ഹിജ്റ ഒമ്പത്. സംഭവബഹുലമായ വർഷമാണത്. നബിﷺക്ക് നിന്നുതിരിയാൻ നേരമില്ല. എന്തെല്ലാം പ്രശ്നങ്ങൾ...
ശഅ്ബാൻ മാസം. ദുഃഖത്തിന്റെ കാർമേഘങ്ങൾ വരികയാണ്. ഉമ്മുകുൽസൂം (റ) കലിമ ചൊല്ലി. കലിമത്തുത്തൗഹീദ്. കണ്ണുകൾ അടഞ്ഞു. ശ്വാസം നിലച്ചു. എല്ലാം നിശ്ചലം...
മരണാനന്തര കർമ്മങ്ങളെല്ലാം നിർവഹിച്ചു. എല്ലാറ്റിനും നബി ﷺ നേതൃത്വം നൽകി. ഖബറടക്കൽ കർമ്മം നിർവഹിക്കപ്പെട്ടുകഴിഞ്ഞു. നബി ﷺ ഖബറിന്നരികിൽ ഇരുന്നു. മുഖം നിറയെ ദുഃഖം.
അനസുബ്നു മാലിക് (റ) ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു: ഉമ്മു കുൽസുമിന്റെ (റ) ഖബറിന്നരികിൽ നബി ﷺ ഇരുന്നു. അപ്പോൾ നബിﷺതങ്ങളുടെ ഇരുനയനങ്ങളും നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. ദുഃഖത്തിന്റെ കണ്ണീർ കണങ്ങൾ...
ലൈലാ ബിൻത് ഖാനിഫ്, അസ്മാഅ് ബിൻത് ഉമൈസ്, സ്വഫിയ്യ ബിൻത് അബ്ദിൽ മുത്വലിബ് (റ) തുടങ്ങിയവർ ചേർന്ന് മയ്യിത്ത് കുളിപ്പിച്ചു. കുളിപ്പിക്കുമ്പോഴും കഫൻ ചെയ്യുമ്പോഴും നബിﷺതങ്ങൾ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ആ രംഗങ്ങൾ പിന്നീടവർ വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്.
അലി(റ), ഫള്ലുബ്നു അബ്ബാസ്(റ), ഉസാമത്ത് ബ്നു സൈദ്(റ) എന്നിവർ മയ്യിത്ത് ഖബറിലേക്ക് താഴ്ത്തി. ഉസ്മാൻ (റ) വീണ്ടും ദുഃഖിതനായി. അത് കണ്ട് നബിﷺയുടെ പ്രതികരണം പ്രസിദ്ധമാണ്.
”لو كان عندنا ثالثة لزوجنا كها يا عثمان“
“ഓ ഉസ്മാൻ (റ), നമ്മുടെ പക്കൽ മൂന്നാമതൊരു മകൾകൂടി ഉണ്ടായിരുന്നെങ്കിൽ താങ്കൾക്ക് ഞാൻ വിവാഹം ചെയ്തു തരുമായിരുന്നു...”
ഉസ്മാൻ(റ)വിന്റെ സേവനം തിളങ്ങിനിന്ന ഒരു സംഭവം പറയാം...
നബിﷺതങ്ങളും സ്വഹാബികളും ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ടു. ദുൽഖഅ്ദ് മാസത്തിലായിരുന്നു യാത്ര.
ബലിമൃഗങ്ങൾ കൂടെയുണ്ടായിരുന്നു. ഉംറയുടെ വേഷം. അറബികൾ യാത്രയിൽ ഒരു വാൾ കരുതാറുണ്ട്. അത് ഉറയിൽ തന്നെ കാണും. പുറത്തെടുക്കേണ്ടിവരില്ല. ആ വാൾ മാത്രമേ കൈവശമുള്ളൂ. തീർത്ഥാടകരാണെന്ന് കാണുന്നവർക്കു മനസ്സിലാവും. യുദ്ധത്തിന് പോവുന്ന വരവല്ല. ആയുധങ്ങളില്ല.
ഹുദൈബിയ്യ എന്ന സ്ഥലത്തെത്തി. നബിﷺതങ്ങളുടെ ഒട്ടകം അവിടെ മുട്ടുകുത്തി. ചിലർ ഒട്ടകത്തെ എഴുന്നേൽപിക്കാൻ നോക്കി. നബി ﷺ അത് ആരാഞ്ഞു.
നിർദേശം കിട്ടിയ ഒട്ടകമാണത്. മുമ്പോട്ടു നീങ്ങാൻ കൽപനയില്ല. അവിടെ തമ്പടിക്കാൻ നിർദേശിച്ചു. അനേകം തമ്പുകൾ ഉയർന്നു. മക്കയിൽ നിന്ന് ദൂതന്മാർ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു.
“ഞങ്ങൾ ഉംറ നിർവഹിക്കാൻ വന്നതാണ്. ഏറ്റുമുട്ടലിന് വന്നതല്ല. ഞങ്ങളെ മക്കയിൽ പ്രവേശിക്കാൻ അനുവദിക്കണം.”
ഖുറൈശികൾ അനുവദിച്ചില്ല. സംഭാഷണങ്ങളൊന്നും ഫലം
ചെയ്തില്ല. ഒടുവിൽ മക്കയിലേക്ക് ഒരു പ്രത്യേക ദൂതനെ അയക്കാൻ
നബിﷺതങ്ങൾ തീരുമാനിച്ചു. ഉസ്മാനുബ്നു അഫ്ഫാൻ (റ)...
