റുഖിയ്യ(റ)യുടെ വായിൽ നിന്ന് സത്യസാക്ഷ്യ വചനം ഒഴുകിവന്നു...
“അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്.
വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്”
ഉസ്മാൻ (റ) ഞെട്ടിപ്പോയി. അന്ത്യവചനം മൊഴിഞ്ഞുകഴിഞ്ഞു.
ആത്മാവ് നീങ്ങിപ്പോയി. ശരീരം ബാക്കിയായി. ശരീരം തുണികൊണ്ട് മൂടി. സ്ത്രീകൾ വന്നുകൂടി. മരണാനന്തര കർമങ്ങൾക്ക് തുടക്കമായി. ആരെയും കാത്തിരിക്കാനില്ല...
പടക്കളത്തിലേക്കു പോയവരുടെ ഒരു വിവരവും അറിയില്ല. മനസ്സുകളിൽ ഉൽക്കണ്ഠയാണ്. ജൂതന്മാർ അർത്ഥം വെച്ചു നോക്കുന്നുണ്ട്.
എല്ലാം ബദറിൽ തീരും. ആ നോട്ടങ്ങൾ അതാണ് സൂചിപ്പിക്കുന്നത്...
പുരുഷന്മാരായി വളരെ കുറച്ചു പേർ മാത്രമേ മദീനയിലുള്ളൂ.. അവർ ഖബ്ർ കുഴിക്കാൻ തുടങ്ങി. മയ്യിത്ത് കുളിപ്പിച്ചു. കഫൻ ചെയ്തു. മറ്റ് കർമ്മങ്ങളെല്ലാം ചെയ്തു ചുമന്നു കൊണ്ടുപോയി. ഖബറടക്കി...
ഉസ്മാൻ(റ)വിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. റുഖിയ്യ(റ) തന്നെ തനിച്ചാക്കിയിട്ട് പോയി. നബി ﷺ തങ്ങളുമായി തനിക്കുണ്ടായിരുന്ന പ്രത്യേക ബന്ധം അറ്റുപോയതുപോലെ തോന്നി...
ഖബറടക്കൽ കർമ്മം പൂർണ്ണമായി. ബഖീഇൽ നിന്ന് ആളുകൾ പിന്തിരിയുകയാണ്...
അപ്പോൾ മദീനയുടെ വഴിയിൽ ആ ശബ്ദം മുഴങ്ങി. സൈദ് ബ്നു ഹാരിസ്(റ)വിന്റെ ശബ്ദം.
“ബദറിൽ നബി ﷺ വിജയിച്ചിരിക്കുന്നു. മക്കാ മുശ്രിക്കുകളുടെ നേതാക്കൾ വധിക്കപ്പെട്ടു...”
ആളുകൾ ശബ്ദം കേട്ട ഭാഗത്തേക്കോടി. നബിﷺയുടെ ഒട്ടകപ്പുറത്തിരുന്നുകൊണ്ടാണ് വിളിച്ചുപറയുന്നത്. മുശ്രിക്കുകളിൽ പലരെയും ബന്ദികളാക്കിയിട്ടുണ്ട്. നബിﷺതങ്ങൾ സുരക്ഷിതനാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ബന്ദികളെയും കൊണ്ട് മദീനയിൽ എത്തിച്ചേരുന്നതാണ്...
നിമിഷ നേരത്തേക്ക് ഉസ്മാൻ (റ) കോരിത്തരിച്ച് നിന്നുപോയി...
ദിവസങ്ങളായി മനസ്സിൽ തളംകെട്ടിനിന്ന കടുത്ത ദുഖം മറന്നുപോയി. കണ്ണുകൾ തിളങ്ങി. മുഖം പ്രസന്നമായി. അൽഹംദുലില്ലാഹ്. എന്നും എപ്പോഴും അല്ലാഹുﷻവിന് സ്തുതി...
ബദർ യുദ്ധത്തിന്റെ വിശദ വിവരങ്ങൾ ലഭിക്കണം. സൈദ് ബ്നു ഹാരിസ് (റ) ബദർ യുദ്ധ വിവരണം നൽകി. കേൾക്കും തോറും മനസ്സ് കോരിത്തരിക്കുകയാണ്.
ആണുങ്ങളിൽ നിന്ന് പെണ്ണുങ്ങളിലേക്ക്. ഉമ്മമാരിൽ നിന്ന് കുട്ടികളിലേക്ക്. വീടുകളിൽ നിന്ന് വീടുകളിലേക്ക്. ബദർ യുദ്ധ വിവരങ്ങൾ നീങ്ങുകയാണ്...
യഹൂദികൾ അമ്പരന്നു. അവർ അമ്പരപ്പോടെ സംസാരിച്ചു. ഇത്
അതിശയകരം തന്നെ...
ദിവസങ്ങൾ നീങ്ങി. നബി ﷺ മടങ്ങിയെത്തി. ബഖീഇൽ വന്നു.
മകളുടെ ഖബറിന്നരികിൽ നിന്നു. സ്നേഹനിധിയായ പിതാവിന്റെ ദുഃഖം. മകൾക്കുവേണ്ടി പ്രാർത്ഥിച്ചു. കണ്ണീരോടെ സലാം ചൊല്ലിപ്പിരിഞ്ഞു...
