Wednesday - 22 April, 2026 4-Dhu al-Qadah-1447

വിശുദ്ധ രക്തം ...(2)

   വെള്ളവുമായി ആർക്കും അങ്ങോട്ടു ചെല്ലാൻ നിവൃത്തിയില്ല. വിപ്ലവകാരികൾ വെള്ളം പിടിച്ചുവാങ്ങി ഒഴുക്കിക്കളയും. പാത്രം വലിച്ചെറിയും.


 അലി(റ) രോഷാകുലനായിത്തീർന്നു. അദ്ദേഹം വിപ്ലവകാരികളുടെ നേരെ പാഞ്ഞുവന്നു. കോപത്തോടെ സംസാരിച്ചു: “നിങ്ങൾ എന്ത് ദ്രോഹമാണ് കാണിക്കുന്നത്? സ്വന്തം പണം നൽകി റൂമാ കിണർ വാങ്ങി മുസ്ലിംകൾക്ക് ദാനം ചെയ്ത വ്യക്തിക്ക് നിങ്ങൾ വെള്ളം മുടക്കുകയോ..?”


 അമ്മാറുബ്നു യാസിർ(റ)വാണ് അലി(റ)വിന്റെ സമീപത്തേക്ക്

ഓടിവന്ന് വെള്ളം മുടക്കിയ വിവരം പറഞ്ഞത്. അത് കേട്ട് രോഷാകുലനായി വന്നതാണ് അലി(റ)...


 അമ്മാർ(റ) അലി(റ)വിനോട് ഇത്രകൂടി പറഞ്ഞു: ഖലീഫ വെള്ളം കിട്ടാതെ വിഷമിക്കുകയാണ്. താങ്കൾ ഒരു തോൽപാത്രം വെള്ളം കൊണ്ടു ചെന്നു കൊടുക്കണം. താങ്കളാവുമ്പോൾ വിപ്ലവകാരികൾ തടയില്ല. അലി(റ) ഒരു തോൽ സഞ്ചിയിൽ വെള്ളവുമായി വന്നു.

തോൽസഞ്ചി ചുമലിൽ വെച്ചു കൊണ്ട് കുഴപ്പക്കാർക്കിടയിലൂടെ

ഞെങ്ങിഞെരുങ്ങിയാണ് മുമ്പോട്ടു വന്നത്. ശക്തമായ തിക്കിലും തിരക്കിലും പെട്ട് തന്റെ തലപ്പാവ് താഴെ വീണുപോയി.


 ധീരനായ അലി(റ) വീട്ടിൽ പ്രവേശിച്ചു. വെള്ളം നൽകി. അലി(റ) തന്റെ പുത്രന്മാരെ വിളിച്ചു. ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ കൈകളിൽ ഓരോ വാൾ കൊടുത്തു. ഖലീഫയുടെ കട്ടിലിന്നരികിൽ കൊണ്ടുപോയി നിർത്തി. അന്ന് മുതൽ അവരവിടെ കാവൽ നിന്നു.


 സായുധരായ സബഇകൾ. നാൽപത് ദിവസമാണവർ ഉപരോധം നടത്തിയത്. (4 മാസം എന്നും കാണുന്നു). ഉപരോധം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പതിനായിരം സബഇകൾ.

അവരുടെ നേതാക്കൾ തീരുമാനമെടുത്തു കഴിഞ്ഞു.

ഖലീഫയെ വധിക്കുക. എന്നിട്ട് സ്ഥലം വിടുക.


 ഒരു സന്ദർശകനെയും അകത്ത് വിട്ടില്ല. ദിവസങ്ങളായി ദാഹജലമില്ല. അന്നും ഖലീഫ നോമ്പെടുത്തിരുന്നു. ആഹാര പാനീയങ്ങളെല്ലാം തീർന്നിട്ടുണ്ട്.


