ഒരു കഥ കൂടി പറയാം...
സഅ്ദ് ബ്നു അബീവഖാസ് (റ) ഇസ്ലാം വിശ്വസിച്ചു. വിവരമറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മാതാവ് കലിതുള്ളി. മകൻ ഇസ്ലാമിൽ നിന്നു പിന്മാറണം. അതാണാവശ്യം. അനുസരിച്ചില്ല...
അവർ മകനെ ശാസിച്ചു, ഉപദേശിച്ചു, ഭീഷണിപ്പെടുത്തി, ശകാരിച്ചു. ഉമ്മയുടെ വാശി മൂത്തു. ഒരു സ്വൈരവുമില്ല. ഒടുവിൽ ഉമ്മയുടെ ഉഗ്ര ശപഥം.
“നീ മുഹമ്മദിന്റെ മതം ഉപേക്ഷിക്കുന്നതുവരെ ഞാൻ ആഹാരം കഴിക്കില്ല. വെള്ളം കുടിക്കില്ല. ഇതു സത്യം.” ഉമ്മയുടെ ശപഥം കേട്ടു മകൻ ഞെട്ടിപ്പോയി. അദ്ദേഹം പരിഭ്രാന്തനായി..!!
ആവുംവിധം മാതാവിനെ പിന്തിരിപ്പിക്കാൻ നോക്കി. ഉമ്മയുടെ വാശി തണുത്തില്ല. നിരാഹാര സത്യാഗ്രഹം...
സത്യാഗ്രഹം ഒരു ദിവസം പിന്നിട്ടു. മാതാവ് ക്ഷീണിതയായി. മകൻ കരഞ്ഞു പറഞ്ഞുനോക്കി. ഒരു രക്ഷയുമില്ല.
“നിരാഹാരം കിടന്നു ഞാൻ മരിച്ചു കളയും. ഉമ്മയെ കൊന്നവൻ എന്ന ദുഷ്പേരു നിനക്കുണ്ടാകും.” ഉമ്മയുടെ അന്ത്യശാസനം..!!
സഅ്ദ് (റ) സങ്കടത്തിലായി. ഒരു വശത്ത് ഉമ്മയോടുള്ള കടപ്പാട്. മറുവശത്ത് വിശ്വാസ സംരക്ഷണത്തിന്റെ പ്രശ്നം. എന്തു ചെയ്യും..?
നിർണായക നിമിഷങ്ങൾ. ഉമ്മ അവശയായി കിടക്കുകയാണ്. സഅ്ദ് ബ്നു അബീവഖാസ്(റ)വിന്റെ മനസ്സുണർന്നു. സത്യവിശ്വാസം വെട്ടിത്തിളങ്ങി.
അദ്ദേഹം ഉമ്മ കിടക്കുന്ന മുറിയിലേക്ക് ഒരു കൊടുങ്കാറ്റുപോലെ കടന്നുചെന്നു. സർവ ശക്തിയുമെടുത്ത് ഒറ്റ പ്രഖ്യാപനം:
“ഉമ്മാ, കേട്ടുകൊള്ളുക..! നിങ്ങൾക്കു നൂറു ജന്മം ഉണ്ടാവുകയും അതെല്ലാം എന്റെ വിശ്വാസം മാറ്റാൻ വേണ്ടി ബലികഴിക്കുകയും ചെയ്താൽപോലും ഞാനെന്റെ വിശ്വാസം ഉപേക്ഷിക്കുകയില്ല. അതുകൊണ്ട് ഇഷ്ടമുണ്ടെങ്കിൽ നിരാഹാരം നിറുത്തുക. അല്ലെങ്കിൽ
തുടരുക.”
ഇപ്പോൾ ഞെട്ടിയത് ഉമ്മയാണ്. മകന്റെ വിശ്വാസത്തിനു മുമ്പിൽ ആ മാതാവ് തോറ്റുപോയി. അവർ നിരാഹാരം അവസാനിപ്പിച്ചു...
ഇതൊരു ഗുണപാഠമാണ്. അല്ലാഹുﷻവിനെ അനുസരിക്കുന്ന കാര്യത്തിൽ മാതാപിതാക്കളാണ് എതിരു നിൽക്കുന്നതെങ്കിൽ അവരെപ്പോലും അവഗണിക്കുക...