ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ ഉസ്മാൻ (റ) ജനങ്ങളെ അഭിസംബോധന ചെയ്തു. മനസ്സിൽ തട്ടുന്ന പ്രസംഗം നടത്തി.
“ദുനിയാവ് നശ്വരമായ ഭവനമാണ്. ശാശ്വത ഭവനം പരലോകമാണ്. അത് ഓർമ്മ വേണം. നിർണയിക്കപ്പെട്ട ആയുസ്സാണ് നമുക്കിവിടെയുള്ളത്. അത് കഴിഞ്ഞാൽ പരലോക യാത്രയാണ്. ആയുസ്സ് കുറെ കഴിഞ്ഞുപോയി. കഴിയാവുന്നത്ര സൽകർമ്മങ്ങൾ വേഗത്തിൽ ചെയ്തു തീർക്കുക. വഞ്ചനകൾ ഒളിച്ചുവെക്കപ്പെട്ടതാണ് ദുനിയാവ്. മനുഷ്യർ വഞ്ചനകളിൽ പെട്ടുപോവും. ദുനിയാവിന്റെ വഞ്ചനകളെ സൂക്ഷിക്കുക.
മുൻകഴിഞ്ഞുപോയവരുടെ ചരിത്രം പാഠമായി മാറണം. അവരെ പിൻപറ്റണം. ഓരോരുത്തർക്കും കടമകളുണ്ട്. മറന്നുപോവരുത്. പരലോക വിജയം ലക്ഷ്യമാക്കി പ്രവർത്തിക്കുക.”
ഖലീഫയുടെ പ്രസംഗം ശ്രോതാക്കളുടെ മനസ്സിൽ തട്ടി. അവർ കടമകളെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി.
ഗവർണർമാർക്ക് കത്തുകളയച്ചു. അവരുടെ കടമകളെക്കുറിച്ചു ഓർമ്മപ്പെടുത്തുന്ന കത്തുകൾ. ജനങ്ങളുടെ സേവകരായിരിക്കണം. ശാന്തമായി ജീവിക്കാൻ സൗകര്യം നൽകണം. നീതിയും ന്യായവും ഉറപ്പ് വരുത്തണം. അക്രമം അരുത്.
പട്ടാള മേധാവികൾക്കും കത്തയച്ചു. അതാത് രാജ്യങ്ങളിലെ ജനങ്ങൾക്കും സന്ദേശമയച്ചുകൊണ്ടിരുന്നു.
ഉമർ(റ)വിന്റെ കാലത്ത് ശത്രുക്കൾ മുസ്ലിംകളെ ഭയപ്പെട്ടിരുന്നു. അതുകൊണ്ട് മുസ്ലിംകളുമായി ഉടമ്പടിയിൽ കഴിയാൻ അവർ ആഗ്രഹിച്ചു. മനസ്സുണ്ടായിട്ടല്ല. ഇസ്ലാം അജയ്യമാണെന്ന തോന്നലാണ് അവരെ ഉടമ്പടിക്ക് പ്രേരിപ്പിച്ചത്.
ഉമർ (റ) വധിക്കപ്പെട്ടു. ഇനി ഉടമ്പടി ലംഘിക്കാം. ചില ശക്തികൾ അങ്ങനെ തീരുമാനിച്ചു. അസർ ബൈജാൻ, അർമീനിയ എന്നീ രാജ്യങ്ങൾ ഉടമ്പടി ലംഘിച്ചു. ഖലീഫ അവരെ വെറുതെ വിട്ടില്ല...
കൂഫയിലെ ഗവർണറായിരുന്നു വലീദ്. അദ്ദേഹത്തിന്റെ അധികാരത്തിൻ കീഴിലായിരുന്നു അസർ ബൈജാനും അർമീനിയായും. അസർ ബൈജാനിലും അർമീനിയായിലും മുസ്ലിംകൾക്കെതിരെ ആക്രമണം തുടങ്ങി. ഗവർണറായ വലീദ് തന്നെ സൈനിക നേതൃത്വം ഏറ്റെടുത്തു. വമ്പിച്ച തിരിച്ചടി നൽകി...
മുസ്ലിം ശക്തിക്ക് ഒരു ക്ഷയവും സംഭവിച്ചിട്ടില്ലെന്ന് ശത്രുക്കൾക്ക് ബോധ്യമായി. അവർ വീണ്ടും സന്ധിക്കപേക്ഷിച്ചു. അസർ ബൈജാനും അർമീനിയായും വീണ്ടും മുസ്ലിം അധീനതയിൽ വന്നു.
ഉമർ(റ)വിന്റെ കാലത്ത് റോമക്കാർ അടങ്ങിയൊതുങ്ങിക്കഴിയുകയായിരുന്നു. സന്ധിവ്യവസ്ഥകൾ കൃത്യമായി പാലിച്ചിരുന്നു. ഉമർ (റ) വധിക്കപ്പെട്ടതോടെ അവരുടെ മട്ടു മാറി.
