റസൂലിനു (ﷺ) മകളോടുള്ള സ്നേഹം പ്രസിദ്ധമാണ്. ഖദീജ(റ)യുടെ ശേഷം റസൂലിന്റെ (ﷺ) തണലും ആശ്വാസവും ഈ മകളായിരുന്നു. പിതാവിനെ അളവറ്റു സ്നേഹിച്ചു. പിതാവ് കണക്കറ്റുലാളിച്ചു...
ഫാത്വിമ വീട്ടിലേക്കു വരുന്നതു കണ്ടാൽ നബി ﷺ പുറത്തേക്ക് ഓടിച്ചെല്ലും. കൈ പിടിച്ചു സ്വീകരിക്കും, വീട്ടിനകത്തേക്കു കൂട്ടിക്കൊണ്ടുവരും. അരികിൽ പിടിച്ചിരുത്തും.
ഫാത്വിമ എന്റെ കരളിന്റെ കഷ്ണമാണ്. ഒരിക്കൽ പറഞ്ഞു.
അവൾക്കു വിഷമമുണ്ടാകുന്നതൊന്നും ആ പിതാവ് സഹിച്ചില്ല. ഏതു തിരക്കിലും മകളെ ചെന്നു കാണും. കുശലം പറയും. സന്തോഷം പങ്കിടും...
* * * * *
ഹിജ്റ കഴിഞ്ഞു രണ്ടു വർഷങ്ങൾക്കു ശേഷം.
ഒരു ദിവസം അലി(റ) നബിﷺതങ്ങളെ കാണാനെത്തി.
“ഫാത്വിമയെ തനിക്കു വിവാഹം ചെയ്തുതരുമോ..?” മടിച്ചാണു ചോദിച്ചത്.ആ ചുണ്ടുകളിൽ മന്ദഹാസം. അലി(റ)വിന് ആശ്വാസം...
“മഹ്റിനും മറ്റും വകയുണ്ടോ നിന്റെ കയ്യിൽ..?”നബിﷺതങ്ങളുടെ ചോദ്യം അലി(റ)യെ വിഷമിപ്പിച്ചു.
വളരെ പതുക്കെ മറുപടി നൽകി. “ഒരു കുതിരയുണ്ട്. ഒരു പടച്ചട്ടയും.”
കേട്ടപ്പോൾ നബി ﷺ മന്ദഹസിച്ചു. പടച്ചട്ട നബി ﷺ നേരത്തെ കൊടുത്തതായിരുന്നു. “പടച്ചട്ട വിറ്റു വിവാഹച്ചെലവുകൾ നടത്തിക്കോളൂ...”
സമ്മതം കിട്ടി. മനസ്സു നിറയെ സന്തോഷം. ആഹ്ലാദപൂർവം മടങ്ങിപ്പോയി. നബിﷺതങ്ങൾ മോളെ അടുത്തുവിളിച്ചു. സ്നേഹപൂർവം ചോദിച്ചു.
“അലി നിന്നെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. നിനക്കു
സമ്മതമാണോ..?”
ഫാത്വിമക്കു നാണം. നാണംകൊണ്ടു മുഖം തുടുത്തു. ഒന്നും മിണ്ടിയില്ല. മൗനം. ആ മൗനം സമ്മതമായി പരിഗണിച്ചു. സുന്ദരിയും സൽഗുണസമ്പന്നയുമായ ഫാത്വിമ അലി(റ)വിന്റെ സഹധർമിണിയാകാൻ പോകുന്നു...
അലി (റ) പടച്ചട്ട വിറ്റു. ഉസ്മാൻ (റ) അതുവാങ്ങി. നല്ല വില കൊടുത്തു.
വിവാഹത്തിനു തിയ്യതി നിശ്ചയിച്ചു.
സത്യവിശ്വാസികൾക്കു സന്തോഷവാർത്ത...