നബിﷺയുടെ ദേഹവിയോഗാനന്തരം ഇസ്ലാമിലെ ആദ്യത്തെ ഖലീഫയായി സ്ഥാനമെടുത്തവരാണ് ഹസ്റത്ത് അബൂബക്കർ (റ)...
ജീവിത കാലത്തിന്റെ അധികപങ്കും നബിﷺയോടൊപ്പം കുഴിച്ചുകൂട്ടാനും അതുവഴി ജീവിതം ഇസ്ലാമിന്റെ സനാതന മൂല്യങ്ങൾക്കധിഷ്ഠിതമായി കെട്ടിപ്പടുക്കാനും സ്വർഗ്ഗപ്രവേശം ഉറപ്പിച്ച പത്തു മുബശ്ശിറുകളിൽ ഒരാളാകാനും ഭാഗ്യം സിദ്ധിച്ച മഹാനുഭാവനായിരുന്നു അദ്ദേഹം.
ആദ്യമായി പരിശുദ്ധ ഇസ്ലാം ആശ്ലേഷിച്ച പുരുഷനായിരുന്നു സിദ്ദീഖുൽ അക്ബർ (റ). റസൂൽ തിരുമേനിﷺയുടെ കൂടെ ഇസ്ലാമിന്റെ ആവിർഭാവ കാലത്തുതന്നെ ഒന്നിച്ചുചേരുകയും ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും പതറാതെ തളരാതെ അവിടത്തോടൊപ്പം നിൽക്കുകയും
ചെയ്തുകൊണ്ട് മഹത്തായൊരു മാതൃക കാണിച്ചവരാണ് അബൂബക്കർ(റ).
പ്രവാചകൻ ﷺ എന്തു പറയുന്നുവോ അതപ്പടി വിശ്വസിക്കുക, യാതൊരു സംശയത്തിനും മനസ്സിൽ ഇടം കൊടുക്കാതിരിക്കുക. ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവ്.
“റസൂൽ തിരുമേനി ﷺ ഒറ്റ രാത്രികൊണ്ട് ഏഴാകാശങ്ങളിൽ പോയി മടങ്ങി വന്നുവത്രേ...” ഇത്രയും പറഞ്ഞതേയുള്ളു.
അതു കേട്ടയുടനെ അദ്ദേഹം പറഞ്ഞതെന്താണെന്നോ..? “റസൂൽ ﷺ അങ്ങനെ പറഞ്ഞോ? എങ്കിൽ ഞാനതു വിശ്വസിക്കുന്നു.” അതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നബി തിരുമേനിﷺയോടൊപ്പം ഹിജ്റയിൽ സഹയാത്രികനാകാൻ
അപൂർവ്വഭാഗ്യം സിദ്ധിച്ച ഏക വ്യക്തി സിദ്ദീഖ് (റ) ആയിരുന്നു. യാത്രയിലുടനീളം അദ്ദേഹത്തിന് ഉൽക്കണ്ഠയായിരുന്നു.
കുറെ നബിﷺയുടെ മുമ്പിൽ നടക്കും. അതു കഴിഞ്ഞ് കുറെ പിറകെ നടക്കും. തനിക്ക് വല്ലതും പറ്റുമോ. തന്നെ ശത്രുക്കൾ പിടികൂടുമോ. ഇതൊന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ ആശങ്കക്കു കാരണം. പ്രവാചക ശിരോമണിക്ക് വല്ലതും സംഭവിക്കുമോ എന്നായിരുന്നു സിദ്ദീഖിന്റെ ഭയം...
അവിടുത്തെ ശരീരത്തിൽ പൂഴി നുള്ളിയിടുന്നതുപോലും അദ്ദേഹത്തിന് സഹിക്കുമായിരുന്നില്ല. സൗറ് ഗുഹയിൽ നബി ﷺ ആദ്യം പ്രവേശിക്കാനൊരുങ്ങിയപ്പോൾ സിദ്ദീഖ് (റ) തടഞ്ഞു. ക്രൂരമൃഗങ്ങളോ വിഷസർപ്പങ്ങളോ ഉണ്ടെങ്കിൽ തന്നെ ഉപദ്രവിച്ചുകൊള്ളട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ.
തന്റെ തുണി കീറി മാളങ്ങളെല്ലാം അടക്കുകയും, അവശേഷിച്ച മാളം
പാദം കൊണ്ടമർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലിൽ ഉഗ്രവിഷ സർപ്പം ആഞ്ഞുകൊത്തിയപ്പോൾ പോലും ശക്തമായ വേദനയുണ്ടായിട്ടും അനങ്ങാതെ ഇരുന്നു ആ സ്നേഹസമ്പന്നൻ.
നബി ﷺ പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം അവിടുത്തെ സുരക്ഷിതത്വത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അതിനുവേണ്ടി ആത്മത്യാഗം വരിക്കാൻ പോലും സന്നദ്ധരായും അബൂബക്കർ (റ) നിന്നു.
പ്രവാചകന്റെ (ﷺ) ദേഹവിയോഗവാർത്ത സൃഷ്ടിച്ച കോളിളക്കം സ്ഥിതിഗതികളാകെ മാറിമറിഞ്ഞിരിക്കുന്നു. ധീരനായ ഉമർ(റ)പോലും ആ വാർത്ത അവിശ്വസിച്ചു. നബി ﷺ മരണമടഞ്ഞുവെന്ന് പറയുന്നവരെ കൊല ചെയ്യാനാണ് അദ്ദേഹം മുതിർന്നത്. നബിﷺയുടെ വിയോഗവാർത്ത കേട്ട് പലരും മുർത്തദ്ദായി. ചിലർ സക്കാത്ത് കൊടുക്കാൻ വിസമ്മതിച്ചു. ചില കള്ളപ്രവാചകന്മാർ രംഗത്തുവന്നു.
ഈ പരിതസ്ഥിതിയിൽ ജനങ്ങൾക്കാശ്വാസം പകരുകയും അവരെ ശാന്തരാക്കുകയും ധിക്കാരികളോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. അവസരത്തിനൊത്തുയർന്ന മഹത്വത്തിന്റെ ഉടമയാണ് സിദ്ദീഖ്(റ).
ഇസ്ലാമിലെ ഖലീഫയായിട്ടും വെറും സാധാരണക്കാരനായി മാത്രം ജീവിക്കാനിഷ്ടപ്പെട്ട വ്യക്തിയാണദ്ദേഹം. സമ്പത്ത് മുഴുവൻ ഇസ്ലാമിനുവേണ്ടി ചെലവഴിച്ച് വെറുമൊരു ഫഖീറിനെപ്പോലെ ഇഹലോകവാസം
വെടിഞ്ഞ ത്യാഗീവര്യൻ...
തനിക്കുശേഷം ഭരണഭാരം ഏറ്റെടുക്കാൻ നിർദ്ദേശിച്ച ഉമർ(റ)വിനോട് അല്ലാഹുﷻവിനെ സൂക്ഷിക്കാൻ കൽപ്പിച്ച ആ അതുല്യ പ്രതിഭയുടെ ലഘു ജീവചരിത്രമാണ് ഈ പരമ്പരയിലൂടെ ആദ്യം
അവതരിപ്പിക്കുന്നത്. ഖിലാഫത്തിനു ശേഷമുള്ള യുദ്ധചരിത്രങ്ങളിലേക്ക്
വെറും ഒരെത്തിനോട്ടമേ നടത്തിയിട്ടുള്ളു...