23 Mar, 2023 | Thursday 1-Ramadan-1444

ഇസ്ലാമിക ഭരണാധികാരികളിൽവെച്ച് ഏറ്റവും മഹനീയമായൊരു മാതൃക ലോകത്തിന് സംഭാവന ചെയ്ത മഹാനായൊരു നേതാവാണ്

ഹസ്രത്ത് ഉമർ (റ). ചരിത്രത്തിൽ തുല്യതയില്ലാത്ത ഉദാത്തമായൊരു ഭരണസംവിധാനമാണ് ഇസ്ലാമിലെ രണ്ടാമത്തെ ഖലീഫയായ അദ്ദേഹം

കാഴ്ചവെച്ചത്.


 ആധുനിക ബുദ്ധിജീവികൾ പോലും ഉമറിന്റെ (റ) ഭരണം വന്നു കാണാൻ ആഗ്രഹിച്ചുപോയെങ്കിൽ അതെത്രകണ്ട് മഹത്തരമായിരുന്നുവെന്ന വസ്തുത ചിന്തനീയമാണ്.


 ലോകം മുഴുവനും സുഖസുഷുപ്തിയിലാണ്ട സമയം പ്രജകളുടെ ക്ഷേമാ ഐശ്വര്യങ്ങൾ അറിയാൻ വേണ്ടി ഗ്രാമഗ്രാമാന്തരങ്ങളിലും നഗരനഗരാന്തരങ്ങളിലും പ്രതികൂല കാലാവസ്ഥപോലും വകവെക്കാതെ നടന്നുചെന്നഉമർ (റ) വിന്റെ നീതിബോധം എക്കാലത്തും ചരിത്രത്തിന്റെ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെടുമെന്ന കാര്യം തീർച്ചയാണ്. 


 സൂര്യനസ്തമിക്കാത്ത സാമ്രാജ്യങ്ങൾക്കധിപനായ മഹാനായ ചക്രവർത്തി, ഉടുതുണിക്ക്

മറുതുണിയില്ലാതെ കേവലം ഒരു ഫഖീറിന്റെ രൂപത്തിലാണ് സ്വകാര്യ ജീവിതം നയിച്ചത്. തന്റെ ചെറുതും വലുതുമായ ഓരോ പ്രവർത്തനത്തിലും അല്ലാഹു ﷻ വിന്റെ കോപത്തിന് പാത്രീഭൂതനാകുമോ എന്നുള്ള ഉൾഭയത്തോടുകൂടി വളരെ സൂക്ഷിച്ചാണ് അദ്ദേഹം ജീവിതം മുന്നോട്ട് നയിച്ചത്.


 ഭരണം ഭരണീയരുടെ ക്ഷേമത്തിലെന്നതിലുപരി ഭരണകർത്താക്കളുടെ സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നതിൽ മൽസരിക്കുന്ന ആധുനികയുഗം ഒരു കാരക്കത്തുണ്ടിനുപോലും അല്ലാഹു ﷻ വിനോട് സമാധാനം പറയേണ്ടിവരുമെന്ന ഉത്തമ ബോധ്യത്തോടുകൂടി പ്രജകളുടെ ഐശ്വര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിച്ച ഉമർ (റ) വിന്റെ ജീവചരിത്രം ഒരു നൂറാവർത്തി

വായിക്കേണ്ടതാണ്.


 പരിശുദ്ധ ദീനിനെ തകർക്കാൻ വേണ്ടി ഒരു കൊടുങ്കാറ്റ് പോലെ

ആഞ്ഞടിച്ചെത്തുകയും മാനസാന്തരം വന്ന കൊച്ചുകുഞ്ഞിനെപ്പോലെ കണ്ണുനീരൊഴുക്കുകയും ചെയ്ത ആ ധീരവീര കേസരിയുടെ ചരിത്രത്തിൽ നിന്നുള്ള ഏടുകൾ ഉൾപുളകത്തോടെയല്ലാതെ വായിച്ചുതീർക്കാനാവില്ല. 


 നീതിയുടെ തുലാസിൽ ഒരണുമണിത്തൂക്കം വ്യത്യാസം വരുത്താതെ ഭരണം നടത്തിയിട്ടും തന്റെ പ്രവർത്തനങ്ങളിൽ അപാകതകൾ വന്നിട്ടുണ്ടാകുമോ എന്ന് ഭയന്ന് സർവ്വ ലോക രക്ഷിതാവിനോട് ഇരവോതുന്ന ആ മഹാനായ ഖലീഫയുടെ ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങൾ ഈ പരമ്പരയിലൂടെ അനാവരണം ചെയ്യപ്പെടുകയാണ്. 


 ആ മഹൽ വ്യക്തിത്വത്തിന്റെ മാതൃകാ ജീവിതത്തിലൂടെ ഒരോട്ടപ്രദക്ഷിണം മാത്രമാണ് ഈ പരമ്പര കൊണ്ടുദ്ദേശിക്കുന്നത്. ഉമർ (റ) സുദീർഘമായ പടയോട്ടത്തെക്കുറിച്ചും രാഷ്ട്രീയകാര്യങ്ങളെക്കുറിച്ചും വെറും സൂചനകൾ നൽകാനെ കഴിഞ്ഞിട്ടുള്ളൂ.


 ഈ എളിയ സംരംഭം അല്ലാഹു ﷻ സാലിഹായ അമലായി സ്വീകരിക്കട്ടെ എന്ന പ്രാർത്ഥനയോടെ വായനക്കാരുടെ കരങ്ങളിലേക്ക് ഇതർപ്പിക്കുന്നു.


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm