യുദ്ധ ത്രന്തത്തിൽ മുസ്ലിംകളെ കടത്തിവെട്ടാൻ ആർക്കുമാവില്ലെന്ന് എല്ലാ രാജ്യങ്ങളിലും ചർച്ച നടന്നു. വടക്കെ ആഫിക്കയിൽ ഈ ചർച്ച കൂടുതൽ നടന്നു. ശക്തി കൊണ്ട് മുസ്ലിംകളെ തുരത്തുക. ഇതാണ് ഉത്തരാഫ്രിക്കക്കാരുടെ നയം...
ഒരു ലക്ഷത്തി ഇരുപതിനായിരം സൈനികരെയാണ് ഉത്തരാഫ്രിക്കയിൽ ശത്രുക്കൾ ഒരുക്കിനിർത്തിയത്.
ജർജീർ, അദ്ദേഹമാണവരുടെ രാജാവ്. ഹിർഖലിന്റെ പ്രതിനിധിയായി രാജ്യം ഭരിക്കുകയാണ്. മുസ്ലിംകളുമായി ഉണ്ടായിരുന്ന ഉടമ്പടിയൊക്കെ അവർ വലിച്ചെറിഞ്ഞു. ശക്തിക്കു ശക്തി. പോരിന് പോര്. അതാണ് ഇപ്പോഴത്തെ നയം.
ധീരനും ബുദ്ധിമാനുമായ അബ്ദുല്ലാഹിബ്നു അബീസർഹ് (റ) ആണ് മുസ്ലിം സൈന്യാധിപൻ. അദ്ദേഹത്തോടൊപ്പം ഇരുപതിനായിരം സൈനികരുമുണ്ട്.
ജർജീറിന്റെ വൻ സൈന്യം - ഒരു ലക്ഷത്തി ഇരുപതിനായിരം - മുന്നേറി വന്നു. മുസ്ലിം സൈന്യത്തെ വളഞ്ഞുകഴിഞ്ഞു. ശക്തി കൊണ്ട് ജയിക്കാനാവില്ല. ബുദ്ധിയും തന്ത്രവും വേണം. അത്യന്തം അപകടകരമായ അവസ്ഥ. എല്ലാവരും മരണം മുമ്പിൽകാണുന്നു. രക്തസാക്ഷികളാവുക.
അബ്ദുല്ലാഹിബ്നു സുബൈർ (റ) ചുറ്റുപാടും വീക്ഷിക്കുന്നു. രാജാവിനെ അന്വേഷിക്കുകയാണ്. കുറെ നേരം നിരീക്ഷണം നടത്തി. കണ്ടെത്തി. കോവർ കഴുതയുടെ പുറത്തിരുന്ന് യുദ്ധം നിയന്ത്രിക്കുന്നു. പിന്നെ കണ്ടത് അത്ഭുതകരമായ കാഴ്ചയാണ്.
അബ്ദുല്ലാഹിബ്നു സുബൈർ (റ) ഏതാനും പേരോടൊപ്പം ഒരു കുതിപ്പാണ്. ശത്രുനിരയിൽക്കിടയിലൂടെയാണ് കുതിക്കുന്നത്. ശത്രുക്കൾക്കവരെ തിരിച്ചറിയാനായില്ല. രാജാവിന് അടിയന്തിര സന്ദേശം നൽകാൻ പോവുകയാണെന്ന് തോന്നി...
രാജാവ് അവരെ കണ്ടു. സംശയം തോന്നി. നിന്ന സ്ഥലത്ത് നിന്ന് ഓടി. അബ്ദുല്ലാഹിബ്നു സുബൈർ (റ) പിന്നാലെ ഓടി, കുന്തംകൊണ്ട് കുത്തി. അയാൾ മറിഞ്ഞുവീണു.
ഇത് കണ്ട് ഭയന്നുപോയ സൈന്യം ചിതറിയോടി. ഉത്തരാഫ്രിക്കക്കാർ സന്ധി ചെയ്തു. യുദ്ധം അവസാനിപ്പിച്ചു...
അലക്സാണ്ട്രിയക്കാർ മുസ്ലിംകളുമായി സന്ധിയിലായിരുന്നു.
അവരും സന്ധി ലംഘിച്ചു. റോമക്കാരാണ് അലക്സാണ്ട്രിയ ഭരിച്ചിരുന്നത്.
