Monday - 13 July, 2026 26-Muharram-1448

വഫാത്ത് (2)



   ഭാര്യ പുറപ്പെട്ടപ്പോൾ അലി(റ)വിനു വിഷമമായി. നബിﷺതങ്ങളോടു തന്നെപ്പറ്റി പരാതി പറയുമല്ലോ.

അതോർത്തപ്പോൾ വിഷമം. വേണ്ടിയിരുന്നില്ല. താനിവിടെ ഇങ്ങനെ ഇരുന്നാൽ പറ്റില്ല. കൂടെച്ചെല്ലാം...


 എങ്ങനെയെങ്കിലും ഭാര്യയെ സമാധാനിപ്പിച്ചു കൂട്ടിക്കൊണ്ടുവരണം. അലി(റ) നടന്നു നടന്നു നബിﷺയുടെ വീട്ടിലെത്തി. അപ്പോൾ അകത്തു നിന്നു സംസാരം. ഉപ്പയും മകളും കൂടി

സംഭാഷണം. അലി(റ) അവരുടെ മുമ്പിലേക്കു കടന്നുചെന്നില്ല. അവിടെതന്നെ നിന്നു.


 അപ്പോൾ നബിﷺതങ്ങളുടെ വാക്കുകൾ കേട്ടു. “ഫാത്വിമാ... ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഇതൊക്കെ സാധാരണ സംഭവങ്ങളാണ്. ഭർത്താവിന്റെ സംസാരവും പെരുമാറ്റങ്ങളുമൊക്കെ ഭാര്യയുടെ ഇഷ്ടം നോക്കിയാകണമെന്നില്ല.

നീ പിണങ്ങിപ്പോരരുത്.”


 ആ വാക്കുകൾ കേട്ടപ്പോൾ അലി(റ)വിനു കടുത്ത ദുഃഖം.

അലി(റ) കടന്നു ചെന്നു. എന്നിട്ടു ഭാര്യയോടു പറഞ്ഞു: “ഫാത്വിമാ. ഞാനിനി നിന്നോടു ദേഷ്യപ്പെടുകയില്ല.”പിണക്കം മറന്നു. ഇണക്കമായി. സന്തോഷത്തോടെ മടങ്ങിപ്പോന്നു...


 അലി(റ) മികച്ച കവിയാണ്.

ഫാത്വിമ(റ) കവയിത്രിയുമാണ്.

ചിലപ്പോൾ സംസാരം കവിതയിലായി മാറും.


 നബിﷺതങ്ങളുടെ ശിക്ഷണത്തിൽ വളർന്ന കുട്ടിയാണു ഫാത്വിമ(റ). സംസാരത്തിൽ പോലും നബി ﷺ തങ്ങളുടെ പകർപ്പ്.


അലി-ഫാത്വിമ ദമ്പതികൾക്കു സന്താനങ്ങൾ അഞ്ച്.

ഹസൻ(റ), ഹുസയ്ൻ(റ), മുഹ്സിൻ(റ), സയ്നബ്(റ), ഉമ്മുകുൽസൂം(റ)...


മുഹ്സിൻ(റ) ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. മാതാപിതാക്കളെ ഏറെ ദുഃഖിപ്പിച്ച സംഭവം.


 ഹിജ്റ 11 റമളാൻ മാസത്തിലാണ് ഫാത്വിമയുടെ വഫാത്. റസൂൽ ﷺ വഫാതിനുശേഷം നബികുടുംബത്തിൽ നിന്നും മരണപ്പെടുന്ന ആദ്യത്തെ ആൾ ഫാത്വിമ(റ) ആയിരുന്നു...


 നബിﷺയുടെ പുത്രന്മാർ വളരെ ചെറുപ്പത്തിൽ മരണപ്പെട്ടു. പുത്രിമാർ യൗവനദശയിലും മരണപ്പെട്ടു...