Wednesday - 22 April, 2026 4-Dhu al-Qadah-1447

ഹിജ്റ ...(2)

   നബിﷺതങ്ങളുടെ രണ്ട് പുത്രിമാരെ അബൂലഹബിന്റെ രണ്ട്

പുത്രന്മാരാണ് വിവാഹം ചെയ്തിരുന്നത്. റുഖിയ്യ (റ) എന്ന പുത്രിയെ ഉത്ബത് ബ്നു അബീലഹബിന് വിവാഹം ചെയ്തു കൊടുത്തു. ഉമ്മു കുൽസൂം (റ) എന്ന മകളെ ഉതൈബത് ബ്നു അബീലഹബിനും വിവാഹം ചെയ്തുകൊടുത്തു.


 നബിﷺതങ്ങൾ ഇസ്ലാംമത പ്രബോധനം തുടങ്ങിയതോടെ അബൂലഹബ് ശ്രതുവായി മാറി. അടുത്ത ബന്ധുക്കളെ ഇസ്ലാമിലേക്കു ക്ഷണിക്കാൻ നബി ﷺ തങ്ങൾക്ക് കൽപന കിട്ടി.


 നബി ﷺ സ്വഫാ മലയിൽ കയറി. അടുത്ത ബന്ധുക്കളെ വിളിച്ചുവരുത്തി. എല്ലാവരും വന്നു. പ്രമുഖന്മാരെ പേര് ചൊല്ലി വിളിച്ചു സംസാരിച്ചു...


 “അല്ലാഹുﷻവിന്റെ ശിക്ഷയെക്കുറിച്ച് നിങ്ങൾക്ക് താക്കീത് നൽകാൻ

അയക്കപ്പെട്ട ദൂതനാണ് ഞാൻ.”


 ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചു. അബൂലഹബ് ക്ഷുഭിതനായി എഴുന്നേറ്റു. ഉറക്കെ വിളിച്ചു പറഞ്ഞു:


 “തബ്ബൻ ലക സാഇറൽ അയ്യാം അലിഹാദാ ജമഅ്നാ." എല്ലാ ദിവസവും നിനക്ക് നാശം. ഇതിനാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്..!!


 തബ്ബൻ ലക നിനക്കു നാശം.

വലിയൊരു ശാപവചനമാണിത്. അത്രയും വലിയ ശാപവാക്ക് നബിﷺക്കെതിരെ അവൻ പ്രയോഗിച്ചു...


 അല്ലാഹു ﷻ എന്ത് ചെയ്തതെന്നോ..? അതേ ശാപവാക്കുകൊണ്ട് തുടങ്ങുന്ന ഒരു സൂറത്ത് അവതരിപ്പിച്ചു...


”تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ“

അബൂലഹബിന്റെ ഇരുകരങ്ങളും നാശമടയട്ടെ. അവൻ നാശമടയുക തന്നെ ചെയ്തു...


 ഈ സൂറത്ത് ഇറങ്ങിയതോടെ അവൻ നാണംകെട്ടു. പലരും അവനെ കളിയാക്കി. അവന്റെ ഭാര്യ ഉമ്മു ജമീലിനെയും ഈ സൂറത്തിൽ ശപിച്ചു. ഭാര്യയും ഭർത്താവും മക്കളെ ഉപദേശിച്ചു. മുഹമ്മദിന്റെ (ﷺ) മക്കളെ വിവാഹമോചനം ചെയ്യുക. വിവാഹ മോചനം നടന്നു...


 വിവാഹമോചനം കാരണം മുഹമ്മദ് (ﷺ) ദുഃഖിക്കും എന്നാണവർ കരുതിയിരുന്നത്. അതല്ല സംഭവിച്ചത്.


 വിവാഹമോചനം അനുഗ്രഹമായിത്തീർന്നു. ഖുറൈശികൾ ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത വാർത്തയാണവർ പിന്നെ കേട്ടത്. കോപം ആളിക്കത്തിക്കുന്ന വാർത്ത..!!


 മുഹമ്മദ് (ﷺ) തന്റെ പുത്രി റുഖിയ്യയെ (റ) ഉസ്മാന് (റ) വിവാഹം ചെയ്ത കൊടുത്തു. 

