Wednesday - 22 April, 2026 4-Dhu al-Qadah-1447

മുഅ്തത്ത് യുദ്ധം

സിറിയയിലെ ഭരണാധികാരിയായിരുന്നു ഹാരിസുൽ ഗസ്സാനി. അദ്ദേഹത്തെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി മദീനയിൽ നിന്നു പുറപ്പെട്ടതു ശുജാഅ് ബ്നു വഹാബ് എന്ന സ്വഹാബിയായിരുന്നു.


 സ്വഹാബിവര്യൻ ഡമസ്കസിലെത്തി. കൊട്ടാരത്തിലേക്കുചെന്നു. ദൂതനാണെന്നറിഞ്ഞപ്പോൾ കൊട്ടാരത്തിലേക്കു കടത്തി

വിട്ടു. കത്തു കൊടുത്തു. കത്തിലെ ആശയം മനസ്സിലാക്കിയപ്പോൾ

ഹാരിസിനു കോപം വന്നു...


 “എന്റെ അധികാരം തകർക്കാൻ ആരുണ്ട്..?” ധിക്കാരം ബാധിച്ച ഹാരിസ് പ്രവാചകരുടെ (ﷺ) ക്ഷണക്കത്ത്

അവഗണിച്ചു...


 ബുസ്റാ ഗവർണറുടെ അടുത്തേക്കു പ്രവാചകൻ ﷺ ഒരു ദൂതനെ അയച്ചിരുന്നു. ശാമിലേക്കു പോകുന്ന വഴിയിലാണ് മുഅ്ത എന്ന സ്ഥലം. അവിടെ എത്തിയപ്പോൾ ഒരു നേതാവ് ദൂതനെ തടഞ്ഞു. നേതാവിന്റെ പേര് ശുറഹ്ബീൽ എന്നായിരുന്നു. ദൂതന്റെ പേര് ഹാരിസ് ബ്‌നു ഉമയ്ർ എന്നായിരുന്നു.


 “നീ ആരാണ്, എവിടെ പോകുന്നു..?” - ശുറഹ്ബീൽ ചോദിച്ചു.


 “ശാമിലേക്കു പോകുന്ന ഒരു ദൂതനാണ്.” - സ്വഹാബിയുടെ മറുപടി.


“മുഹമ്മദിന്റെ ദൂതനാണോ..?” - ധിക്കാരത്തോടെയുള്ള ചോദ്യം.


 “അതേ.”


 “അതേയോ, ആ ധിക്കാരിയുടെയോ? നിന്നെ ഞാൻ വിടില്ല. നിന്നെ കൊന്നിട്ടുതന്നെ കാര്യം..!”


 പ്രവാചകന്റെ (ﷺ) ദൂതനാണെന്നു കേട്ടതോടെ ശുറഹ്ബീലിന്റെ

രക്തം തിളച്ചു. വാളൂരി. ഒരൊറ്റ വെട്ട്. നിസ്സഹായനായ ദൂതൻ കൊല്ലപ്പെട്ടു..!!


 ഈ സംഭവം പ്രവാചകനെ (ﷺ) വല്ലാതെ ദുഃഖിപ്പിച്ചു. ഒരു യുദ്ധത്തിലാണു കാര്യങ്ങൾ ചെന്നെത്തിയത്. ഈ യുദ്ധമാണ് മുഅ്തത്ത് യുദ്ധം.