ഖുറൈശികൾ ആ വാർത്ത കേട്ടു ഞെട്ടി..!! ഉസ്മാൻ ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നു. ഗോത്രക്കാരുടെ പ്രിയങ്കരനായ ചെറുപ്പക്കാരൻ. മനസ്സിൽ പ്രിയം വഴിമാറുകയാണ്...
ഇന്നലെവരെ അതിയായി സ്നേഹിച്ചു. ഇന്ന് സ്നേഹം വറ്റിപ്പോയി. മനസ്സിൽ സ്നേഹത്തിന്റെയോ കനിവിന്റെയോ നീരുറവയില്ല. വറ്റി വരണ്ടുപോയി. പകരം വന്നത് കോപം, വെറുപ്പ്.
വെട്ടേറ്റ ഹിംസ്ര ജന്തുക്കളെപ്പോലെയായി ബന്ധുക്കൾ. പ്രതികാര ദാഹികളായി. അവർ ആവേശപൂർവം ഓടിവരുന്നു. കൈകളിൽ വടികളും ചാട്ടവാറുകളും ചങ്ങലകളും കയറുമുണ്ട്.
ഒരു അതികായൻ കോപാന്ധനായി ഓടിവരുന്നു. ഹക്കം ബനു അബുൽ ആസ്വ്. ഉസ്മാൻ(റ)വിന്റെ പിതൃവ്യൻ. ആദ്യം നൽകിയത് ഉപദേശം. പൂർവ പിതാക്കളുടെ മതത്തിന്റെ മഹത്വം പറഞ്ഞുകൊടുത്തു.
“മുഹമ്മദിന്റെ മതം കൈവെടിയുക. പഴയ മതത്തിലേക്കു മടങ്ങുക. സമൂഹത്തിൽ നിനക്കുള്ള സ്ഥാനമാനങ്ങളും പദവികളും ഓർമിക്കുക, നാട്ടുകാരുടെയും ബന്ധുക്കളുടെയും എതിർപ്പ് ഒഴിവാക്കുക. അവരുടെ ശത്രുത വിളിച്ചുവരുത്തരുത്. അവർ ശത്രുക്കളായാൽ നിനക്കിവിടെ ജീവിക്കാനാവില്ല.”
ഉസ്മാൻ (റ) തന്റെ നിലപാട് വിശദീകരിച്ചു. “സർവ്വലോക രക്ഷിതാവായ അല്ലാഹു ﷻ വിലാണ് ഞാൻ വിശ്വസിച്ചത്. അവനല്ലാതെ മറ്റൊരു ആരാധ്യനുമില്ല. മുഹമ്മദ് ﷺ അവന്റെ റസൂലാകുന്നു. ഇത് സത്യമാണ്. ഈ സത്യം ഞാൻ സ്വീകരിച്ചു. അതിലെന്താണ് തെറ്റ്..?!”
ഈ വാക്കുകൾ ബന്ധുക്കളെ രോഷംകൊള്ളിച്ചു. അവർ കയറെടുത്തു. ഉസ്മാൻ(റ)വിനെ ഒരു തൂണിൽ ബന്ധിച്ചു. കൈകാലുകൾ കയർകൊണ്ട് കെട്ടി. ചാട്ടവാർ കൊണ്ട് ശക്തമായ അടി. വെളുത്ത ശരീരത്തിൽ ചുവന്നപാടുകൾ തെളിഞ്ഞു.
“നീ മുഹമ്മദിന്റെ (ﷺ) മതത്തിൽ നിന്ന് പിൻമാറിയെന്ന് വിളിച്ചുപറയൂ.
എങ്കിൽ നിന്നെ വിടാം.” മർദ്ദകന്മാർ വിളിച്ചുപറഞ്ഞു.
“ഇല്ല. ഞാൻ സത്യസാക്ഷ്യം വഹിച്ചവനാണ്. ഇനി സത്യത്തിൽ
നിന്ന് പിന്മാറില്ല.”
മർദ്ദനം ആവർത്തിച്ചുകൊണ്ടിരുന്നു. പ്രഖ്യാപനവും ആവർത്തിച്ചുകൊണ്ടിരുന്നു. നാളുകളോളം മർദ്ദനം തന്നെ. സ്ഥാനമാനങ്ങളിൽ നിന്ന് വലിച്ചെറിയപ്പെട്ടു.
പട്ടുമെത്തിയില്ല ഉറങ്ങാൻ. വെറും നിലത്ത് കിടന്നുറങ്ങാം. ആഢംബര ജീവിതം കൈവിട്ടുപോയി. ഇനി പരുക്കൻ ജീവിതം. പ്രശംസാ വചനങ്ങൾ കേൾക്കാനില്ല. ശാപവാക്കുകൾ മാത്രം അടിമകളെ തല്ലും പോലെയാണ് തല്ലിയത്.
കെട്ടഴിഞ്ഞപ്പോൾ പുറത്തേക്കോടി.
നബിﷺതങ്ങളുടെ തിരു സന്നിധിയിലെത്തും വരെ ഓട്ടം...
എന്തൊരു കോലമാണിത്! സുന്ദരനായ ഉസ്മാനാണോ ഇത്..! നീര് കെട്ടിയ മുറിവുകൾ. എത്രയോ മുറിപ്പാടുകൾ. വല്ലാത്ത വേദന. സത്യം സ്വീകരിച്ചതിന് ബന്ധുക്കൾ നൽകിയ ശിക്ഷ. വല്ലാത്ത ശിക്ഷ തന്നെ.
നബിﷺതങ്ങൾ സ്നേഹത്തോടെ സ്വീകരിച്ചു. ആശ്വാസ വചനങ്ങൾ മൊഴിഞ്ഞു. എന്തൊരാശ്വാസം..!! മുഖം പ്രസന്നമായി. നബി ﷺ വിശുദ്ധ ഖുർആൻ വചനങ്ങൾ ഓതി. മനസ്സിലേക്കിറങ്ങിപ്പോയി. എന്തൊരു കുളിർമ...
കേട്ട വചനങ്ങൾ മനഃപാഠമാക്കി.
എത്രയോ തവണ ഓതിനോക്കി. എന്തൊരു മധുരം. ഓരോ തവണ ഓതുമ്പോഴും ആവേശം വർധിക്കുന്നു. ഓരോ വചനത്തോടും എന്തെന്നില്ലാത്ത സ്നേഹം.
ഇനിയുമിനിയും കേൾക്കാൻ മോഹം. അനുഭൂതിയുടെ വല്ലാത്ത നിമിഷങ്ങൾ. ഈ നിമിഷങ്ങൾ ലഭിച്ചല്ലോ? എന്തൊരു സൗഭാഗ്യം..!!