ഭർത്താവിന് ഒരു തുള്ളി വെള്ളം കൊടുക്കാൻ തനിക്കു കഴിഞ്ഞോ..? നാഇല സ്വയം കുറ്റപ്പെടുത്തി. ഒരൽപം വെള്ളം. അത് കിട്ടിയേ മതിയാവൂ. അയൽപക്കത്തെ വീടുകളിൽ വെള്ളം കാണും. അവരുടെ മനസ്സിലും വെള്ളത്തെക്കുറിച്ചുള്ള ചിന്ത കാണും. കൊണ്ടുവന്നുതരാൻ വിപ്ലവകാരികൾ സമ്മതിക്കില്ല.
ഒരു രാത്രി കൂടി അവസാനിക്കുകയാണ്. വിശുദ്ധ ഖുർആൻ താഴെ വെക്കാൻ തോന്നുന്നില്ല. ഖലീഫ പാരായണം ചെയ്തുകൊണ്ടേയിരുന്നു.
വല്ലാത്തൊരാവേശത്തോടെ നാഇല കടന്നുവന്നു. കൈയിൽ ചെറിയ പാത്രം. പാത്രത്തിൽ വെള്ളം. “ഇതാ വെളളം. കുടിച്ചോളൂ...”
ഖലീഫ പറഞ്ഞു: “സുബ്ഹി ആയിട്ടുണ്ട്. എനിക്ക് ഇന്നും നോമ്പാണ്.”
വെള്ളം കുടിക്കാനായില്ല. കിട്ടാൻ വൈകിപ്പോയി. വിപ്ലവകാരികൾ ചൂടുപിടിച്ച ചിന്തയിലാണ്.
മക്കയിൽ ഹജ്ജിന്റെ കർമ്മങ്ങളെല്ലാം അവസാനിച്ചിട്ടുണ്ട്.
വൈകാതെ ഹാജിമാർ മദീനയിൽ എത്തിത്തുടങ്ങും. അവർ തിരിച്ചുവന്നാൽ തങ്ങളുടെ പരിപാടികൾ നടപ്പിലാക്കാൻ ഇതുപോലെ സൗകര്യം കിട്ടിയെന്ന് വരില്ല.
മറ്റൊരു വാർത്തയും കേൾക്കുന്നുണ്ട്. മുആവിയ (റ) സിറിയയിൽ നിന്ന് ഒരു സൈന്യത്തെ അയച്ചിരിക്കുന്നു. ഖലീഫയെ സംരക്ഷിക്കാനാണവർ വരുന്നത്. വന്നാൽ തങ്ങൾ മദീന വിട്ടു പോവേണ്ടിവരും.
ഇബ്നുസ്സബാ ഇസ്ലാമിന്റെ ശത്രുവാണ്. ഇസ്ലാമിന്റെ നാശമാണവൻ കാംക്ഷിക്കുന്നത്. പല തെറ്റിദ്ധാരണകളുടെയും പേരിലാണ് പതിനായിരത്തോളം വരുന്ന ജനക്കൂട്ടം അവന്റെ കൂടെ നിൽക്കുന്നത്.
ഒരുപാട് വഞ്ചനകളും കള്ളമൊഴികളും നടത്തിയാണ് സ്ഥിതിഗതികൾ ഈ വിധത്തിലെത്തിച്ചത്.
ഇതുപോലൊരു സന്ദർഭം ഇനി വന്നുകൊള്ളണമെന്നില്ല. ആ കർമ്മം ഇന്നുതന്നെ നടക്കണം. ഈ വെള്ളിയാഴ്ച തന്നെ. ഈജിപ്തുകാരായ ചില ദുഷ്ടന്മാരെ കർമ്മം നിർവഹിക്കാൻ ചുമതലപ്പെടുത്തി.
രാത്രിയുടെ ഇരുൾ നീങ്ങിത്തുടങ്ങി. ഖലീഫ രണ്ട് റക്അത്ത് നിസ്കരിച്ചു. ദുആ ഇരന്നു. മുസ്ഹഫ് കയ്യിലെടുത്തു. പാരായണം തുടങ്ങി. പരിസരത്തെക്കുറിച്ചു ചിന്തയില്ല. വിശുദ്ധ ഖുർആൻ വചനങ്ങൾ മാത്രമാണ് മനസ്സിൽ. എത്രയോ തവണ പാരായണം ചെയ്ത് കഴിഞ്ഞ വചനങ്ങളാണ് വീണ്ടും ഓതുന്നത്.