ഒരു ലക്ഷം സൈന്യമാണ് ശ്രതുപക്ഷത്ത് അണിനിരന്നത്. മുസ്ലിം സൈന്യത്തിന്റെ നേതൃത്വം അംറുബ്നുൽ ആസ് (റ) ഏറ്റെടുത്തു. ബുദ്ധിയും തന്ത്രവും വിജയിക്കുന്നതാണ് ഇവിടെയും ലോകം കണ്ടത്. ശത്രുക്കളുടെ സൈന്യാധിപൻ അർമീനിയക്കാരനായ മാനുവൽ ആയിരുന്നു. മുസ്ലിം സൈന്യത്തിലെ ചില സാഹസികർ ലക്ഷ്യംവെച്ചത് മാനുവലിനെയാണ്.
യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. എല്ലാ ശ്രദ്ധയും യുദ്ധമുഖത്ത് തന്നെ. മുസ്ലിം സാഹസികർ മാനുവലിനെ വെട്ടിവീഴ്ത്തിയത് പെട്ടെന്നായിരുന്നു. സൈന്യം ഞെട്ടിപ്പോയി. നായകൻ കൊല്ലപ്പെട്ടതറിഞ്ഞ് സൈന്യം
ചിതറിയോടി. അവർ സന്ധിക്കപേക്ഷിച്ചു. സന്ധിയായി...
അലക്സാണ്ട്രിയ മുസ്ലിം ലോകത്തിന്റെ ഭാഗമായിത്തീർന്നു.
ശാന്തിയും സമാധാനവും കളിയാടി. സമത്വവും സാഹോദര്യവും നിലനിന്നു.
ട്രിപ്പോളിയിൽ നടന്ന യുദ്ധത്തിൽ മുസ്ലിം സൈന്യത്തെ നയിച്ചത് അബ്ദുല്ലാഹിബ്നു സർറാഹ് (റ) ആയിരുന്നു.
യാഖൂബ പട്ടണത്തിനു സമീപം മുസ്ലിം സൈന്യം തമ്പടിച്ചു. അധികം അകലെയല്ലാതെ ശത്രു സൈന്യവും തമ്പടിച്ചു. ദിവസങ്ങളോളം യുദ്ധം നടന്നു. നിർണായക ഫലം കണ്ടില്ല.
ശത്രുപക്ഷത്തെ സൈന്യാധിപൻ ഒരു തന്ത്രം പ്രയോഗിക്കാൻ തീരുമാനിച്ചു.
കനത്ത സമ്മാനം പ്രഖ്യാപിക്കുക, കേട്ടാൽ ആരും വീണുപോകും. സൈന്യാധിപന് ചെറുപ്പക്കാരിയായ ഒരു മകളുണ്ട്. അതിസുന്ദരിയാണ്. അവളുടെ സൗന്ദര്യം നാട്ടിലാകെ പ്രസിദ്ധമാണ്. വിവാഹ പ്രായമെത്തി നിൽക്കുകയാണ്.
സൈന്യാധിപന്റെ പ്രഖ്യാപനം പുറത്ത് വന്നു. “എന്റെ അതിസുന്ദരിയായ മകളെ വിവാഹം ചെയ്തുതരാം. ഒരു ലക്ഷം സ്വർണനാണയങ്ങളും തരാം. മുസ്ലിം സൈന്യാധിപനായ അബ്ദുല്ലാഹിബ്നു സർറാഹിനെ (റ) വധിക്കുന്നവന്...”
കോളിളക്കം സൃഷ്ടിച്ച പ്രഖ്യാപനം. മുസ്ലിംകൾ തന്നെ അവരുടെ നേതാവിനെ വധിക്കണം. അതിനുവേണ്ടി നടത്തിയ പ്രഖ്യാപനമായിരുന്നു അത്. മുസ്ലിംകൾക്കാണല്ലോ കൂടുതൽ സൗകര്യം...
അബ്ദുല്ലാഹിബ്നു സർറാഹിന് (റ) അപകടം മനസ്സിലായി. ക്യാമ്പിൽ
തന്നെ ആലോചനയിൽ മുഴുകിയിരുന്നു. അബ്ദുല്ലാഹിബ്നു സുബൈർ (റ) സൈന്യാധിപന്റെ വിഷമാവസ്ഥ മനസ്സിലാക്കി. സന്ദർഭത്തിനൊത്തുയർന്നു.