 തനിക്ക് കാവൽ നിൽക്കുന്നവരെ നോക്കി പുഞ്ചിരി തൂകി, ഹസൻ

(റ), ഹുസൈൻ (റ) എന്നിവരെപ്പോലെ പ്രമുഖ സ്വഹാബികളുടെ ചില

മക്കളും അവിടെ ഉണ്ടായിരുന്നു.


 അവർ ഖലീഫയുടെ മുഖത്തേക്ക് നോക്കി. ഖലീഫ പറഞ്ഞു: “ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. നബി ﷺ എന്നോട് പറഞ്ഞു: ഇങ്ങോട്ടു വരൂ. ഇവിടെ വെച്ച് നോമ്പ് തുറക്കാം.”


 കേട്ടവർ വികാരഭരിതരായിപ്പോയി. എന്തൊരു സ്വപ്നം. ഖലീഫ ബോധരഹിതനായി. കുറെ സമയം കടന്നുപോയി. നാഇല സമീപത്തു തന്നെയുണ്ട്. കഴിയാവുന്ന വിധത്തിൽ പരിചരിക്കുന്നു.


 നാഇലക്ക് ഭർത്താവിനോടുള്ള സ്നേഹം ചരിത്രത്തെ അമ്പരപ്പിച്ചിട്ടുണ്ട്. അത്രക്കേറെയാണ് സ്നേഹം. ഭർത്താവിനെ ശത്രുക്കൾ വെട്ടിയാൽ സ്വന്തം ശരീരംകൊണ്ട് വെട്ട് തടുക്കും. ആ വിധത്തിലാണവരുടെ നിൽപ്പ്.


 ഖലീഫക്ക് ബോധം വന്നു. നാഇലയെ കരുണയോടെ നോക്കി. സ്വരം താഴ്ത്തി പറഞ്ഞു: “നാഇലാ... ഇന്ന് ഞാൻ വധിക്കപ്പെട്ടേക്കാം. അല്ലാഹുﷻവിന്റെ റസൂൽ (ﷺ) എന്നെ നോമ്പ് തുറക്കാൻ ക്ഷണിച്ചിട്ടുണ്ട്.”


 നാഇലയുടെ കണ്ണുകൾ തിളങ്ങി. കണ്ണുനീർത്തുള്ളികളുടെ തിളക്കം. പോവുകയാണ്. സമയമായിപ്പോയി. സായാഹ്നമായി. നോമ്പു തുറക്കാൻ സമയമാവുന്നു. ഒരിറ്റ് വെള്ളമില്ല.


 നാഇല വിപ്ലവകാരികളുടെ മുമ്പിലേക്കു ചെന്നു. ഇങ്ങനെ ആവശ്യപ്പെട്ടു. ഖലീഫക്ക് നോമ്പു തുറക്കാൻ സമയമായിരിക്കുന്നു. കുറച്ചു വെള്ളം തരണം.


 വിപ്ലവകാരികളുടെ മുഖത്ത് പരിഹാസം. “ചപ്പുചവറുകൾ നിറഞ്ഞ ഒരു കുഴിയുണ്ട്. അതിൽ മലിനജലവുമുണ്ട്. നിനക്ക് വേണമെങ്കിൽ ആ കുഴിയിലെ വെള്ളമെടുക്കാം.” അതായിരുന്നു ധിക്കാരികളുടെ മറുപടി...


 നാഇല മടങ്ങിപ്പോന്നു. വെള്ളമില്ല. ഒന്നുമില്ല. മഗ്‌രിബ് കഴിഞ്ഞു. ഇശാഅ് കഴിഞ്ഞു. പിന്നെയും മണിക്കൂറുകൾ കടന്നുപോയി. പാതിരാത്രിയും കഴിഞ്ഞു...


 ഭർത്താവിന് ഒരു തുള്ളി വെള്ളം കൊടുക്കാൻ തനിക്കു കഴിഞ്ഞോ..?! നാഇല സ്വയം കുറ്റപ്പെടുത്തി. ഒരൽപം വെള്ളം. അത് കിട്ടിയേ മതിയാവൂ...!!