ഒരിക്കലും പുതുമ നശിക്കാത്ത വചനങ്ങൾ. പാരായണം ചെയ്യും തോറും ആവേശം വർധിക്കുകയാണ്. ആശയങ്ങൾ മനസ്സിന്റെ അടിത്തട്ടിൽ സ്പർശിക്കുന്നു. മരണത്തിന്റെ നിഴൽ നീണ്ടുവരികയാണ്. ആ നിഴലിലേക്കു നോക്കാതെ പാരായണം തുടരുന്നു.
ഹസൻ(റ), ഹുസൈൻ(റ), മുഹമ്മദ് ബ്നു ത്വൽഹ(റ), അബ്ദുല്ലാഹിബ്നു സുബൈർ(റ) തുടങ്ങിയവർ വീടിന്റെ മുൻഭാഗത്ത് കാവൽ നിൽക്കുകയായിരുന്നു. അവർക്കു സംശയം തോന്നാത്തവിധം ചിലർ പിൻഭാഗത്തെ മതിൽ ചാടിക്കടന്നു. വീട്ടിനകത്തു പ്രവേശിച്ചു.
ഖലീഫ അവരോടിങ്ങനെ പറഞ്ഞു:
“നിങ്ങളെന്നെ വധിക്കരുത്. വധിച്ചാൽ കലാപം തീരില്ല. എന്നെ വധിച്ചാൽ നിങ്ങൾക്കൊരിക്കലും സ്നേഹത്തോടെ ജീവിക്കാൻ കഴിയില്ല. എനിക്കു ശേഷം നിങ്ങളൊരിക്കലും ഒറ്റക്കെട്ടായി നിസ്കരിക്കില്ല. എന്നെ കൊന്നാൽ അതിന്റെ പ്രത്യാഘാതം തീരില്ല.”
ശത്രുക്കൾ അതൊന്നും വകവെച്ചില്ല. ആദ്യത്തെ വെട്ട് വലത്ത് കൈക്കാണ്. അപ്പോൾ ഖലീഫ പറഞ്ഞു: “ഖുർആൻ ആയത്തുകൾ എഴുതിയ ആദ്യത്തെ കൈക്കാണ് നിങ്ങൾ വെട്ടിയത്!”
മുസ്ഹഫിൽ രക്തം വീണു. അത് അടച്ച് മാറോട് ചേർത്തു പിടിച്ചു. നാഇല (റ) ഖലീഫയുടെ മേൽ കെട്ടിപ്പിടിച്ചു കിടന്നു. അവരുടെ കൈവിരലുകൾ വെട്ടേറ്റു തെറിച്ചുപോയി. ശത്രുക്കൾ നാഇല(റ)യെ വലിച്ചെറിഞ്ഞു. ഖലീഫയെ തുരുതുരാ വെട്ടി. രക്തം വാർന്നൊഴുകി...
ഖലീഫ ശഹീദായി. ഹിജ്റ 35 ദുൽഹജ്ജ് 18 വെള്ളിയാഴ്ച രാവിലെയായിരുന്നു അത്. സബഇകൾ വീട്ടിനകത്തേക്കു ഇരച്ചു കയറി. അവിടെയുള്ളതെല്ലാം കൊള്ളയടിച്ചു. പിന്നീടവർ ബൈത്തുൽ മാലിലേക്കു കുതിച്ചു. സമ്പന്നമായ ട്രഷറി കൊള്ളയടിച്ചു. എവിടെയും അരാജകത്വം നടമാടി...
ഒരു പെൺപുലിയുടെ ശൗര്യത്തോടെ ഭർത്താവിന്റെ മയ്യിത്തിന് കാവൽ നിൽക്കുകയാണ് നാഇല (റ). മൂന്നു ദിവസം ഇതേ നില തുടർന്നു. അതിനു ശേഷം അലി(റ)വിന്റെ അപേക്ഷ പ്രകാരം സബഇകൾ മയ്യിത്ത് ഖബറടക്കാൻ അനുവദിച്ചു. രാത്രിയിലായിരുന്നു മയ്യിത്ത് ഖബറടക്കിയത്.
മയ്യിത്ത് വഹിച്ചുകൊണ്ടുള്ള യാത്രയിൽ പതിനേഴ് പേരുണ്ടായിരുന്നു. ഒരു വിളക്കും പിടിച്ച് നാഇല (റ) അവരോടൊപ്പം നടന്നു.
ചെറുപ്പക്കാരിയായ നാഇല(റ)യെ വിവാഹം ചെയ്യാൻ പിൽക്കാലത്ത് പലരും വന്നെങ്കിലും അവർ സമ്മതിച്ചില്ല. അവർ സ്നേഹസമ്പന്നനായ ഭർത്താവിന്റെ ഓർമ്മകൾ താലോലിച്ചുകൊണ്ട് ഒരായുഷ്കാലം ജീവിച്ചു തീർത്തു...