ഫാത്വിമ(റ) പ്രതീക്ഷയോടെ വീട്ടിൽ നിന്നിറങ്ങി നടന്നു. പിതാവിന്റെ സമീപത്തെത്തി. അവിടെ എത്തിയപ്പോൾ ലജ്ജ തോന്നി.
ഒരു വേലക്കാരിയെ വേണമെന്ന് എങ്ങനെ പറയും..? വീട്ടുജോലികളൊക്കെ താൻ തന്നെ ചെയ്യേണ്ടതല്ലേ..!
“എന്താ മോളെ വിശേഷം..?” - നബി ﷺ സ്നേഹപൂർവം മകളോടു ചോദിച്ചു.
“ഒന്നുമില്ല... ഉപ്പാ... വെറുതെ വന്നതാണ്.” വന്ന കാര്യം പറയാതെ തിരിച്ചുപോന്നു...
ഭാര്യ വെറുംകയ്യോടെ തിരിച്ചുവരുന്നതു കണ്ടപ്പോൾ ഭർത്താവിന് ഉത്കണ്ഠ.
“ഫാത്വിമാ എന്തു പറ്റി..?”
“എനിക്കു ലജ്ജ തോന്നി. ഞാനൊന്നും പറഞ്ഞില്ല...”
“നിന്റെ ഒരു ലജ്ജ. വരൂ നമുക്കു രണ്ടുപേർക്കും കൂടി പോകാം.” അലി(റ) നിർദേശിച്ചു.
ഒരു വേലക്കാരിയെ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. ചെന്നു
ചോദിക്കാൻ ലജ്ജ അനുവദിച്ചില്ല. ഭർത്താവ് സ്നേഹപൂർവം നിർബന്ധിച്ചപ്പോൾ പോകാമെന്നു തീരുമാനിച്ചു. ഇരുവരും പുറപ്പെട്ടു...
നബിﷺതങ്ങളുടെ സമീപമെത്തി. സലാം ചൊല്ലി...
അലി(റ) വിനയപൂർവം ഇങ്ങനെ ഉണർത്തി: “ഫാത്വിമ വല്ലാതെ വിഷമിച്ചുപോയി. തിരിക്കല്ല് തിരിച്ചു
കയ്യിൽ നീരുകെട്ടി. അടുപ്പിൽ ഊതിയൂതി മുഖത്തിന്റെ നിറം മങ്ങി. കൈ പൊള്ളി. ഒരു വേലക്കാരിയെ കിട്ടിയാൽ കൊള്ളാം.” ഫാത്വിമ(റ) ലജ്ജയോടെ നിന്നു. വേണ്ടായിരുന്നു എന്ന തോന്നൽ...
നബി ﷺ ഇങ്ങനെ മറുപടി നൽകി...
“ദാസിമാരുണ്ട്. പക്ഷേ, നിങ്ങൾക്ക് അവകാശപ്പെട്ടതല്ല.” മറുപടി കേട്ടപ്പോൾ പിന്നൊന്നും പറയാൻ കഴിഞ്ഞില്ല...
രാത്രി സമയം. ഉള്ളതു കഴിച്ചു. ഉറങ്ങാൻ നേരമായി. ഉറങ്ങാൻ ഒരുങ്ങുമ്പോൾ വാതിലിൽ മുട്ടുന്നു.
വാതിൽ തുറന്നു. നബി ﷺ മുമ്പിൽ നിൽക്കുന്നു...
നബിﷺതങ്ങൾ അവരോടിങ്ങനെ പറഞ്ഞു: “നിങ്ങൾ എന്നോട് ഒരു ദാസിയെ ചോദിച്ചു. ഒരു ദാസിയെ ലഭിക്കുന്നതിനെക്കാൾ ഉത്തമമായ കാര്യം ഞാൻ നിങ്ങൾക്കു പഠിപ്പിച്ചുതരാം...
"ഉറങ്ങാൻ പോകുമ്പോൾ
സുബ്ഹാനല്ലാഹ് എന്നു മുപ്പത്തിമൂന്നുപ്രാവശ്യം ചൊല്ലുക.
അൽഹംദുലില്ലാഹ് എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക.
അല്ലാഹു അക്ബർ എന്നു മുപ്പത്തിമൂന്നു പ്രാവശ്യം
ചൊല്ലുക.
നിങ്ങളുടെ ജോലികൾ നിങ്ങൾതന്നെ ചെയ്തുതീർക്കണം.
ഇവിടത്തെ സുഖങ്ങളെപ്പറ്റിയല്ല ചിന്തിക്കേണ്ടത്. പരലോകത്തെ സുഖങ്ങളെപറ്റി ചിന്തിക്കണം. അതിനുള്ള മാർഗം ചിന്തിക്കണം.”
ഉപ്പയുടെ ഉപദേശം മകളുടെ മനസിനെ വല്ലാതെ സ്പർശിച്ചു. പരലോകത്തെ സുഖങ്ങളെ കുറിച്ചാണു ചിന്തിക്കേണ്ടത്. ഇവിടത്തെ എല്ലാ സുഖങ്ങളും ത്യജിക്കാം. പരലോകത്തെ വിജയം ലഭിച്ചാൽ മതി. അതിനുവേണ്ടി ഏതു കടുത്ത ത്യാഗവും ചെയ്യാം. ഫാത്വിമ(റ)യുടെ മനസ് അതിനു തയ്യാറായി...
പിന്നീടുള്ള ജീവിതം പരീക്ഷണങ്ങളുടേതായിരുന്നു.
ആഹാരമില്ലാത്ത നാളുകൾ. നോമ്പെടുത്ത പകലുകൾ.
ആരാധനകൾ നിറഞ്ഞ രാവുകൾ.
ദിവസങ്ങൾ അവർക്കിടയിലൂടെ ഒഴുകി...