Wednesday - 22 April, 2026 4-Dhu al-Qadah-1447

നിരാഹാര സത്യാഗ്രഹം (1)

 ജുറയ്ജ് എന്ന വലിയ്യിന്റെ ചരിത്രം കേട്ടിട്ടുണ്ടോ..? 


 വലിയ പണ്ഡിതൻ. രാപകലില്ലാതെ ആരാധനകളിൽ മുഴുകിയ പുണ്യപുരുഷൻ. അല്ലാഹുﷻവിന്റെ ഔലിയാക്കളിൽപെട്ട മഹാൻ, പറഞ്ഞിട്ടെന്താ കാര്യം...


 ജനങ്ങൾ പൊതിരെ തല്ലി..!, ആരാധനാലയം തീയിട്ടു..!, എന്തെല്ലാം കഷ്ടപ്പാടുണ്ടായി. അതിൽ എന്താണു കാരണം..? 


 ഉമ്മ വിളിച്ചു, മകൻ വിളി കേട്ടില്ല.

ഉമ്മയുടെ മനസു നൊന്തു. അതുതന്നെ കാരണം. വലിയ കഥയാണ്. മദ്റസയിൽ പോകുമ്പോൾ ഉസ്താദുമാരോടു ചോദിക്കുക, പറഞ്ഞുതരും...


***


 ഇതു കേട്ടോളൂ. അബൂഹുറയ്റ (റ) എന്ന സ്വഹാബി.

അദ്ദേഹത്തിന്റെ ഉമ്മ ഇസ്ലാം മതം വിശ്വസിച്ചില്ല. മാത്രമല്ല; മുസ്ലിമായതിന്റെ പേരിൽ മകനെ ചീത്ത പറയുകയും ചെയ്യും. ഉമ്മയല്ലേ? അബൂഹുറയ്റ(റ) ക്ഷമിച്ചു...


 ഉമ്മയുടെ ശകാരം നബിﷺയുടെ നേരെയുമായപ്പോൾ അബൂഹുറയ്റ(റ)വിനു സഹിച്ചില്ല. മുഹമ്മദ് (ﷺ) തന്റെ മകനെ വഴിതെറ്റിച്ചു കളഞ്ഞു എന്നാണു പാവം സ്ത്രീയുടെ ധാരണ..!!


 അബൂഹുറയ്റ(റ) കരഞ്ഞുകൊണ്ടു നബിﷺയുടെ അടുത്തു വന്നു. “എന്റെ ഉമ്മാക്ക് ഹിദായത്തു കിട്ടാൻ ദുആ ചെയ്യണം. സ്നേഹനിധിയായ ഒരു മകന്റെ ആവശ്യം. നബി ﷺ ദുആ ചെയ്തു.


 സ്വഹാബിവര്യൻ വീട്ടിലേക്കു ചെന്നു. അത്ഭുതം..! ഉമ്മയെ കാണാനില്ല. വാതിലടച്ചിരിക്കുന്നു. അകത്തു കുളിക്കുന്ന ശബ്ദം.


 “മകനേ കാത്തിരിക്കൂ... ഞാനിതാ വരുന്നു.” ഉമ്മ അകത്തു നിന്നു വിളിച്ചു പറയുന്നു...


 അൽപം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു. ഉമ്മ പുറത്തു വന്നു. അബൂഹുറയ്റ(റ) അത്ഭുതപ്പെട്ടുപോയി. ആളാകെ മാറിയിരിക്കുന്നു. കുളിച്ചു നല്ല വസ്ത്രം ധരിച്ചു മുഖമക്കനയിട്ടു സുസ്മേരവദനയായി പുഞ്ചിരിച്ചു നിൽക്കുന്ന ഉമ്മ...


“ലാ ഇലാഹ ഇല്ലല്ലാഹ്...” ഉമ്മ ഇസ്ലാം സ്വീകരിച്ചു കഴിഞ്ഞു. അബൂഹുറയ്റ(റ)വിന് ആഹ്ലാദം സഹിക്കാനായില്ല. അദ്ദേഹം പള്ളിയിലേക്ക് ഓടി...


 “നബിയേ... എന്റെ ഉമ്മ വിശ്വാസിയായി.” അദ്ദേഹം സന്തോഷപൂർവം വിളിച്ചു പറഞ്ഞു...