Saturday - 13 June, 2026 26-Dhu al-Hijjah-1447

അബൂസുഫ്യാൻ റോമിൽ (1)

 മുഹമ്മദ് നബിﷺതങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിലേക്കുള്ള പ്രവാചകനല്ല. ഒരു കാലഘട്ടത്തിലേക്കോ ഒരു രാജ്യത്തേക്കോ ഉള്ള പ്രവാചകനല്ല. എല്ലാ കാലത്തേക്കും എല്ലാ സമൂഹത്തിലേക്കുമുള്ള ദൂതനാണ്...


 അന്ത്യപ്രവാചകനാണ്. ഇനിയൊരു പ്രവാചകനില്ല. അല്ലാഹു ﷻ നൽകിയ സന്ദേശം. അന്ത്യനാൾ വരെയുള്ള

വർക്കാണ്. അന്ത്യനാൾ വരെയുള്ളവർക്ക് അതെത്തിച്ചുകൊടുക്കാനുള്ള സംവിധാനം വേണം.


 അറേബ്യയുടെ അതിരുകൾക്കപ്പുറത്തേക്ക് ഇസ്ലാമിക സന്ദേശം എത്തിക്കാൻ സമയമായിരിക്കുന്നു.


 ലോകത്തിലെ ഏറ്റവും പ്രബലമായ രണ്ടു ശക്തികളാണു റോമാ സാമ്രാജ്യവും പേർഷ്യൻ സാമ്രാജ്യവും. റോമും പേർഷ്യയും തമ്മിൽ ഇടയ്ക്കിടെ യുദ്ധങ്ങൾ നടക്കും. വിജയം അവരെ മാറിമാറി അനുഗ്രഹിക്കും.


 റോമയുടെ ഭരണാധികാരിയെ ഹിർഖൽ (ഹിരാക്ലിയസ്) എന്നു വിളിക്കുന്നു. പേർഷ്യൻ രാജാവിനെ കിസ്റ (കൊസ്റോസ്) എന്നും വിളിക്കുന്നു.


 ജനങ്ങൾ റോമിനെ കുറിച്ചു കേൾക്കുമ്പോഴും പേർഷ്യയെ

കുറിച്ചു കേൾക്കുമ്പോഴും ഭയന്നിരുന്നു. അവരുടെ ശക്തിയും

സ്വാധീനവും ജനഹൃദയങ്ങളെ പേടിപ്പെടുത്തുമായിരുന്നു. അവരെ എതിർക്കാൻ ലോകത്താരുമില്ല.

അവർക്ക് ആരെയും ആക്രമിക്കാം. അധീനപ്പെടുത്താം. ചോദ്യം ചെയ്യപ്പെടാത്ത ശക്തികൾ - വൻ ശക്തികൾ.


 യമൻ, ഇറാഖ്, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം റോമാ ചക്രവർത്തിയായ ഹിരാക്ലിയസിന്റെ കീഴിലായിരുന്നു.


 വളരെ വിശാലമായ ഭൂപ്രദേശം പേർഷ്യൻ ചക്രവർത്തി കൊറോസിന്റെ കീഴിലും ഉണ്ടായിരുന്നു. ആഡംബരത്തിലും

അലങ്കാരത്തിലും ശക്തി പ്രകടനത്തിലും പേർഷ്യൻ കൊട്ടാരം ലോകത്തെതന്നെ അത്ഭുതങ്ങളിലൊന്നായിരുന്നു. പേർഷ്യൻ കൊട്ടാരത്തിലെ പരവതാനികളും അലങ്കാര ദീപങ്ങളും കണ്ടു സഞ്ചാരികൾ അത്ഭുതപ്പെട്ടിരുന്നു. 


 അങ്ങനെയുള്ള പേർഷ്യൻ ചക്രവർത്തിയെയും റോമാ ചക്രവർത്തിയെയും മറ്റും ഇസ്ലാമിലേക്കു ക്ഷണിക്കാൻ സമയമായിരിക്കുന്നു.


 പ്രവാചകൻ ﷺ ഒരു കൂട്ടം ഭരണാധികാരികളെ ഇസ്ലാമിലേക്കു

ക്ഷണിച്ചു കത്തയയ്ക്കാൻ തീരുമാനിച്ചു. ആർക്കൊക്കെയാണു കത്തുകൾ അയക്കേണ്ടത്..?


 ഹിരാക്ലിയസ്, അദ്ദേഹത്തിന്റെ ഈജിപ്തിലെ ഗവർണർ മുഖൗഖിസ്,

കൊറോസ്, ഹീറാ രാജാവ് ഹാരിസുൽ ഗസ്സാനി, യമൻ രാജാവ് ബാദാൻ, അബ്സീനിയയിലെ നീഗസ് രാജാവ്, കത്തുകൾ എഴുതിക്കണം. മുദ്രവയ്ക്കണം. മുഹമ്മദുർറസൂലുല്ലാഹ് എന്ന മുദ്രണം ചെയ്തു വെള്ളി മോതിരം തയ്യാറാക്കി, മുദ്ര വയ്ക്കാൻ...


 ഒരു ദിവസം നബി ﷺ തന്റെ സ്വഹാബികളോട് ഇങ്ങനെ പ്രഖ്യാപിച്ചു: “സകല ലോകത്തിനും അനുഗ്രഹമായിട്ടാണ് അല്ലാഹു ﷻ

എന്നെ നിയോഗിച്ചിട്ടുള്ളത്. ഈസാ നബി(അ)ന്റെ അനുയായികൾ ഭിന്നിച്ചതുപോലെ നിങ്ങൾ ഭിന്നിക്കരുത്. നിങ്ങളെ ഞാൻ ഏതൊന്നിലേക്കാണോ ക്ഷണിച്ചത് അതിലേക്കു തന്നെയാണു മർയമിന്റെ മകൻ ഈസയും ജനങ്ങളെ ക്ഷണിച്ചത്.


 സമീപപ്രദേശങ്ങളിലേക്കു ചിലരെ നിയോഗിച്ചു. അവർ സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുത്തു. വിദൂരപ്രദേശങ്ങളിലേക്കു നിയോഗിക്കപ്പെട്ടവർ ഈസയെ വെറുത്തു; മടിച്ചുനിന്നു.”


 നബി ﷺ തങ്ങളുടെ പ്രഖ്യാപനം തങ്ങൾ ഏറ്റെടുക്കാൻ പോകുന്ന ദൗത്യത്തിന്റെ ഗൗരവം സ്വഹാബികളെ ബോധ്യപ്പെടുത്തി...