ശത്രുപക്ഷത്ത് നിന്നാണ് പ്രഖ്യാപനം വന്നത്. മറുപടിയായി ഒരു പ്രഖ്യാപനം മുസ്ലിം പക്ഷത്തുനിന്നും വരണം. ഉടനെ വേണം. കുഴപ്പം സംഭവിക്കും മുമ്പെ വേണം. അബ്ദുല്ലാഹിബ്നു സുബൈറാണ് (റ) പ്രഖ്യാപനം നടത്തിയത്.
“റോമാ സൈന്യത്തിന്റെ അധിപനെ വധിക്കുന്നവർക്ക് അയാളുടെ അതിസുന്ദരിയായ മകളെ വിവാഹം ചെയ്തുകൊടുക്കും. ഒരു ലക്ഷം സ്വർണനാണയങ്ങളും നൽകും.” കോരിത്തരിപ്പിക്കുന്ന പ്രഖ്യാപനം.
അടുത്ത ദിവസങ്ങളിൽ യുദ്ധം ശക്തി പ്രാപിച്ചു...
റോമാ സൈന്യാധിപനെ ആരോ വധിച്ചു. വധിച്ചയാൾക്ക് അതിസുന്ദരിയെ കിട്ടും. ഒരു ലക്ഷം സ്വർണനാണയങ്ങളും കിട്ടും. ആ മഹാഭാഗ്യശാലി ആര്..?
ആരും മുമ്പോട്ട് വന്നില്ല. എല്ലായിടത്തും ആകാംക്ഷ തന്നെ.
ഒരാളും സമ്മാനം തേടി വന്നില്ല. സൈന്യാധിപൻ വധിക്കപ്പെട്ടതോടെ സൈന്യം ചിന്നിച്ചിതറി. അവർ യുദ്ധത്തിൽ തോറ്റു. സന്ധിയായി...
സൈന്യാധിപന്റെ ഘാതകനെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി. സൈന്യാധിപന്റെ സുന്ദരിയായ മകൾക്ക് ഘാതകനെ തിരിച്ചറിയാൻ കഴിയുമെന്ന വിവരം കിട്ടി.
അവളെ വരുത്തി. സൈനികരെ പരിശോധിച്ചു. “ഇതാ... ഇദ്ദേഹമാണ് എന്റെ പിതാവിനെ വധിച്ചത്.” എല്ലാവരും ആകാംക്ഷയോടെ നോക്കി...
അബ്ദുല്ലാഹിബ്നു സുബൈർ (റ). സമ്മാനം പ്രഖ്യാപിച്ച അതേ ആൾ തന്നെ സമ്മാനം വാങ്ങാൻ അർഹനായി. വിവാഹം നടന്നു. ഇതോടെ മുസ്ലിംകളെ ആക്രമിച്ചു കീഴടക്കാനുള്ള ആവേശം തണുത്തു...
തുനീഷ്യ, മൊറോക്കോ എന്നീ രാജ്യങ്ങൾ മുസ്ലിം ലോകത്തിന്റെ ഭാഗമായിത്തീർന്നു. ഉത്തരാഫ്രിക്കയിലെ വർഗവിവേചനവും വർണ വിവേചനവും മുസ്ലിംകളുടെ ആഗമനത്തോടെ ഇല്ലാതായി. എല്ലാ ഗോത്രങ്ങളിൽ നിന്നും ആളുകൾ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ചുകൊണ്ടിരുന്നു.
പുതിയ സംസ്കാരം, പുതിയ വിജ്ഞാനം, പുതിയ വെളിച്ചം.
കറുത്ത ഭൂഖണ്ഡത്തിന് പുതിയ മുഖം കൈവരുകയാണ്.
സർവശക്തനായ അല്ലാഹു ﷻ വിനെ അവരറിഞ്ഞു.
അന്ത്യപ്രവാചകനെ അറിഞ്ഞു.
വിശുദ്ധ ഖുർആൻ അവർ കേട്ടു. അറബി ഭാഷ പഠിക്കാൻ തുടങ്ങി. ആരാധനകൾ നിർവഹിക്കാനും, വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനും അറബി അറിയണം. അവർ പുതിയ മനുഷ്യരായി മാറി.
മനസ്സിന് ഒരിക്കലുമില്ലാത്ത തിളക്കം വന്നു...