29 Mar, 2023 | Wednesday 7-Ramadan-1444

   ഉമർ(റ) നിസ്കാരം നിർവഹിച്ചിട്ടില്ല. അക്കാര്യത്തിലാണ് ഇപ്പോൾ ഉത്ക്കണ്ഠ. നിസ്കാരമെന്ന് കേട്ടാൽ ഖലീഫക്ക് ബോധം തെളിയുമെന്ന് ചിലർ പറഞ്ഞു.


 “അമീറുൽ മുഅ്മിനീൻ... അസ്വലാത്ത്... അസ്വലാത്ത്..” ചിലർ അൽപം ഉച്ചത്തിൽ പറഞ്ഞു. ഖലീഫ കണ്ണു തുറന്നു.


 യാ അല്ലാഹ് നിസ്കാരമില്ലാത്തവന് ഇസ്ലാമിൽ ഒരു സ്ഥാനവുമില്ല. വളരെ പ്രയാസത്തോടെ വുളൂഅ്‌ ചെയ്തു. നിസ്കരിച്ചു.


 വൈദ്യന്മാർ പരിശോധിച്ചു. മാരകമാണ് മുറിവുകൾ. കുടൽ തകർന്നിട്ടുണ്ട്. രക്ഷപ്പെടില്ല. വീട്ടിലേക്ക് കൊണ്ടുപോയി. തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ആറംഗ സമിതിയെ ഏൽപിച്ചു. ആറ് അംഗങ്ങൾ ഇവരായിരുന്നു. 

(1) അലി (റ) 

(2) ഉസ്മാൻ (റ) 

(3) അബ്ദുർറഹ്മാനുബ്നു ഔഫ് (റ)

(4) സഅ്ദ് ബ്നു അബീ വഖാസ് (റ)

(5) സുബൈറുബ്നുൽ അവ്വാം (റ)

(6) തൽഹത്തുബ്നു സുബൈർ (റ).


 ഉമർ(റ) ഇങ്ങനെ പറഞ്ഞു: നിങ്ങളാണ് ഉത്തമന്മാർ. നിങ്ങളാണ് നായകന്മാർ. നിങ്ങളിൽ നിന്നൊരാൾ ഖലീഫയാവണം. നബി ﷺ നിങ്ങളെപ്പറ്റി സംതൃപ്തരാണ്. നിങ്ങൾ ഒന്നിച്ചു നിൽക്കണം. എങ്കിൽ എനിക്കൊരു ഭയവുമില്ല. നിങ്ങൾ ഭിന്നിക്കുന്നതിനെ ഞാൻ ഭയപ്പെടുന്നു...


 പെട്ടെന്ന് രക്തം ചീറ്റി. ഖലീഫ വഫാത്തായെന്ന് തോന്നിപ്പോയി. അൽപം കഴിഞ്ഞ് വീണ്ടും സംസാരിച്ചു...


 “ഞാൻ മരണപ്പെട്ടാൽ മൂന്നു ദിവസം നിങ്ങൾക്ക് കൂടിയാലോചന നടത്താം. നാലാം ദിവസം ഖലീഫയെ പ്രഖ്യാപിക്കണം. ഈ ദിവസങ്ങളിൽ സുഹൈബ് (റ) നിസ്കാരത്തിന് നേതൃത്വം നൽകട്ടെ.”


 “എന്റെ മകൻ അബ്ദുല്ലയെ ഒരു ഉപദേശകൻ എന്ന നിലയിൽ കൂടിയാലോചനകളിൽ പങ്കെടുപ്പിക്കാം. അവനെ ഖലീഫയാക്കാൻ പാടില്ല.”


 മകൻ അബ്ദുല്ലായോട് ഉപദേശം നൽകി. ബൈത്തുൽ മാലിൽ നിന്നെടുത്ത സംഖ്യ തിരിച്ചു നൽകണം. എല്ലാം പറഞ്ഞവസാനിപ്പിച്ചു. ശാന്തനായി വഫാത്തായി...


 പേർഷ്യൻ വംശജനായ അബൂലുഅ്ലുഅ് ആണ് ഖലീഫയെ വധിച്ചത്...


