വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. മക്കയിലെ മർദ്ദനങ്ങൾ വർധിച്ചുകൊണ്ടിരുന്നു. മദീനയിൽ ഇസ്ലാമിന്റെ ആദ്യ സന്ദേശമെത്തി. ചിലർ നബിﷺതങ്ങളെ കാണാൻ വന്നു.
നബിﷺതങ്ങൾ രഹസ്യമായി അവരുമായി സംസാരിച്ചു. ചില കരാറുകളിലെത്തി. വന്നവർ ഇസ്ലാം മതം സ്വീകരിച്ചു. തങ്ങൾക്ക് മതതത്വങ്ങൾ പഠിപ്പിച്ചു തരാൻ ഒരാളെ അയച്ചുതരണമെന്ന് അവരാവശ്യപ്പെട്ടു.
നബിﷺതങ്ങൾ പ്രിയ ശിഷ്യനെ വിളിച്ചു. മിസ്അബ് ബ്നു ഉമൈർ(റ). മദീനയിലേക്കു പോവാൻ ആവശ്യപ്പെട്ടു. മദീനയുടെ അന്നത്തെ പേര് യസ് രിബ് എന്നായിരുന്നു.
മിസ്അബ് ബ്നു ഉമൈർ(റ) യസ് രിബിലെത്തി. പലരെയും കണ്ടു.
ഇസ്ലാമിനെക്കുറിച്ചു സംസാരിച്ചു. ധാരാളം പേർ ഇസ്ലാം മതം സ്വീകരിച്ചു.
മക്കയിലെ മുസ്ലിംകൾക്ക് ഹിജ്റ പോവാൻ സമയമായി. അല്ലാഹു ﷻ വിന്റെ അനുമതിയായി. ഒറ്റയായും ചെറുസംഘങ്ങളായും പുറപ്പെട്ടു. അല്ലാഹു ﷻ വിലേക്കുള്ള ഹിജ്റ അങ്ങനെ പോയവർ മുഹാജിറുകൾ. ചരിത്രം കണ്ട പുണ്യപുരുഷന്മാർ.
ഖുറൈശികൾ അറിയരുത്. അറിഞ്ഞാൽ തടയും. ഉപദ്രവിക്കും.
കൊടും പീഡനങ്ങൾ നടക്കും. രഹസ്യമായിരുന്നു യാത്ര. പലരും മക്ക വിട്ടു. ഖുറൈശികൾ നോക്കിയപ്പോൾ പലരെയും കാണാനില്ല. എത്ര ശ്രമിച്ചിട്ടും കണ്ടെത്താനായില്ല.
ഒടുവിൽ ആ വാർത്ത കേട്ടു ഞെട്ടിപ്പോയി. മുഹമ്മദ് നബി ﷺ നാടുവിട്ടു. അബൂബക്കർ സിദ്ദീഖ്(റ) നാടുവിട്ടു. പിടികൂടാൻ പല ശ്രമങ്ങളും നടത്തിനോക്കി. നടന്നില്ല. ഒടുവിൽ അലി(റ)വും സ്ഥലം വിട്ടു.
എല്ലാവരും പോയി. മദീനയിലേക്കുള്ള പാതയിലൂടെ ഹിജ്റ സംഭവിച്ചു കഴിഞ്ഞു. അബ്സീനിയായിൽ വിവരമറിഞ്ഞു. ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. ഇനി മദീനയിലേക്ക്. നബിﷺതങ്ങളുടെ തിരുസന്നിധിയിലേക്ക്. അല്ലാഹു ﷻ നൽകിയ ആശ്വാസം. സന്തോഷം.
ഉസ്മാൻ(റ), റുഖിയ(റ) തുടങ്ങിയവർ മദീനയിലെത്തി. അല്ലാഹു ﷻ ഉസ്മാൻ (റ)വിന്റെ സമ്പത്തിൽ വലിയ ബറകത്ത് ചെയ്തിരുന്നു.
വ്യാപാരം വളരെ വേഗത്തിലാണ് വളർന്നത്. മദീനയിലെത്തുമ്പോഴും
സമ്പന്നനായിരുന്നു.
അമ്പരപ്പിക്കുന്ന ഔദാര്യമാണ് നാമവിടെ കാണുന്നത്. മദീനയിൽ ശുദ്ധജലക്ഷാമം നന്നായി അനുഭവപ്പെട്ടു.
