ഉസ്മാൻ (റ) എട്ട് തവണ വിവാഹിതനായിട്ടുണ്ടെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. ആദ്യ ഭാര്യ നബിﷺതങ്ങളുടെ പുത്രി റുഖിയ്യ(റ). അവരുടെ മരണശേഷം നബിﷺയുടെ മറ്റൊരു പുത്രിയായ ഉമ്മു കുൽസൂമിനെ (റ) വിവാഹം ചെയ്തു.
അവരുടെ മരണശേഷം ഗസ് വാന്റെ (റ) മകൾ ഫാഖിത്തയെ (റ) വിവാഹം
ചെയ്തു. അബ്ദുല്ലാഹിൽ അസ്ഗർ (റ) എന്ന കുട്ടിയെ പ്രസവിച്ചത് ഇവരാണ്.
ജുൻദുബിന്റെ മകൾ ഉമ്മു അംറിനെ (റ) പിന്നീട് വിവാഹം ചെയ്തു. അംറ് എന്ന കുട്ടിയെ പ്രസവിച്ച ശേഷമാണ് ഉമ്മു അംറ് എന്ന പേര് കിട്ടിയത്. ഖാലിദ്, അബാൻ, ഉമർ, മർയം (റ) എന്നീ കുട്ടികളെയും പ്രസവിച്ചവരാണ്.
മഖ്സൂം ഗോത്രക്കാരനായ മുഗീറയുടെ മകൻ അബ്ദുശ്ശംസിന്റെ
മകൻ വലീദിന്റെ മകൾ ഫാത്വിമ(റ)യെ വിവാഹം ചെയ്തു. വലീദ്, സഈദ്, ഉമ്മു സഅ്ദ് (റ) എന്നീ കുട്ടികൾ ജനിച്ചു.
പിന്നീട് ഉമ്മു ബനീൻ (റ) എന്ന വനിതയെ വിവാഹം ചെയ്തു. ഉയയ്നയുടെ (റ) മകളാണിവർ. അബ്ദുൽ മലിക് (റ) എന്ന കുട്ടി ജനിച്ചു.
ഭാര്യമാരുടെ വിയോഗാനന്തരം ശൈബത്തുബ്നു റബീഅത്തുൽ
അമവിയ്യഃയുടെ (റ) മകൾ റംലയെ (റ) വിവാഹം ചെയ്തു. ആഇശ, ഉമ്മു
അബാൻ, ഉമ്മു അംറ് (റ) എന്നിവർ ജനിച്ചു.
ഫറാഫസ്വത്തിന്റെ മകൾ നാഇലയാണ് (റ) അവസാനത്തെ ഭാര്യ. നാഇല (റ) ക്രൈസ്തവ കുടുംബത്തിലെ അംഗമായിരുന്നു. അവർ
ഇസ്ലാം മതം സ്വീകരിക്കുകയും ഉസ്മാൻ(റ)വിന്റെ ഭാര്യയായിത്തീരുകയും ചെയ്തു.
നാഇല ബുദ്ധിമതിയും, സുന്ദരിയുമായ ധീര വനിതയായിരുന്നു. കവിത രചിക്കാനുള്ള കഴിവുണ്ടായിരുന്നു. മറ്റുള്ളവരുടെ കവിതകൾ പാടുകയും ആസ്വദിക്കുകയും ചെയ്തിരുന്നു.
പല ഭാര്യമാരുടെയും മരണം നേരിൽ കാണാനും ദുഃഖം അനുഭവിക്കാനും ഉസ്മാൻ(റ)വിന് വിധിയുണ്ടായി.
നാഇല (റ) ജനിച്ചതും വളർന്നതും ക്രൈസ്തവ കുടുംബത്തിലായിരുന്നതിനാൽ ഇസ്ലാമിൽ വന്ന ശേഷമാണ് വിശുദ്ധ ഖുർആൻ അടുത്തറിയുന്നത്. പാരായണം ചെയ്തപ്പോൾ അതിശയിച്ചുപോയി. ഇസ്ലാമിനെ അവർ വല്ലാതെ ഇഷ്ടപ്പെട്ടു.
പിന്നെയവർ നന്നായി പഠിക്കാൻ തുടങ്ങി. ഭർത്താവിന്റെ ജീവിതം തന്നെയായിരുന്നു മുഖ്യ പഠന വിഷയം. പകലുകൾ നോമ്പുകളായി കടന്നുപോയി. രാവുകൾ സുന്നത്ത് നിസ്കാരങ്ങൾ കൊണ്ട് ധന്യമായി.
ഭർത്താവ് നിസ്കാരത്തിൽ എത്രയോ നേരം വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നു. അതിനെല്ലാം നാഇല (റ) സാക്ഷിയായി. ഭർത്താവിന്റെ ഔദാര്യശീലം. ധീരത, കുടുംബ സ്നേഹം എന്നിവയെല്ലാം നാഇലയെ (റ) ആകർഷിച്ചു.
അവസാന നാളുകളിൽ നാഇല (റ) ഭർത്താവിനെ വിട്ടുപിരിഞ്ഞതേയില്ല. കൂടെ നിന്നു. മർവാന്റെ നടപടികൾ ഖലീഫയെ കുഴപ്പത്തിലാക്കുമെന്ന് നാഇല (റ) വിളിച്ചു പറയുമായിരുന്നു. പലപ്പോഴും വാക്ക് പോര് നടന്നിട്ടുണ്ട്. നാഇല(റ)യും മർവാനും തമ്മിൽ.
മർവാന്റെ കഴിവുകൾ പരിഗണിച്ചും അദ്ദേഹവുമായുള്ള കുടുംബ ബന്ധം വിശുദ്ധമായി നില നിൽക്കാൻ വേണ്ടിയുമാണ് കൂടെ നിർത്തിയത്.
നാഇല(റ)യെ കുറ്റപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഖലീഫയിൽ നിന്ന്
മർവാന് നല്ല ശകാരം കിട്ടിയിട്ടുമുണ്ട്.
ഹസൻ(റ), ഹുസൈൻ(റ) തുടങ്ങി ഒരു കൂട്ടം യുവാക്കൾ ഖലീഫക്ക് കാവൽ നിന്നിരുന്നു. സബഇകൾ വാതിലിന് തീയിടുകയും അകത്തേക്ക് ഇരച്ചു കയറുകയും കാവൽ നിന്നവരെ അക്രമിക്കുകയും
ചെയ്തുവെന്നാണ് ചിലർ രേഖപ്പെടുത്തിയിട്ടുള്ളത്.
അക്രമം നടക്കുമെന്ന് ഉറപ്പായപ്പോൾ കാവൽക്കാരോട് സ്ഥലം വിട്ടുപോവാൻ ഖലീഫ ആവശ്യപ്പെട്ടു. അവർ പോയില്ല. അവർക്ക് സബഇകളുടെ ആക്രമണത്തിൽ പരുക്കു പറ്റി. മർവാൻ മുറിവേറ്റ് വീണു.
ഹസൻ(റ) രക്തത്തിൽ കുളിച്ചുപോയി. ഇതിനിടയിൽ ചിലർ അടുത്ത വീട്ടിലൂടെ ഒളിച്ചു കയറി ഉസ്മാൻ (റ)വിന്റെ മുറിയിലെത്തിയെന്നാണ് ചില ഗ്രന്ഥങ്ങളിൽ പറയുന്നത്.
ഉസ്മാൻ(റ)വിനെ വധിക്കുകയും ശരീരം അലങ്കോലപ്പെടുത്തുകയും ചെയ്ത ക്രൂരന്മാരുടെ പേരുകൾ ചിലർ ഉദ്ധരിച്ചിട്ടുണ്ട്. ശാഫിഖി, തജീബി, സൗദാൻ, അംറുബ് ഹംഖ് ഇവരൊക്കെ ക്രൂരതയിൽ മുൻപന്തിയിലായിരുന്നു.
വളരെ രഹസ്യമായാണ് ഖലീഫയുടെ മയ്യിത്ത് ഖബറടക്കിയത് എന്ന് ചിലർ പറയുന്നു...