 എങ്ങനെ ഖുറൈശികൾ ഇത് സഹിക്കും..?! 


 ഉസ്മാൻ (റ) പിടികൊടുക്കാതെ നടക്കുകയാണ്. റുഖിയ്യ(റ)യോടൊപ്പം കഴിഞ്ഞുകൂടുന്നു. ചുറ്റുപാടുകൾ ഭീതി പരത്തിത്തുടങ്ങി. മക്കയിൽ മർദ്ദനങ്ങൾ വർധിച്ചിരിക്കുന്നു.


 ഭാര്യയോടൊപ്പം നാട് വിടുക. അതല്ലാതെ മറ്റൊരു വഴിയുമില്ല...


 ഖദീജ(റ) അതേക്കുറിച്ചു സംസാരിച്ചു. നബിﷺതങ്ങൾ ഇങ്ങനെ ഉപദേശിച്ചു.


 “അബ്സീനിയ ഭരിക്കുന്നത് ജനങ്ങളെ സ്നേഹിക്കുന്ന ഒരു രാജാവാണ്. കപ്പൽ കയറി അങ്ങോട്ട് പോയ്ക്കൊള്ളുക...”


 ഉസ്മാൻ(റ) ഹിജ്റ പോവുകയാണ്.

ആദ്യത്തെ മുഹാജിർ ആണ്. അല്ലാഹു ﷻ വിലേക്കുള്ള ഹിജ്റയാണിത്. സുഖസൗകര്യങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്ന് പരുക്കൻ ജീവിതത്തിലേക്കുള്ള ഹിജ്റ...


 റുഖിയ്യ(റ) കൂടെ പോവാൻ തയ്യാറെടുത്തുകഴിഞ്ഞു. ഖദീജ(റ)

ദുഃഖിതയാണ്. മനസ്സിൽ വേർപാടിന്റെ വേദന നിറഞ്ഞു. രാത്രിയുടെ ഇരുട്ടിന്റെ മറവിൽ ഉസ്മാൻ(റ) ഭാര്യയോടൊപ്പം നാടുവിട്ടുപോയി.


 മർദ്ദനം സഹിച്ചുകൊണ്ടിരുന്ന ചില സത്യവിശ്വാസികളും കൂട്ടത്തിൽ ചേർന്നു. രഹസ്യമായി കപ്പൽ കയറിപ്പോയി...


 വേർപാടിന്റെ വേദന നിറഞ്ഞ നിമിഷത്തിൽ നബിﷺതങ്ങൾ ഉസ്മാൻ(റ)വിനെയും റുഖിയ്യ(റ)യെയും കുറിച്ച് ഇങ്ങനെ പറഞ്ഞു: 


صحبهما الله إن عثمان لأول من هاجر بأهله بعد لوط


“അവർ ഇരുവരുടെയും കൂടെ അല്ലാഹു ﷻ ഉണ്ട്. ലൂത്വ് നബി(അ)ന് ശേഷം തന്റെ കുടുംബത്തോടൊപ്പം അല്ലാഹു ﷻ വിലേക്ക് ഹിജ്റ പോവുന്ന ആദ്യത്തെ വ്യക്തി ഉസ്മാൻ (റ) ആകുന്നു.”


  അൽ മഅ്രിഫത്തു വത്താരിഖ് എന്ന ഗ്രന്ഥത്തിൽ നിന്ന് ഈ വചനം പല ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടതായി കാണുന്നുണ്ട്.


 ആ സംഘം അബ്സീനിയായിലെത്തി. അവിടെ ഭരണം നടത്തുന്നത് നജ്ജാശി രാജാവായിരുന്നു. പ്രജാവത്സലനായ രാജാവ്. മക്കയിൽ നിന്ന് അഭയം തേടി വന്നവരെ അദ്ദേഹം സ്വാഗതം ചെയ്തു...


 ഏറെ വൈകാതെ ഖുറൈശി പ്രതിനിധികൾ അവിടെയെത്തി.

മക്കത്ത് നിന്ന് വന്നവരെ തിരിച്ചയക്കണമെന്ന് അഭ്യർത്ഥിച്ചു. അവർ പല തന്ത്രങ്ങളും പ്രയോഗിച്ചു നോക്കി.