പാത്രീയാർക്കീസ് മോറിയാൻ എൺപതിനായിരം പടയാളികളുമായി മുസ്ലിംകളെ ആക്രമിക്കാൻ പുറപ്പെട്ടു. വാർത്ത നാടാകെ പരന്നു. മദീനയിൽ നിന്ന് വളരെ അകലെയാണ് യുദ്ധം നടക്കാൻ പോവുന്നത്. എന്ത് നയം സ്വീകരിക്കണം.
സിറിയൻ ഗവർണറായിരുന്ന മുആവിയക്കായിരുന്നു പാത്രീയാർക്കീസിനെ നേരിടാനുള്ള ചുമതല. അദ്ദേഹം സുശക്തമായ സൈന്യത്തെ സജ്ജമാക്കി. ആരാണ്
സൈന്യാധിപൻ..? എവിടെയും അതാണ് ചർച്ച. ശത്രുക്കളും മിത്രങ്ങളും അതാണ് ഉറ്റുനോക്കുന്നത്. യുദ്ധഭൂമികളിൽ വീരേതിഹാസം രചിച്ച സൈനികൻ ഹബീബുബ്നു മുസ്ലിം (റ). അദ്ദേഹത്തെ സൈന്യാധിപനായി നിശ്ചയിച്ചു...
വിവരം പുറത്ത് വന്നതോടെ മുസ്ലിം സൈന്യം ആവേശഭരിതമായി, ശത്രുക്കളിൽ മ്ലാനത പരന്നു. അത് മനസ്സിലാക്കിയ നേതാക്കൾ സൈന്യത്തെ കൂടുതൽ ശക്തമാക്കി. വൻ യുദ്ധമാണ് നടന്നത്. പല പ്രദേശങ്ങൾ പിടിച്ചടക്കി മുന്നേറ്റം തുടർന്നു...
റോമൻ സൈന്യം എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. മുസ്ലിം സൈന്യത്തിന് സർവ്വ നാശം നൽകാൻ ലക്ഷ്യമാക്കിയുള്ള സന്നാഹങ്ങൾ,
ഹബീബ് ബ്നു മുസ്ലിമിന്റെ (റ) ക്യാമ്പിൽ രഹസ്യ ചർച്ച നടക്കുകയാണ്. സൈനികത്തലവന്മാരുടെ രഹസ്യ യോഗം. പൊടുന്നനെ ആക്രമണം നടത്തി റോമക്കാരെ ഞെട്ടിക്കുക. അവർ ചിതറി ഓടണം.
ഹബീബിന്റെ ഭാര്യ ഉമ്മു അബ്ദില്ല (റ).
ഒരു പെൺപുലിയാണവർ. എല്ലാ ആയുധങ്ങളും പ്രയോഗിക്കാനറിയാം. യുദ്ധരംഗത്ത് സാഹസങ്ങൾ കാണിച്ചിട്ടുണ്ട്.
രഹസ്യ യോഗം കഴിഞ്ഞുവന്ന ഭർത്താവിനോട് അവർ ചോദിച്ചു...
“നാളെ എവിടെവെച്ചാണ് നാം കണ്ടുമുട്ടുക..?!”
ഭർത്താവിന്റെ മറുപടി ഇങ്ങനെയായിരുന്നു. “പാത്രിയാർക്കീസ് മോറിയാന്റെ കൂടാരത്തിൽ. അല്ലെങ്കിൽ രക്ത സാക്ഷികളായി നാളെ സ്വർഗ്ഗത്തിൽ...”
ഭീകര യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന്റെ തൊട്ട് മുമ്പ് ഭർത്താവും ഭാര്യയും തമ്മിൽ നടന്ന സംഭാഷണമാണിത്...
റോമക്കാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടുള്ള യുദ്ധാരംഭമാണ് നടന്നത്. അതിശീഘ്രം മുന്നേറിയ ഒന്നാം നിരയിൽ തന്നെ ആർക്കും മനസ്സിലാവാത്ത വേഷത്തിൽ ഉമ്മു അബ്ദില്ലയും (റ) ഉണ്ടായിരുന്നു...
പരാജയഭീതി ശത്രുക്കളുടെ മനസ്സിൽ കടന്നുകൂടി. ഹബീബിന്റെ (റ) സൈന്യം മലവെള്ളപ്പാച്ചിൽ പോലെ ആർത്തിരമ്പി വന്നു. ഒടുവിൽ ഹബീബ് (റ) ശത്രുസൈന്യാധിപന്റെ ക്യാമ്പിലെത്തി. വാതിൽക്കൽ കാവൽ നിൽക്കുന്നത് തന്റെ ഭാര്യ. പട്ടാള വേഷത്തിൽ ഇരുവരും ചേർന്ന് സൈന്യാധിപനെ വകവരുത്തി...
ഉടമ്പടിക്കു അപേക്ഷിക്കുകയല്ലാതെ ശത്രുക്കൾക്കു മറ്റൊരു വഴിയും ഇല്ലായിരുന്നു. സന്ധി വ്യവസ്ഥകളോടെ യുദ്ധം അവസാനിച്ചു. കുറെ പ്രദേശങ്ങൾ മുസ്ലിംകളുടെ അധീനതയിൽ വന്നു.