 പേർഷ്യ ജയിച്ചടക്കിയത് ഉമർ(റ)വിന്റെ ഭരണകാലത്താണ്. പേർഷ്യൻ ജനത വിമോചിതരായി. സന്തോഷിച്ചു. അധികാരം നഷ്ടപ്പെട്ടവർ ശത്രുത മനസ്സിലൊളിപ്പിച്ചു. അവരിൽ പലരും മദീനയിലെത്തി. അവരുടെ ഗൂഢ പദ്ധതിയായിരുന്നു ഖലീഫയുടെ വധത്തിന് പിന്നിലെന്ന് കരുതുന്ന ചരിത്രകാരന്മാരുണ്ട്. അവർ അബൂലുഅ്ലുഇനെ ഉപയോഗിക്കുകയായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്.


 ഖലീഫയുടെ ജനാസ നിസ്കാരത്തിന് സുഹൈബ് (റ) നേതൃത്വം നൽകി, റൗളാ ശരീഫിൽ ഖബറടക്കപ്പെട്ടു. നബി ﷺ തങ്ങളുടെയും അബൂബക്കർ സിദ്ദീഖ് (റ) വിന്റെയും കൂടെ...


 ആറംഗ സമിതി പല തവണ കൂടിയാലോചന നടത്തി. ഖലീഫയാവാൻ മൂന്നു പേർ നിർദേശിക്കപ്പെട്ടു...


(1) അലി(റ). 

(2) ഉസ്മാൻ(റ). 

(3) അബ്ദുർറഹ്മാനുബ്നു ഔഫ്(റ).


 അബ്ദുർറഹ്മാനുബ്നു ഔഫ്(റ) ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ സ്വയം പിൻവാങ്ങാം. നിങ്ങൾ രണ്ടുപേരിൽ ഒരാളെ ഞാൻ ഖലീഫയായി നിശ്ചയിക്കാം. സമ്മതമാണോ..?”


 “സമ്മതമാണ്” ഇരുവരും സമ്മതിച്ചു...


 ആരെ ഖലീഫയാക്കും..? വെറുതെ പറയാൻ പറ്റുമോ..? ഒട്ടനേകം ആളുകളുമായി സ്വകാര്യ സംഭാഷണം നടത്തണം. മൂന്നു ദിവസങ്ങൾ തിരക്കുപിടിച്ചതായിരുന്നു...


 അബ്ദുർറഹ്മാനുബ്നു ഔഫ് (റ) വിശ്രമമില്ലാതെ അധ്വാനിച്ചു... ജനങ്ങൾക്കിടയിൽ അഭിപ്രായങ്ങൾ സ്വരൂപിക്കാൻ നോക്കി. പ്രമുഖന്മാർ, സേനാനായകന്മാർ, നബിപത്നിമാർ തുടങ്ങിയവരോടെല്ലാം സംസാരിച്ചു...


 ഒടുവിൽ അലി(റ)വിനെ സമീപിച്ചു ചോദിച്ചു: “താങ്കളെ ഞാൻ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ പിന്നെ ആരെ തിരഞ്ഞെടുക്കണം..?”


 “ഉസ്മാനെ”


 നേരെ ഉസ്മാൻ(റ)വിനെ സമീപിച്ചു ചോദിച്ചു: “താങ്കളെ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ പിന്നെ ആരെ തിരഞ്ഞെടുക്കണം..?”


 “അലിയെ”


 ഉമർ (റ) വഫാത്തായി മൂന്നു ദിവസങ്ങൾ കഴിഞ്ഞു. നാലാം ദിവസം സുബ്ഹി നിസ്കാരത്തിന് മസ്ജിദ് തിങ്ങിനിറഞ്ഞു. ഉസ്മാൻ(റ)വിനെ ഖലീഫയായി പ്രഖ്യാപിച്ചു...


 അബ്ദുർറഹ്മാനുബ്നു ഔഫ് (റ) ബൈഅത്ത് ചെയ്തു. ജനങ്ങൾ കൂട്ടംകൂട്ടമായി ബൈഅത്ത് ചെയ്തു. അലി(റ)വും ബൈഅത്ത് ചെയ്തു...


 ജനങ്ങൾക്ക് ആശ്വാസമായി. അനിശ്ചിതത്വം നീങ്ങിക്കിട്ടിയല്ലോ.  ഉസ്മാൻ (റ) മുസ്ലിം സമൂഹത്തിന് ചെയ്ത സേവനങ്ങൾ അവർ ഓർമ്മിച്ചു. ഖിലാഫത്ത് പദവിയിൽ ഏറ്റവും യോഗ്യനായ വ്യക്തി തന്നെ നിയോഗിക്കപ്പെട്ടു...


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm