ഉപരോധം നാൾക്കുനാൾ ശക്തമായി വരികയാണ്. മുതിർന്ന സ്വഹാബികൾ പലരും മക്കയിലേക്കു പോയി.
ഉമ്മുൽ മുഅ്മിനീൻ ആഇശ(റ) മക്കയിലേക്ക് പോവാനൊരുങ്ങി. ഹജ്ജ് നിർവഹിക്കാൻ. കൂടെപ്പോവാൻ സഹോദരനെ വിളിച്ചു. മുഹമ്മദിനെ. അദ്ദേഹം വിപ്ലവകാരികളുടെ ക്യാമ്പിലാണ്.
സഹോദരിയുടെ ക്ഷണം സ്വീകരിക്കാൻ പറ്റുന്ന അവസ്ഥയിലല്ല. പോയില്ല. ആഇശ(റ)ക്ക് വലിയ ദുഃഖമുണ്ടായി. ആ ദുഃഖത്തോടെയായിരുന്നു യാത്ര. ഖലീഫയുടെ സംരക്ഷണത്തെക്കുറിച്ചു അവർ പലരോടും സംസാരിച്ചിരുന്നു. കാര്യങ്ങളെല്ലാം നേരെയാകുമെന്നായിരുന്നു പ്രതീക്ഷ.
വിപ്ലവകാരികൾ മസ്ജിദിലേക്കു പ്രവേശിക്കുന്നതിൽ നിന്ന് ഖലീഫയെ തടയാൻ തീരുമാനമെടുത്തു. അന്ന് വെള്ളിയാഴ്ചയാണ്. ഖലീഫ പങ്കെടുക്കുന്ന അവസാനത്തെ ജുമുഅ.
ജനങ്ങളെ കാണാനുള്ള അവസാനത്തെ അവസരം. അവരോട് വിട പറയാനുള്ള സന്ദർഭമാണിത്. അവസാനമായി നൽകാനുള്ള ഉപദേശം. എല്ലാം മനസ്സിലുണ്ട്.
മനസ്സിലുള്ളത് മുഴുവനായിപ്പറയാൻ ഇവർ അനുവദിക്കുമോ? വിപ്ലവകാരികളുടെ എണ്ണം ആയിരക്കണക്കിൽ വരും. മസ്ജിദ് നിറയെ ഉണ്ട്. കൂട്ടത്തിൽ മദീനക്കാരും മറ്റ് ദേശക്കാരും.
ഉപരോധം തുടങ്ങി ആഴ്ചകൾ കഴിഞ്ഞ ശേഷമുള്ള വെള്ളിയാഴ്ചയാണിത്. മിമ്പറിൽ കയറി. ഖലീഫ സദസ്സിലേക്ക് നോക്കി. അലി(റ), ത്വൽഹ(റ), സുബൈർ(റ) എന്നിവരെ കണ്ടു...
ഖുതുബ നടത്തി. പ്രാഥമിക മുറകൾ കഴിഞ്ഞു. ഖലീഫ പറഞ്ഞു: “അല്ലാഹു ﷻ നിങ്ങൾക്കു ദുനിയാവ് തന്നു. പരലോകം തേടാനാണ് ദുനിയാവ് തന്നത്. ദുനിയാവ് നശിച്ചുപോകും. പരലോകം നശിക്കില്ല. ശാശ്വതമാണ്. നശിക്കുന്നതിന്റെ പിന്നാലെ നിങ്ങൾ ആർത്തിയോടെ നടക്കരുത്. നശിക്കാത്തത് നേടാൻ വേണ്ടി ശ്രമിക്കുക.
ഓർക്കുക, എല്ലാവരുടെയും മടക്കം അല്ലാഹു ﷻ വിലേക്കാകുന്നു. അല്ലാഹു ﷻ വിനെ സൂക്ഷിക്കുക. നിങ്ങൾ സംഘടിച്ചു നിൽക്കണം. സത്യവിശ്വാസികൾ ഒറ്റ ജമാഅത്തായി നിലക്കൊള്ളണം. ഭിന്നിക്കരുത്. പല കക്ഷികളാവരുത്. ഐക്യം കാത്തുസൂക്ഷിക്കുക. അതാണ് ശക്തി..."
സൂറത്ത് ആലുഇംറാനിലെ ആയത്ത് ഓതി.
وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا...
അല്ലാഹുﷻവിന്റെ പാശത്തെ നിങ്ങൾ ഒരുമിച്ചു മുറുകെ പിടിക്കുക. നിങ്ങൾ ഭിന്നിച്ചുപോവരുത്. നിങ്ങൾക്ക് അല്ലാഹു ﷻ നൽകിയ അനുഗ്രഹങ്ങളെ കുറിച്ചു ഓർക്കുക. നിങ്ങൾ പരസ്പരം ശത്രുക്കളായിരുന്നു. നിങ്ങളുടെ മനസ്സുകളെ അല്ലാഹു ﷻ ഒരുമിപ്പിച്ചു. അല്ലാഹു ﷻ വിന്റെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളായിത്തീർന്നു. നിങ്ങൾ തീയാലുള്ള കുഴിയുടെ വക്കിലായിരുന്നു. അതിൽ നിന്നല്ലാഹു ﷻ നിങ്ങളെ രക്ഷപ്പെടുത്തിത്തന്നു. ഈ വിധത്തിലൊക്കെ അല്ലാഹു ﷻ അവന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്കു വിവരിച്ചുതന്നു. നിങ്ങൾ സന്മാർഗം പ്രാപിക്കാൻ വേണ്ടിയാണത്.
ഈ ആശയം വരുന്ന ആയത്ത് ഓതി. വിപ്ലവകാരികൾ ഖുതുബ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. ആക്ഷേപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തുകൊണ്ടിരുന്നു.
പ്രായം ചെന്ന സ്വഹാബികൾ ദുഃഖിതരാണ്, കരയുകയാണ്. ഒന്നും
ചെയ്യാനാവാത്ത അവസ്ഥ. അന്നത്തെ ജുമുഅഃ അങ്ങനെ കഴിഞ്ഞു. ചില വിപ്ലവകാരികൾ ഖലീഫയെ ചരൽ വാരിയെറിഞ്ഞു.
എൺപത്തി രണ്ട് വയസ്സായ ഖലീഫ ബോധംകെട്ടു വീണു. അദ്ദേഹത്തെ എടുത്തു കൊണ്ടുപോയി വീട്ടിലെത്തിച്ചു. പിന്നീട് ബോധം തെളിഞ്ഞു...
ക്ഷീണിപ്പിക്കുന്ന വാർത്തയാണ് കേട്ടത്. ഇനി മസ്ജിദിലേക്ക് വിടില്ല. താൻ വിലകൊടുത്ത് സ്ഥലം വാങ്ങി മസ്ജിദിന് നൽകിയിട്ടുണ്ട്. അവിടേക്കു പോവാൻ എന്നെ അനുവദിക്കണം. എന്നെ തടയരുത്...
വിപ്ലവകാരികൾക്ക് ഒരു മനംമാറ്റവുമില്ല. മറ്റൊരു കൽപന കൂടി വന്നു. വെള്ളം നൽകില്ല. ഖലീഫയുടെ വീട്ടിലേക്ക് വെള്ളം നൽകില്ല.
നാടിനെ ഞെട്ടിച്ച വാർത്ത. മുസ്ലിംകൾ ശുദ്ധജലം കിട്ടാതെ വിഷമം അനുഭവിച്ച കാലത്ത് റൂമാ കിണർ വാങ്ങി ദാനം ചെയ്ത ആളാണ് ഞാൻ. എന്റെ വെള്ളം
തടയരുത്. ഖലീഫ പറഞ്ഞുനോക്കി. ഫലമില്ല...