സന്ധിവ്യവസ്ഥകൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരു ചങ്ങലകിലുക്കം. എന്താണത്..? എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി.
ഒരാൾ ചങ്ങലയും വലിച്ചുകൊണ്ട് ഓടിവരികയാണ്...
“അല്ലാഹുവിന്റെ റസൂലേ... എന്നെ രക്ഷിക്കണേ... സത്യവിശ്വാസികളേ... എന്നെ രക്ഷിക്കണേ...”
സുഹൈൽ വർധിച്ച കോപത്തോടെ ചാടിയിറങ്ങി. “എടാ.. നശിച്ചവനേ... നീ എന്തിനു വന്നു..?” മുടിയിൽ പിടിച്ചു വലിക്കുന്നു. ശക്തിയായി പ്രഹരിക്കുന്നു.
“അല്ലാഹുവിന്റെ റസൂലേ... അങ്ങ് ഇതു കാണുന്നില്ലേ..?, സത്യവിശ്വാസികളേ, ഇതു കാണുന്നില്ലേ..?”
കാലിൽ ചങ്ങലയുമായി, നിലവിളിച്ചുകൊണ്ട് ഓടി വന്നത്
അബൂജൻദൻ ആയിരുന്നു - സുഹൈലിന്റെ മകൻ.
അല്ലാഹുവിന്റെ റസൂലും സ്വഹാബത്തും ഹുദയ്ബിയ്യയിൽ എത്തി എന്നറിഞ്ഞപ്പോൾ സഹിച്ചു നിൽക്കാനായില്ല. ചങ്ങല പൊട്ടിക്കാനായി പിന്നത്തെ ശ്രമം. ആ ശ്രമത്തിൽ തൊലിപൊട്ടുകയും ചോര പൊടിയുകയും ചെയ്തു. കിട്ടിയ തക്കത്തിന് ഓടുകയായിരുന്നു.
ഇസ്ലാം മതം സ്വീകരിച്ച ഉടനെ മദീനയിലെത്തണമെന്നായിരുന്നു ആഗ്രഹം. മദീനയിലെത്തിയാൽ രക്ഷകിട്ടുമെന്നു കരുതി. അതു മനസ്സിലാക്കിയ സുഹൈൽ മകനെ ചങ്ങലയിൽ ബന്ധിച്ചു.
അബൂജൻദലിന്റെ വരവ് ഇരുപക്ഷത്തെയും അമ്പരപ്പിച്ചു...
“പോടാ വീട്ടിൽ... പറഞ്ഞതു കേൾക്ക്... സുഹൈൽ അലറി...
“ഇല്ല, ഞാനിനി മക്കയിലേക്കില്ല. അല്ലാഹുവിന്റെ റസൂലിന്റെ
കൂടെ ഞാൻ മദീനയിലേക്കു പോകുന്നു.”
“ഇല്ല, നീ പോകില്ല. ഞാൻ വിടില്ല. നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കും.”
നബി ﷺ സുഹൈലിനോടു ശാന്തസ്വരത്തിൽ പറഞ്ഞു: “അവനെ വെറുതെ വിട്ടേക്കൂ..!”
സുഹൈലിന്റെ മറുപടി പരുഷമായിരുന്നു. “ഹുദയ്ബിയ്യ സന്ധിയനുസരിച്ചു മക്കയിൽ നിന്ന് ആരെങ്കിലും നിങ്ങളുടെ അടുത്തു വന്നാൽ, അവനെ മക്കയിലേക്കു
തിരിച്ചയയ്ക്കണം. ഇവനെ മക്കയിലേക്കയയ്ക്കണം.”
“സന്ധി വ്യവസ്ഥകൾ നടപ്പായിട്ടില്ല. അതുകൊണ്ട് അബൂ ജദൻദലിന് അതു ബാധകമല്ല. അവനെ വിട്ടുതരില്ല.”
പ്രവാചകൻ ﷺ സുഹൈലിനെ അറിയിച്ചു.
“സന്ധി വ്യവസ്ഥ നടപ്പിലായിക്കഴിഞ്ഞു. അവനെ മക്കയിലേക്കു മടക്കി അയയ്ക്കണം. അല്ലെങ്കിൽ സന്ധിതന്നെ വേണ്ട.”
പ്രവാചകൻ ﷺ വിഷമത്തിലായി.
അബൂജൻദലിന്റെ സമീപം വന്നു പ്രവാചകൻ ﷺ പറഞ്ഞു: “അബൂജൻദൽ, ക്ഷമിക്കുക. കുറച്ചു കാലം കൂടി ക്ഷമിക്കുക. വിജയം അടുത്തെത്തിയിരിക്കുന്നു. ഇപ്പോൾ മക്കയിലേക്കു തന്നെ മടങ്ങിപ്പോയ്ക്കൊള്ളൂ.”
“എന്നെ ഈ കൂരന്മാർക്കു തന്നെ വിട്ടുകൊടുക്കുകയാണോ..?” അബൂ ജൻദൽ കേണു...
അബൂ ജൻദലിനെയും വലിച്ചു
കൊണ്ടു സുഹൈൽ നടന്നുനീങ്ങുമ്പോൾ സ്വഹാബികൾ പകച്ചുനിന്നുപോയി. ഇതെന്തു സന്ധി..? എന്തു വ്യവസ്ഥ..?
ഇങ്ങനെയുണ്ടോ ഒരവസ്ഥ..!