ഹിജ്റ രണ്ടാം വർഷം. പല പ്രധാന സംഭവങ്ങളും നടന്ന വർഷമാണത്. പരിശുദ്ധ റമളാൻ മാസം പൂർണമായും നോമ്പെടുക്കാൻ നിർബന്ധമാക്കപ്പെട്ടു. സകാത്ത് നിർബന്ധമായി. ചെറിയ പെരുന്നാളും വലിയ പെരുന്നാളും വന്നു.
ഫിത്വർ സകാത്ത് വന്നു. ഉള്ഹിയ്യത്ത് വന്നു.
ഹിജ്റ രണ്ടാം വർഷത്തിൽ ബദർ യുദ്ധവും നടന്നു. ബദർ. വല്ലാത്ത പരീക്ഷണമായിരുന്നു. വിഭവങ്ങൾ കുറവാണ്. ആയുധങ്ങൾ കുറവ്. ആളുകളും കുറവ്.
ബദറിൽ പോവൽ നിർബന്ധമായിത്തീർന്നു. എല്ലാവരും യാത്രയുടെ ഒരുക്കത്തിലാണ്. റമളാൻ പ്രന്തണ്ടിന് യാത്ര തിരിക്കുന്നു. മുന്നൂറ്റി പതിമൂന്നു പേർ.
മഹാന്മാരായ ബദ്രീങ്ങൾ. നബി ﷺ തങ്ങളുടെ ശ്രദ്ധ മുഴുവൻ ബദറിലേക്കുള്ള യാത്രയിലാണ്.
മദീനയിലെ ഒരു ചെറിയ വീട്.
വൃത്തിയും ഭംഗിയുമുള്ള വീട്. ഒരു കട്ടിലിൽ അവശയായി കിടക്കുന്നു വീട്ടുകാരി. ആരാണ് വീട്ടുകാരി..?
നബിﷺതങ്ങളുടെ ഓമന പുത്രി റുഖിയ്യ(റ)...
രോഗം ശരീരത്തെ നന്നായി ബാധിച്ചു. അവശയായിപ്പോയി.
എന്തൊരു ക്ഷീണം. ഭർത്താവ് ഉസ്മാൻ (റ) ഉൽക്കണ്ഠാകുലനാണ്. എല്ലാവരും ബദറിലേക്കു പുറപ്പെടുകയാണ്. തനിക്കും പോവണം. പടപൊരുതണം. ഒന്നുകിൽ വിജയം. അല്ലെങ്കിൽ വീര രക്തസാക്ഷിയാവുക.
എങ്ങനെ പോവും? ഭാര്യയുടെ കിടപ്പ് കണ്ടില്ലേ..? യുദ്ധ ഫണ്ടിലേക്ക് സംഭാവന കൊടുത്തിട്ടുണ്ട്. അത് പോരല്ലോ. പടക്കളത്തിലിറങ്ങണ്ടേ..? പടപൊരുതണ്ടേ..? ഉപ്പയെ കണ്ടു വരട്ടെ. അത്രയും പറഞ്ഞ് ഉസ്മാൻ (റ) വീട്ടിൽ നിന്നിറങ്ങി...
നബിﷺതങ്ങളുടെ സമീപത്തേക്ക് ധൃതിപിടിച്ചു വന്നു. റുഖിയ്യായുടെ (റ) വിവരങ്ങൾ പറഞ്ഞു. റുഖിയ്യായുടെ (റ) നില ഗുരുതരമാണ്. ഉസ്മാൻ (റ) നന്നായി പരിചരിച്ചുകൊള്ളൂ. യുദ്ധത്തിന് വരേണ്ട. നബി ﷺ അരുൾ ചെയ്തു...
തന്റെ മനസ്സിന്റെ അവസ്ഥയെന്ത്? ആശയോ നിരാശയോ? ഭാര്യയുടെ സമീപം വന്നുനിന്നു. റുഖിയ്യ (റ) ഭർത്താവിന്റെ മുഖത്തേക്ക് ഉറ്റുനോക്കി. മനസ്സിൽ വികാരങ്ങളുടെ തള്ളിച്ചയാണ്...
ഭർത്താവിന്റെ സാമീപ്യം ആശ്വാസം പകരുന്നതാണ്. പക്ഷെ, ഈ സാമീപ്യം. ബദറിൽ പോവാതെയുള്ള ഈ നിൽപ്പ്. അതാണ് വിധി. അതിൽ ആശ്വസിക്കാം...
ഉപ്പയും സ്വഹാബികളും യാത്രപോയി എന്ന് കേട്ടു. തളർച്ച കൂടുകയാണ്. രോഗം വർധിക്കുന്നു. ഉസ്മാൻ(റ)വിന്റെ ഉത്ക്കണ്ഠ വർധിച്ചു. ഭാര്യക്കു മരുന്ന് നൽകിക്കൊണ്ടിരുന്നു. ഇടക്കിടെ വെള്ളം കൊടുക്കുന്നു.
രാത്രിയുടെ യാമങ്ങൾ. ശരീരം വേദനിക്കുന്നു. അപ്പോൾ റുഖിയ്യയുടെ (റ) മനസ്സിൽ രണ്ട് മുഖങ്ങൾ തെളിയുന്നു. കാണാൻ വല്ലാത്ത മോഹം. കാണാൻ കഴിയുമോ..?
ഉപ്പയുടെ മുഖം. ഇത്താത്തയുടെ മുഖം. ഉപ്പ ഇപ്പോൾ ബദറിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാവും.
ഇത്താത്തയുടെ കാര്യം..? അവർ മക്കയിലാണ്. ഭർത്താവ് അവിടെ നിർത്തിയിരിക്കുകയാണ്. സ്നേഹത്തിന്റെ സാഗരമാണ് ഇത്താത്ത സൈനബ് (റ). എന്തൊരു സുന്ദര വദനം. പ്രകാശം പരത്തുന്ന പുഞ്ചിരി. കണ്ടിട്ടെത്രയോ കാലമായി. ഒരിക്കൽകൂടി ആ മുഖം കാണാൻ
കഴിയുമോ..?!
അവശയായ രോഗിയുടെ വലിയ മോഹം. ആരോട് പറയാൻ. മോഹം മനസ്സിലൊതുങ്ങിനിൽക്കട്ടെ. രാപ്പകലുകൾ മാറിമാറി വന്നുകൊണ്ടിരുന്നു. ഉപ്പ ബദറിലെത്തിക്കാണും.
മരുന്നുകൾ ഫലം ചെയ്തില്ല. റുഖിയ്യ(റ)യുടെ വായിൽ നിന്ന്
സത്യസാക്ഷ്യ വചനം ഒഴുകിവന്നു...
“അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്.
വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്”
ഉസ്മാൻ(റ) ഞെട്ടിപ്പോയി..!!
അന്ത്യവചനം മൊഴിഞ്ഞുകഴിഞ്ഞു.
ആത്മാവ് നീങ്ങിപ്പോയി...