Wednesday - 22 April, 2026 4-Dhu al-Qadah-1447

അവർക്കു സ്വർഗ്ഗമില്ല (2)

ഒരിക്കൽ ഇബ്നു മസ്ഊദ് (റ) നബി ﷺ തങ്ങളോടു ചോദിച്ചു: “അല്ലാഹുﷻവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി ഏതാണ്..?”


“കൃത്യസമയത്തുള്ള നിസ്കാരം” - നബി ﷺ പറഞ്ഞു.


“പിന്നെയോ..?


“മാതാപിതാക്കൾക്കു ഗുണം ചെയ്യൽ.” 


“പിന്നെയോ..?”


“അല്ലാഹുﷻവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യൽ”


 വിശുദ്ധ ഖുർആനിലെ നിസാഅ് എന്ന അധ്യായത്തിൽ വന്ന ഒരു സൂക്തം റസൂൽ ﷺ സ്വഹാബികൾക്ക് ഇങ്ങനെ വിവരിച്ചു കൊടുത്തു: “അല്ലാഹുﷻവിനെ മാത്രം ആരാധിക്കുക. അവനു പങ്കുകാരെ ചേർക്കരുത്. മാതാപിതാക്കൾക്കു ഗുണം ചെയ്യുക.”


 മക്കൾക്കും യുവത്വവും പ്രസരിപ്പും കഴിവും ഉണ്ടാകുമ്പോഴേക്ക് സ്വാഭാവികമായും മാതാപിതാക്കൾ വൃദ്ധന്മാരും നിസ്സഹായരുമായിത്തീരുമല്ലോ. ചിലപ്പോൾ അവർ രോഗികളായിത്തീരും.


 ഈ ഘട്ടത്തിൽ മാതാപിതാക്കളെ ശുശ്രൂഷിക്കേണ്ടതും പരിചരിക്കേണ്ടതും മക്കളുടെ കടമയാണ്.


 മാതാപിതാക്കൾ വൃദ്ധന്മാരായാൽ അവരോടു പെരുമാറേണ്ടതെങ്ങനെ..? ഇതേക്കുറിച്ചു വന്ന ഒരു ഖുർആൻ സൂക്തം നബിﷺതങ്ങൾ അനുചരന്മാർക്ക് ഇങ്ങനെ വിവരിച്ചു

കൊടുത്തു:


 “മാതാപിതാക്കളിൽ രണ്ടാളുമോ ഒരാളോ വാർധക്യം ബാധിച്ചു നിന്റെ കൂടെ ഉണ്ടായാൽ അവരെ നിന്ദിക്കും വിധം ഛെ എന്ന വാക്കുപോലും പറയരുത്. മാന്യമായി പെരുമാറുക. അവരോട് അന്തസുള്ള വർത്തമാനം പറയുക. അവർക്കു കരുണ ചെയ്യുക. അല്ലാഹുവേ ചെറുപ്പത്തിൽ നിന്നെ പരിചരിച്ചതിനു പകരമായി അവരെ അനുഗ്രഹിക്കേണമേ എന്ന് അവർക്കുവേണ്ടി പ്രാർത്ഥിക്കുക...”


  ഛെ എന്ന വാക്കു പറയുന്നതു മാത്രമല്ല തെറ്റ്. മുഖത്തു വെറുപ്പ് പ്രകടമാകും വിധം അവരെ നോക്കരുത്.


 നിങ്ങളിൽ ആരെങ്കിലും ഗൗരവപൂർവം - തീക്ഷണമായി മാതാപിതാക്കളുടെ മുഖത്തു നോക്കിയിട്ടുണ്ടോ..? എങ്കിൽ

നിങ്ങൾ ചെയ്ത മുഴുവൻ സൽകർമ്മങ്ങളും പൊളിഞ്ഞു പോകുമെന്നു നബി ﷺ പറയുന്നു.

എത്ര ഗൗരവമുള്ള താക്കീത്..!


 മാതാപിതാക്കളെ ആദരിക്കുക. സഹായിക്കുക. പരിചരിക്കുക.

അവരെ അനുസരിക്കുക. അവരുടെ തൃപ്തി സമ്പാദിക്കുക. മാതാപിതാക്കളുടെ തൃപ്തി കിട്ടാത്തവർക്കു സ്വർഗ്ഗമില്ല..! 


 മാതാപിതാക്കളുടെ തൃപ്തി ഒരാൾ നേടിയാൽ അവൻ അല്ലാഹുﷻവിന്റെ തൃപ്തി നേടി. മാതാപിതാക്കളെ ഒരാൾ പ്രകോപിപ്പിച്ചാൽ അവൻ അല്ലാഹുﷻവിനെ പ്രകോപിപ്പിച്ചു. ഇതും നബി ﷺ പറഞ്ഞതാണ്.


 നിങ്ങൾക്കു പഠിച്ചു പഠിച്ചു വലിയ പണ്ഡിതനാകാം. വലിയ അത്ഭുത സിദ്ധികൾ കാണിക്കുന്ന വലിയ്യ് ആകാം. ലോകം മുഴുവൻ ആരാധിക്കുന്ന നേതാവാകാം.

പക്ഷേ, മാതാപിതാക്കൾ നിങ്ങളെ ശപിച്ചോ..? ഒരു രക്ഷയുമില്ല..!!