ബിഅ്റു റൂമ. മദീനയിലെ പ്രസിദ്ധമായ കിണറിന്റെ പേരാണത്.
ബിഅ്റു റൂമായുടെ ഉടമസ്ഥൻ ഒരു ജൂതനാണ്. വെള്ളം അളന്ന് കൊടുക്കും. നല്ല വില വാങ്ങും...
പാവപ്പെട്ട മുഹാജിറുകൾ വളരെ പ്രയാസപ്പെട്ടു. നബിﷺതങ്ങൾ ആ പ്രയാസങ്ങൾ കാണുന്നു. വിഷമിക്കുന്നു.
നബിﷺതങ്ങൾ ഇങ്ങനെ ആശിച്ചുപോയി. “തന്റെ അനുയായികളിൽപെട്ട ആരെങ്കിലും ആ കിണർ വിലക്ക് വാങ്ങിയിരുന്നെങ്കിൽ...”
ഉസ്മാൻ (റ) കാര്യങ്ങൾ മനസ്സിലാക്കി. രംഗത്ത് വന്നു. ജൂതന്റെ സമീപം ചെന്നു.
“സഹോദരാ... താങ്കൾ ഈ കിണർ വിൽക്കുമോ..?”
“ഇല്ല.”
“എത്ര വില തന്നാലും വിൽക്കില്ല...”
“വില പറഞ്ഞാളൂ. ഞാൻ തരാം...”
സംഭാഷണം നീണ്ടുപോയി. ജൂതന്റെ മനസ്സിൽ ചെറിയ ചലനങ്ങളുണ്ടായി. കിണർ പൂർണമായി കൈവെടിയാനാവില്ല. പകുതി വിൽക്കാം എന്ന നിലയായി.
ഒരു ദിവസം ഉസ്മാൻ(റ)വിന് വെള്ളം.
അടുത്ത ദിവസം വെള്ളം ജൂതന് അവകാശം. വൻ വിലയാണ് പറഞ്ഞത്. പന്ത്രണ്ടായിരം ദിർഹം.
ഉസ്മാൻ (റ) പന്ത്രണ്ടായിരം ദിർഹം നൽകി.
ഉസ്മാൻ(റ)വിന് അവകാശപ്പെട്ട ദിവസം മുസ്ലിംകൾ രണ്ട് ദിവസത്തേക്ക് വേണ്ട വെള്ളം കോരിവെക്കും. അടുത്ത ദിവസം ജൂതന്റെ അവകാശമാണ്. അന്ന് വെള്ളത്തിന്റെ വിൽപന നടന്നില്ല.
എല്ലാവരുടെ കൈയിലും വെള്ളമുണ്ട്. തലേന്ന് തന്നെ കോരി വെച്ചിട്ടുണ്ട്. ഇനി കിണറ് കൊണ്ടെന്ത് ലാഭം..!! കിണർ പൂർണ്ണമായി വിൽക്കാൻ സന്നദ്ധനായി.
ഉസ്മാൻ(റ) കിണർ പൂർണ്ണമായി വാങ്ങി.
കിണർ മുസ്ലിംകളുടെ പൊതു ആവശ്യത്തിനായി വിട്ടുകൊടുത്തു. എന്തൊരു സ്വദഖ..! മഹാന്മാരായ മുഹാജിറുകൾ. അവരുടെ ദാഹം തീർത്തത് ഈ കിണറ്റിലെ വെള്ളമാണ്...
നബിﷺതങ്ങൾ ഉസ്മാൻ (റ)വിന് വേണ്ടി പ്രാർത്ഥിച്ചു. ദാഹ ജലം ദാനമായി നൽകിയ ഉസ്മാന് (റ) അല്ലാഹു ﷻ പ്രതിഫലം നൽകട്ടെ...
ഏത് സമയത്തും കിണറ്റിൻകരയിൽ ആൾപ്പെരുമാറ്റം. തോൽപാത്രങ്ങളിൽ വെള്ളമെടുത്തു മടങ്ങുന്നവരുടെ നിരകൾ. നിറകണ്ണുകളോടെ ആ കാഴ്ച നോക്കിനിന്നവരെത്ര..!!