അതൊരു വല്ലാത്ത ദൗത്യമായിരുന്നു. മനസ് നിറയെ ശ്രതുതയുമായി നിൽക്കുന്ന ഖുറൈശികളുടെ മുമ്പിലേക്കാണ് പോവുന്നത്. എന്തും സംഭവിക്കാം. മരിക്കാൻ തയ്യാറെടുത്തുകൊണ്ടാണ് പോവുന്നത്.
ഖുറൈശികളെ സമീപിച്ചു. നബി ﷺ തങ്ങളുടെ സന്ദേശം കൈമാറി. അദ്ദേഹം പറഞ്ഞു: “ഞങ്ങൾ ഉംറ നിർവഹിക്കാൻ വന്നതാണ്. ഞങ്ങളെ അതിന്നനുവദിക്കണം.”
ഖുറൈശികളുടെ മറുപടി ഇങ്ങനെയായിരുന്നു: “താങ്കൾക്കു വേണമെങ്കിൽ ത്വവാഫ് ചെയ്യാം. മറ്റാരെയും അനുവദിക്കില്ല.”
ഉസ്മാൻ (റ) ഇങ്ങനെ പ്രതികരിച്ചു: “അല്ലാഹു ﷻ വിന്റെ റസൂൽ (ﷺ) ത്വവാഫ് ചെയ്യുന്നതുവരെ ഞാൻ ത്വവാഫ്
ചെയ്യുകയില്ല...”
ഖുറൈശികളുടെ മനസ്സലിഞ്ഞില്ല. ഉസ്മാൻ (റ) പലരെയും കണ്ടു
സംസാരിച്ചു. ഒന്നും ഫലവത്തായില്ല.
ഇപ്പോൾ ഉസ്മാൻ (റ) ഖുറൈശികളുടെ മധ്യത്തിലാണ്. തടവിലായത് പോലെയായി. പലരും രോഷം പ്രകടിപ്പിക്കുന്നുണ്ട്. ഇതിന്നിടയിൽ മുസ്ലിം പാളയത്തിൽ കിംവദന്തി പരന്നു. ഉസ്മാൻ (റ) വധിക്കപ്പെട്ടു. സ്വഹാബികൾ രോഷാകുലരായി മാറി. എന്തൊരു ധിക്കാരമാണിത്. നബിﷺതങ്ങളും വിഷമിച്ചുപോയി. ഈ സന്ദർഭത്തിലാണ് സ്വഹാബികൾ മരണ പ്രതിജ്ഞ ചെയ്തത്...
ഉസ്മാന്റെ മരണത്തിന് പ്രതികാരം ചെയ്യും. മരണംവരെ യുദ്ധം ചെയ്യും. യുദ്ധക്കളം വിട്ടോടിപ്പോവില്ല. നബി ﷺ തങ്ങളുടെ കരം പിടിച്ചു പ്രതിജ്ഞ ചെയ്തു.
അപ്പോൾ ആ വാർത്ത വന്നു. ഉസ്മാൻ (റ) വധിക്കപ്പെട്ടിട്ടില്ല. സുരക്ഷിതനാണ്. തിരിച്ചുവരും. ഉൽക്കണ്ഠ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ഉസ്മാൻ (റ) തിരിച്ചെത്തി. ഖുറൈശികളുടെ പ്രതിനിധിയും വന്നു.
അങ്ങനെ സന്ധി വ്യവസ്ഥകൾ എഴുതിയുണ്ടാക്കി. പ്രത്യക്ഷത്തിൽ അപമാനകരമായ വ്യവസ്ഥകളാണ് സന്ധിയിലുള്ളതെന്ന് തോന്നാം. അല്ലാഹു ﷻ ഉദ്ദേശിച്ചത് വ്യക്തമായ വിജയമാണ്. ഏതാനും വർഷങ്ങൾകൊണ്ട് എല്ലാവർക്കും അത് ബോധ്യമാവുകയും ചെയ്തു.
സന്ധിയുണ്ടാക്കുന്നത് രണ്ട് ശക്തികൾ തമ്മിലാണ്. ഖുറൈശികൾ മുസ്ലിംകളുമായി സന്ധിയുണ്ടാക്കി. ഫലത്തിൽ മുസ്ലിംകളെ ഖുറൈശികൾ ഒരു ശക്തിയായി അംഗീകരിക്കുകയായിരുന്നു.
കുറച്ചു കാലത്തേക്കു യുദ്ധമില്ല. യുദ്ധ ഭയമില്ലാതെ ജീവിക്കാം. മ
തപ്രചരണത്തിലും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും വ്യാപൃതരാവാം.
ഇതും ഒരു നേട്ടം തന്നെ. വലിയ നേട്ടങ്ങൾ പിന്നാലെ വന്നു ചേർന്നു. ഹുദൈബിയ്യ സന്ധി ഖുറൈശികൾക്ക് വൻ പരാജയമായിട്ടാണ് കലാശിച്ചത്.
ഇസ്ലാം അറേബ്യയിലാകെ പ്രചരിക്കാൻ അത് കാരണമായിത്തീർന്നു...