റുഖിയ്യ(റ)യുടെ ഉമ്മ ഖദീജ(റ) മക്കയിൽ വെച്ചുതന്നെ മരണപ്പെട്ടിരുന്നു. മക്കയിലാണ് ഖബർ. എത്രയോ കാലം ഉമ്മയെ പിരിഞ്ഞു ജീവിച്ചു. അബ്സീനിയായിൽ...
ഉസ്മാൻ (റ) കടുത്ത ദുഃഖത്തിലാണ്.
നബിﷺതങ്ങൾ അത് നന്നായറിയുന്നു. ദുഃഖം തീർക്കണം. അതിനുള്ള വഴി തേടുകയാണ് നബിﷺതങ്ങൾ...
ഭർത്താവിന്റെ താൽപര്യങ്ങൾ മനസ്സിലാക്കാനും അവയുമായി പൊരുത്തപ്പെട്ടു പോവാനും കഴിവുള്ള സൽഗുണ സമ്പന്നയായ ഭാര്യയായിരുന്നു റുഖിയ്യ(റ)...
ഭാര്യ ഭർത്താവിന്റെ താൽപര്യങ്ങളിൽ അലിഞ്ഞു ചേർന്നു ജീവിച്ചു. ഭർത്താവ് ധാരാളം സുന്നത്ത് നോമ്പെടുക്കും. രാത്രി വളരെ നേരം നിസ്കരിക്കും. ഭാര്യയും അതിലെല്ലാം തൽപരയായിരുന്നു. വിശുദ്ധ ഖുർആനിനോടുള്ള സ്നേഹം. അതിലും ഭാര്യ പങ്കാളിയായി. ഹിജ്റ രണ്ടാം വർഷം റമളാൻ മാസത്തിൽ റുഖിയ്യ(റ) വഫാത്തായി...
റുഖിയ്യ(റ)യുടെ സഹോദരി ഉമ്മു കുൽസൂം(റ). ഉമ്മു കുൽസൂം(റ)യെ ഉസ്മാൻ(റ)വിന് വിവാഹം ചെയ്തു കൊടുക്കാൻ നിശ്ചയിച്ചു. മദീനയിൽ അതൊരു സന്തോഷവാർത്തയായിരുന്നു...
നബിﷺതങ്ങളുടെ ഒരു വചനം ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്...
മസ്ജിദിന്റെ വാതിൽക്കൽ നിൽക്കുകയായിരുന്ന ഉസ്മാൻ(റ)വിനെ വിളിച്ചുകൊണ്ട് നബി(ﷺ) പറഞ്ഞു:
“യാ ഉസ്മാൻ ഹാദാ ജിബ്രീൽ, അഖ്ബറനീ അന്നല്ലാഹ സദ
ജക ഉമ്മു കുൽസൂം."
”يَا عُثْمَانُ هَذَا جِبْرِيلُ أَخْبَرَنِي أَنَّ اللَّهَ قَدْ زَوَّجَكَ أُمَّ كُلْثُومٍ“
ഓ ഉസ്മാൻ! ഇതാ ജിബ്രീൽ, അല്ലാഹു ﷻ ഉമ്മു കുൽസൂമിനെ (റ) താങ്കൾക്ക് വിവാഹം ചെയ്തു തന്നതായി ജിബ്രീൽ (അ) എന്നോട് പറഞ്ഞു.
അനുഗ്രഹീതമായ വിവാഹം. ഹിജ്റ മൂന്നാം വർഷത്തിൽ ഉസ്മാൻ (റ) ഉമ്മുകുൽസൂം(റ)വിനെ വിവാഹം ചെയ്തു.
നബിﷺതങ്ങളുടെ രണ്ട് പുത്രിമാർ.
അവർ രണ്ട് പ്രകാശങ്ങൾ. രണ്ട് പ്രകാശങ്ങൾ സിദ്ധിച്ച സൗഭാഗ്യവാൻ.
ഉസ്മാൻ(റ)വിന് ഒരു സ്ഥാനപ്പേര് കിട്ടി.
ദുന്നൂറൈൻ...
ഹിജ്റ ഒമ്പതാം വർഷം വരെ ദമ്പതികൾ മാതൃകാ ജീവിതം നയിച്ചു. സ്നേഹവും വാത്സല്യവും നിറഞ്ഞ ആറ് വർഷങ്ങൾ. ഉമ്മുകുൽസൂം(റ)വിന് രോഗം ബാധിച്ചു.
ഉസ്മാൻ(റ)വിന് ഉൽക്കണ്ഠയായി.
റുഖിയ്യ(റ)വിന്റെ രോഗത്തിന്റെ നാളുകൾ വേദനിപ്പിക്കുന്ന ഓർമ്മയായി മനസ്സിലുണ്ട്. അന്ന് പിതാവിനെക്കാണാതെ മകൾ മരണപ്പെട്ടു.
ഉമ്മു കുൽസൂമിന്റെ (റ) ശരീരം, വാടിത്തളർന്ന മുഖം, വാടിയ പൂപോലെ കിടക്കുകയാണവർ. മരണത്തിന്റെ കാലൊച്ച അടുത്തു വരികയാണ്...