ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാനമായൊരു കാലഘട്ടമാണ് ഖുലഫാഉറാശിദുകളുടെ ഭരണ കാലം.
1) അബൂബക്കർ സിദ്ദീഖ്(റ).
2) ഉമറുൽ ഫാറൂഖ്(റ).
3) ഉസ്മാനുബ്നു അഫ്ഫാൻ(റ).
4) അലിയ്യുബ്നു അബീത്വാലിബ്(റ).
ഇവരാണ് ഖുലഫാഉർറാശിദുകൾ. മുസ്ലിം ഉമ്മത്തിന്റെ ആദ്യ ഭരണാധികാരികൾ ഇവരാകുന്നു...
ഇവരുടെ ഭരണകാലം ഇപ്രകാരമാകുന്നു. അബൂബക്കർ സിദ്ദീഖ്(റ) ഹിജ്റ 11-ൽ ഖലീഫയായി. 2 കൊല്ലവും 3 മാസവും ഭരിച്ചു. ഹിജ്റ 13-ൽ വഫാത്തായി. വഫാത്താകുമ്പോൾ 63 വയസ് പ്രായമായിരുന്നു.
ഹിജ്റ 13-ൽ ഉമറുൽ ഫാറൂഖ്(റ) ഖലീഫയായി, പത്തര വർഷം ഭരണം നടത്തി. എക്കാലത്തെയും ഭരണാധികാരികൾക്ക് മാതൃകയായി. സമ്പന്ന രാഷ്ട്രങ്ങളായ ഇറാഖ്, സിറിയ, പേർഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ മുസ്ലിംകൾക്ക് കീഴടങ്ങി. ഹിജ്റ 23-ൽ വഫാത്തായി. പ്രായം 63 വയസ്.
ഉസ്മാനുബ്നു അഫ്ഫാൻ (റ) ഹിജ്റ 23-ൽ ഖലീഫയായി. പന്ത്രണ്ട് വർഷം ഭരിച്ചു. ഹിജ്റ 35-ൽ വഫാത്തായി. പ്രായം 82.
നാലാം ഖലീഫ അലിയ്യുബ്നു അബീത്വാലിബ്(റ) ഹിജ്റ 35-ൽ ഖലീഫയായി. നാലു കൊല്ലവും ഒമ്പത് മാസവും ഭരണം നടത്തി. ഹിജ്റ 40-ൽ വഫാത്തായി.
ഹിജ്റ 23-ലെ ചില സംഭവങ്ങൾ നോക്കാം. ഖലീഫ ഉമറുൽ ഫാറൂഖ്(റ) ഹജ്ജ് നിർവഹിക്കാൻ മക്കയിലെത്തി. ധാരാളം ഹാജിമാർ പങ്കെടുത്ത ഹജ്ജ്. നല്ല നിലയിൽ സമാപിച്ചു...
ഖലീഫക്ക് വയസ്സ് അറുപത്തി മൂന്ന്. ഈ പ്രായത്തിലാണ് നബിﷺതങ്ങൾ വഫാത്തായത്. തന്റെ മുൻഗാമിയായ അബൂബക്കർ സിദ്ദീഖ് (റ) വഫാത്തായതും ഇതേ പ്രായത്തിൽ തന്നെ.
ഖലീഫയും സംഘവും മക്കയിൽ നിന്ന് മടങ്ങുകയാണ്. മക്കയുടെ പുറത്തുള്ള ഒരു സ്ഥലത്ത് അവർ യാത്ര നിർത്തി. ഖലീഫയും കൂട്ടരും ഒട്ടകപ്പുറത്ത് നിന്നിറങ്ങി.
ഉമർ(റ) മണൽ വാരിക്കൂട്ടി. അതിൽ മുണ്ട് വിരിച്ചു കിടന്നു. ആകാശത്തേക്ക് നോക്കി. വിജയങ്ങൾക്കു മേൽ വിജയം നേടിയ നേതാവ്. ഭരണ പരിഷ്കാരങ്ങൾ കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ഭരണാധികാരി. തൊട്ടതെല്ലാം പൊന്നാകും എന്ന് പറഞ്ഞ അവസ്ഥ. പ്രശസ്തിയുടെ കൊടുമുടിയിലാണ്.
ആരും അഭിമാനത്തോടെ ഖലീഫയെ ഓർക്കും. വയസ്സ് അറുപത്തി മൂന്ന്. ഈ അവസ്ഥയിൽ മരണം സംഭവിക്കുന്നത് അനുഗ്രഹീതം തന്നെ. പല കാര്യങ്ങൾ പറഞ്ഞ് അല്ലാഹു ﷻ വിനോട് പ്രാർത്ഥിച്ചു. അതിന് ശേഷം യാത്ര തുടർന്നു. മദീനയിലെത്തി.
ദുൽഹജ്ജ് ഇരുപത്തി ഏഴ്, സുബ്ഹിയായി. മസ്ജിദിൽ ബാങ്ക് വിളിച്ചു. ഇരുട്ടിൽ ചിലരൊക്കെ ഉറങ്ങുന്നുണ്ട്. ഖലീഫ തന്നെ പലരെയും തട്ടിവിളിച്ചു ഉണർത്തി.
എല്ലാവരും നിസ്കാരത്തിന് തയ്യാറായി. അണികൾ നേരെയാക്കി. ഇരുട്ടിൽ നിന്നൊരാൾ ചാടിവീണു. ഖലീഫയെ പലതവണ കുത്തി. രക്തം ചീറ്റി. ഖലീഫ വീണുപോയി.
ആളുകൾ ഘാതകനെ പിടികൂടാൻ ശ്രമിച്ചു. ഇരുതല മൂർച്ചയുള്ള കാഠാര ശക്തമായി വീശിക്കൊണ്ടിരുന്നു. അതിൽ പ്രന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ഘാതകൻ സ്വന്തം ശരീരത്തിൽ കത്തി കുത്തിയിറക്കി ആത്മഹത്യ ചെയ്തു.
അപ്പോഴും ഖലീഫയുടെ ശ്രദ്ധ നിസ്കാരത്തിലായിരുന്നു. അദ്ദേഹം അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനോട് സംസാരിച്ചു: “താങ്കൾ നിസ്കാരത്തിന് നേത്യത്വം നൽകൂ. എന്റെ കാര്യം അതിനു ശേഷം നോക്കിയാൽ മതി.”
വളരെ ചെറിയ സൂറത്തുകൾ ഓതി നിസ്കാരം നിർവഹിച്ചു. ഉമർ (റ) ബോധരഹിതനായി...