെ അത് വർണ്ണിക്കാനാവില്ല. ആ സ്നേഹത്തെക്കുറിച്ച് അതിമനോഹരമായ കവിതകൾ വിരിഞ്ഞു...
മലയാള ഭാഷയിൽ പോലും പാട്ടുകളെത്ര രചിക്കപ്പെട്ടു. കഥകളെത്ര പറയപ്പെട്ടു. നബി (സ) യുടെ ഓമന മകളുടെ ജീവിതത്തിലേക്ക് വിനയപൂർവ്വം നമുക്ക് കടന്നു ചെല്ലാം ... ഇൻശാ അല്ലാഹ്