ഇനിയുള്ള കുറച്ചു ഭാഗങ്ങൾ കുട്ടികൾ വളരെ ശ്രദ്ധിച്ചു വായിക്കണം. വായിച്ചതു നന്നായി ഓർമയിൽ വയ്ക്കുകയും വേണം.
വിഷയം അത്രയേറെ പ്രധാനപ്പെട്ടതാണ്.
ഒരു പ്രമുഖ സ്വഹാബിവര്യന്റെ ചരിത്രം കൊണ്ടു തുടങ്ങാം. സ്വഹാബിയുടെ പേര് അൽഖമ(റ)...
അൽഖമ(റ) രോഗശയ്യയിലായി. രോഗം മൂർച്ഛിച്ചു മരണാസന്നനായി കഴിഞ്ഞു.
അറിയാമല്ലോ; മരണം ആസന്നനായ വ്യക്തിക്ക് ശഹാദത്ത് കലിമ ലാഇലാഹ ഇല്ലല്ലാഹ് എന്നു ചൊല്ലിക്കൊടുക്കും. ചിലർ അതു തനിയെ ചൊല്ലും. ചൊല്ലാത്തവർക്കു ചെറിയ ശബ്ദത്തിൽ ചൊല്ലിക്കൊടുക്കണം.
സുഹൃത്തുക്കൾ അൽഖമ(റ)നു ശഹാദത്തു കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അദ്ദേഹം അതു ചൊല്ലാൻ കൂട്ടാക്കുന്നില്ല..!
ആകെ പരിഭ്രമമായി. പലരും ആവർത്തിച്ചു ശ്രമിച്ചിട്ടും ഫലമില്ല.
അൽഖമ(റ) റസൂലിന്റെ (ﷺ) സ്വഹാബിയാണ്. നല്ല മനുഷ്യനാണ്. അങ്ങനെയൊരാൾ ശഹാദത്ത് ഉച്ചരിക്കാതെ മരിക്കുകയോ? ചിലർ റസൂലിന്റെ (ﷺ) അടുത്തേക്കോടി...
“അല്ലാഹുവിന്റെ റസൂലേ, അൽഖമ മരണാസന്നനാണ്. പക്ഷേ, അദ്ദേഹം ശഹാദത്ത് ഉച്ചരിക്കുന്നില്ല.
നബി ﷺ അൽഖമയെ കുറിച്ച് അന്വേഷിച്ചു. കിട്ടിയ വിവരങ്ങൾ നല്ലത്. കൃത്യമായി നിസ്കരിക്കും. നോമ്പു പിടിക്കും. കഴിവുപോലെ ദാനധർമങ്ങൾ ചെയ്യും. അങ്ങനെയെങ്കിൽ കാര്യമായ കുഴപ്പമുണ്ടെന്നു റസൂലിനു (ﷺ) തോന്നി.
“അൽഖമയുടെ മാതാപിതാക്കളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ..?” - തിരുനബി ﷺ അന്വേഷിച്ചു.
“ഉണ്ട് നബിയേ, ഒരു വൃദ്ധയായ മാതാവുണ്ട്.” സ്വഹാബികൾ പറഞ്ഞു.
“അവർക്ക് ഇവിടെവരെ നടന്നുവരാൻ കഴിയുമെങ്കിൽ വരാൻ പറയുക. ഇല്ലെങ്കിൽ ഞാൻ അങ്ങോട്ടു ചെല്ലാം എന്നും അറിയിക്കുക.”
വിവരം അറിഞ്ഞപ്പോൾ അൽഖമയുടെ ഉമ്മയുടെ മനസ്സ് പ്രവാചക സ്നേഹവും ആദരവും കൊണ്ടു നിറഞ്ഞുപോയി.
അവർ പറഞ്ഞു: “എന്റെ മാതാപിതാക്കൾ കൂടി അങ്ങേക്കു വിധേയരാണു നബിയേ, ഞാൻ അങ്ങയുടെ സന്നിധിയിലേക്കു വരാം.”
അങ്ങനെ അൽഖമ(റ)വിന്റെ ഉമ്മ റസൂലി (ﷺ) നടുത്തേക്കുവന്നു. പ്രായം ചെന്നു കൂനിക്കൂടിയ ഒരു വൃദ്ധ. അവർ റസൂലിനു സലാം പറഞ്ഞു...
നബി ﷺ അവരോടു സംസാരിച്ചു. “ഉമ്മാ, നിങ്ങളുടെ മകൻ അൽഖമയുടെ സ്ഥിതിയെന്താണ്..?”
സ്ത്രീ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, എന്റെ മകൻ വലിയ ഭക്തനാണ്. ധാരാളമായി സുന്നത്ത് നിസ്കരിക്കും. പകൽ മുഴുവൻ നോമ്പെടുക്കും. ദാനധർമങ്ങൾ ചെയ്യും.”
നബി ﷺ വീണ്ടും ചോദിച്ചു: “അതല്ല ഉമ്മാ ഞാൻ ചോദിക്കുന്നത്. നിങ്ങളും മകനും തമ്മിലുള്ള ബന്ധം എങ്ങനെയാണ്..?” അവർ മറുപടി പറയാൻ അൽപം വിഷമിച്ചു. പിന്നെ ദുഃഖത്തോടെ പറഞ്ഞു തുടങ്ങി...