ഒരിക്കൽ ജാബിർ ബ്നു അബ്ദില്ല(റ) നബിﷺതങ്ങളെ കാണാൻ വന്നു. അദ്ദേഹത്തിന്റെ മുഖത്ത് ഉൽകണ്ഠ നിറഞ്ഞുനിന്നിരുന്നു. വളരെ ഗൗരവമുള്ള ഏതോ കാര്യം പറയാൻ വന്നതാണ്...
നബിﷺതങ്ങൾക്കു സലാം ചൊല്ലി. പുണ്യപ്രവാചകൻ ﷺ സലാം മടക്കി. ജാബിർ(റ)വിന്റെ മുഖത്തേക്കു നോക്കി. “എന്താ ജാബിർ വിശേഷം..?”
“അല്ലാഹുവിന്റെ റസൂലേ, വളരെ ഗൗരവമുള്ള കാര്യം പറയാനാണു ഞാൻ വന്നത്.”
“എന്താണത്, പറയൂ...”
“എന്റെ പിതാവ് ഉഹുദ് യുദ്ധത്തിൽ പങ്കെടുത്തിരുന്നു. അതിൽ വധിക്കപ്പെട്ടു.”
നബിﷺതങ്ങളുടെ മനസ്സിൽ ഉഹുദിന്റെ രംഗം തെളിഞ്ഞു വന്നു. പടവെട്ടുന്ന ധീരസേനാനി. ശത്രുക്കളെ തുരത്തുന്നു. പരസ്പരം മറന്ന പോരാട്ടം. അതിനിടയിൽ വെട്ടേറ്റു വീഴുന്നു. വീരരക്തസാക്ഷിത്വം...
ഉഹുദിൽ ശഹീദായ സ്വഹാബിയുടെ ഓമന മകനാണ് തന്റെ മുമ്പിൽ വന്നുനിൽക്കുന്നത്. ജാബിർ ബ്നു അബ്ദില്ല. അബ്ദുല്ലയുടെ മകൻ ജാബിർ...
“അല്ലാഹുവിന്റെ റസൂലേ, എന്റെ പിതാവ് ശഹീദായി. അദ്ദേഹം വലിയ കടം ഉള്ള ആളായിരുന്നു. ആ കടം ഇപ്പോഴും ബാക്കി കിടക്കുന്നു.” - സ്നേഹമുള്ള മകൻ വേദനയോടെ പറഞ്ഞു.
ജാബിർ(റ) വീണ്ടും സംസാരിക്കുന്നു.
“അല്ലാഹുവിന്റെ റസൂലേ, എന്റെ പിതാവിന് ആറു പെൺമക്കളുണ്ട്. ആറു പെൺമക്കളെയും വമ്പിച്ച കടവും വിട്ടേച്ചുകൊണ്ടാണ് അദ്ദേഹം മരണപ്പെട്ടത്.”
നബിﷺതങ്ങൾ ജാബിർ(റ)വിന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടു. അൽപനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ജാബിർ(റ) തുടർന്നു: “കടക്കാർ അങ്ങയെ സമീപിക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു.”
അതിനു പ്രവാചകൻ ﷺ ഇങ്ങനെ മറുപടി നൽകി: “ങാ... വരട്ടെ... നിങ്ങൾ ചെന്നു തോട്ടത്തിലെ ഈത്തപ്പഴം പറിച്ചുകൊണ്ടുവരൂ..!”
നിർദേശം കിട്ടിയ ഉടനെ ജാബിർ(റ) ഓടിപ്പോയി. ഈത്തപ്പന മരങ്ങളുടെ സമീപത്തെത്തി. പഴുത്തു പാകമായ പഴങ്ങളൊക്കെ പറിച്ചെടുത്തു. വലിയ കുട്ടകളിൽ നിറച്ചു. അവ ചുമന്നുകൊണ്ടുവന്നു വലിയ കൂമ്പാരമായി കൂട്ടിവച്ചു. എന്നിട്ടു നബിﷺതങ്ങളെ വിവരം അറിയിച്ചു.
നബിﷺതങ്ങൾ ഈത്തപ്പഴക്കൂമ്പാരങ്ങളുടെ സമീപത്തെത്തി. എല്ലാ കൂമ്പാരവും നന്നായി പരിശോധിച്ചു. ഏറ്റവും വലിയ കൂമ്പാരത്തിനു സമീപം വന്നുനിന്നു. അതിലേക്കു നോക്കി. പിന്നെ മൂന്നു വട്ടം ആ കൂമ്പാരത്തിനു ചുറ്റും നടന്നു. മനസ്സും ചുണ്ടുകളും പ്രാർത്ഥനയിലാണ്...
ആളുകൾ ചുറ്റും കൂടി. ജാബിർ(റ) ഉൽകണ്ഠയോടെ നോക്കിനിന്നു. തന്റെ പിതാവിന്റെ കടങ്ങൾ വീട്ടിക്കിട്ടണേ എന്ന മോഹം മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
വലിയ കൂമ്പാരത്തിനടുത്തു പ്രവാചകൻ ﷺ ഇരുന്നു. “കടക്കാരെ വിളിക്കൂ...” നബി ﷺ കൽപിച്ചു.
ഉടനെ കടക്കാരെല്ലാം വന്നുചേർന്നു. ഒരു കടക്കാരനോടു ചോദിച്ചു: “നിങ്ങൾക്കു കിട്ടാനുള്ളത് എത്രയാണ്..?”
കടക്കാരൻ തുക പറഞ്ഞു. ഉടനെ അതിനു തുല്യമായ ഈത്തപ്പഴം അളന്നുകൊടുത്തു.
രണ്ടാമത്തെ കടക്കാരനെ വിളിച്ചു. കിട്ടാനുള്ള തുക ചോദിച്ചു. അദ്ദേഹം തുക പറഞ്ഞു. അദ്ദേഹത്തിനും അളന്നുകൊടുത്തു.
അങ്ങനെ, വഴിക്കുവഴി എല്ലാ കടക്കാരെയും വിളിച്ചു. എല്ലാവർക്കും അളന്നു കൊടുത്തു. കടങ്ങളെല്ലാം വീട്ടിത്തീർത്തു.
അത്ഭുതം..!! ഈത്തപ്പഴം അതേപോലെ ഇരിക്കുന്നു. ഈത്തപ്പഴത്തിൽ അല്ലാഹു ﷻ വമ്പിച്ച വർധനവാണു നൽകിയത്. കൂമ്പാരങ്ങൾ പഴയതുപോലെ കിടക്കുന്നു...
അവ ജാബിർ(റ)വിനു വിൽപന നടത്താം. സഹോദരിമാരെ വിവാഹം കഴിച്ചയയ്ക്കാം. നബിﷺതങ്ങളുടെ പ്രാർത്ഥനയുടെ ഫലം...
അന്ത്യപ്രവാചകരുടെ മുഅ്ജിസത്തുകളിൽ ഇതും പെടുത്താം. ഉഹുദിൽ ശഹീദായ സ്വഹാബിവര്യന്റെ കടം വീട്ടിയതിൽ നമുക്കും ആശ്വസിക്കാം. ഈത്തപ്പഴക്കൂമ്പാരങ്ങളുടെ കഥ സന്തോഷത്തോടെ അനുസ്മരിക്കുകയും ചെയ്യാം...