 മുസ്ലിംകൾക്കു പറയാനുള്ളത് കൂടി കേൾക്കണം. അതിനു ശേഷം

അവരെ തിരിച്ചയക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഇതായിരുന്നു നജ്ജാശിയുടെ നിലപാട്.


 മുസ്ലിംകൾക്ക് വേണ്ടി ദർബാറിൽ ഹാജറായത് ജഅ്ഫറുബ്നു അബീത്വാലിബ് (റ) ആയിരുന്നു. 


 പ്രവാചകനെക്കുറിച്ചു നല്ല വിശദീകരണം നൽകി. ഇസ്ലാം മത തത്വങ്ങൾ വിവരിച്ചു. ഖുറൈശികൾ മുസ്ലിംകളോട് കാണിക്കുന്ന കൊടും ക്രൂരതകൾ വിവരിച്ചു. ഖുറൈശികൾ ഞങ്ങളെ ആക്രമിച്ചിട്ടില്ലായിരുന്നെങ്കിൽ ഞങ്ങൾ നാട് വിടുമായിരുന്നില്ല. ഇവിടെ വരുമായിരുന്നില്ല. അവിടെ ഞങ്ങളുടെ ജീവൻ അപകടത്തിലാണ്. അത് കാരണമാണ് ഞങ്ങളിവിടെ വന്നത്.


 രാജാവിന് കാര്യങ്ങളെല്ലാം മനസ്സിലായി. മുസ്ലിംകളെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു. അടുത്ത ദിവസവും ദർബാർ കൂടി.


ജഅ്ഫർ(റ) സൂറത്ത് മർയമിലെ ആയത്തുകൾ ഓതിക്കേൾപ്പിച്ചു.


 ഈസാ(അ)നെയും മർയം(റ)യെയും വാഴ്ത്തുന്ന ഭാഗങ്ങൾ കേട്ട് രാജാവിന്റെ കണ്ണുകൾ നിറഞ്ഞുപോയി...


 റുഖിയ്യ(റ) ഒരാൺകുഞ്ഞിനെ പ്രസവിച്ചു. പുത്രന് ഇബ്റാഹീം എന്നു പേരിട്ടു. ഉസ്മാൻ(റ)വിനെ ആളുകൾ അബു ഇബ്റാഹീം എന്നു വിളിക്കാൻ തുടങ്ങി...


 മാതാപിതാക്കൾക്ക് സന്തോഷം നൽകിക്കൊണ്ട് ഏതാനും വർഷങ്ങൾ കൂടി ജീവിച്ചു. പൂവൻ കോഴി മുഖത്ത് കൊത്തിയത് കാരണം രോഗിയായി. മരണപ്പെട്ടു. മരണം മദീനയിൽ വെച്ചായിരുന്നുവെന്ന് ചില രേഖകളിൽകാണാം...


 അബ്സീനിയായിൽ ഹിജ്റ വന്നവർ പലതരം ജോലികളിൽ വ്യാപൃതരായി. കിട്ടുന്ന വരുമാനം കൊണ്ട് ശാന്തമായി ജീവിക്കാം. അല്ലാഹുﷻവിനെ ആരാധിക്കാം. ആരും തടസ്സപ്പെടുത്തുകയില്ല. ആരുടെയും മർദ്ദനം ഭയപ്പെടാനില്ല. അവർക്കു ലഭിച്ച വലിയ അനുഗ്രഹം തന്നെയാണത്.


 കപ്പൽ യാത്രക്കാരിൽ നിന്നാണ് മക്കയിലെ വിവരങ്ങൾ അറിഞ്ഞു കൊണ്ടിരുന്നത്. അവിടെ മർദ്ദനങ്ങൾ നടക്കുകയാണ്. ആദർശത്തിന്റെ പേരിൽ കൊടിയ മർദ്ദനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. സത്യം വിജയിക്കും. സംശയമില്ല.


 തൗഹീദിന്റെ വെളിച്ചം സർവ്രത വ്യാപിക്കും. അതിനുവേണ്ടി പ്രവർത്തിക്കാം. പ്രാർത്ഥിക്കാം. നിറഞ്ഞ പ്രതീക്ഷയോടെ...