Wednesday - 22 April, 2026 4-Dhu al-Qadah-1447

ദുഃഖം നിറഞ്ഞ ഓർമ്മകൾ ...(2)


   ഹസനുബ്നു അലി(റ), അബ്ദുല്ലാഹിബ്നു സുബൈർ(റ), മുഹമ്മദ് ബ്നു ത്വൽഹ(റ), മർവാനുബ്നുൽ ഹകം(റ), സഈദുബ്നുൽ ആസ് (റ)തുടങ്ങിയവർ അവസാന ഘട്ടം വരെ ഖലീഫയുടെ കൂടെയുണ്ടായിരുന്നു.


 അബൂഹുറൈറ (റ) തുടങ്ങിയ പ്രായം ചെന്ന സ്വഹാബികളും ഉണ്ടായിരുന്നു. ഖലീഫയുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ഇതിൽ പുത്രന്മാരും പെടുമെന്നാണ് നിഗമനം.


അന്നത്തെ പ്രഭാത നിസ്കാരത്തിൽ ഖലീഫ 


طه مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ 


 എന്ന സൂറത്ത് ഓതിയതായി കാണുന്നു. നിസ്കാര ശേഷവും ഖുർആൻ പാരായണം ചെയ്തു.


فَسَيَكْفِيكَهُمُ اللَّـهُ ۚ وَهُوَ السَّمِيعُ الْعَلِيمُ


എന്ന് ഓതിക്കൊണ്ടിരിക്കുമ്പോൾ വെട്ടേറ്റു എന്ന് ചരിത്രത്തിൽ കാണാം.


 റുമാനുൽ യമാനി എന്ന ക്രൂരനാണ് ആദ്യം വെട്ടിയത്. സൗദാനുബ്നു ഹിംറാൻ ഖലീഫയെ ആഞ്ഞു വെട്ടിയപ്പോൾ നാഇല (റ) ചാടിവീഴുകയും സ്വന്തം കൈകൊണ്ട് വെട്ടു തടുക്കുകയും ചെയ്തു. അപ്പേഴാണ് വിരലുകൾ അറ്റുപോയത്.


 ഉസ്മാൻ(റ)വിന്റെ സേവകന്മാരിൽ ഒരാളായിരുന്ന നജീഹ് (റ) ഇത് കാണുകയും, രോഷാകുലനായി സൗദാന്റെ മേൽ ചാടിവീഴുകയും ചെയ്തു. സൗദാനെ അദ്ദേഹം വകവരുത്തി...


 ഈ രംഗം ക്രൂരനായ ഖുതൈറ കാണുന്നു. ആ ദുഷ്ടൻ നജീഹിന്റെ മേൽ ചാടിവീഴുന്നു. നജീഹിനെ വധിക്കുന്നു. 


 ഖലീഫയുടെ മറ്റൊരു സേവകനാണ് സ്വബീഹ് (റ). അദ്ദേഹം ഖുതൈറയുടെ മേൽ ചാടിവീഴുന്നു. അവനെ വധിക്കുന്നു. ആ മുറിയിൽ നാല് മയ്യിത്തുകൾ...


 രണ്ട് ശുഹദാക്കൾ...


1. ഉസ്മാൻ(റ), 

2. നജീഹ് (റ).


 രണ്ട് കുറ്റവാളികളുടെ ശരീരങ്ങൾ. 


1. സൗഭാൻ

2. ഖുതൈറ


 സബഇകൾ ആഹ്ലാദപൂർവം ഇങ്ങനെ വിളിച്ചുപറഞ്ഞു. “ഈ വീട്ടിലുള്ളതെല്ലാം നമുക്കു അനുവദനീയമാണ്. സ്ത്രീകൾവരെ. വരൂ, സ്വന്തമാക്കൂ...”


 സബഇകൾ ഇരച്ചു കയറി വന്നു. കുൽസൂമുത്തജീബി എന്ന ദുഷ്ടൻ നാഇല(റ)യെ അപമാനിക്കാൻ വന്നു. വസ്ത്രത്തിൽ പിടിച്ചുവലിച്ചു. ഉസ്മാൻ(റ)വിന്റെ സേവകൻ സ്വബീഹ് (റ) ഇത് കണ്ടു. വാൾ ചുഴറ്റി ഒറ്റവെട്ട്. കുൽസുമുത്തജീബി വെട്ടേറ്റു വീണു മരണപ്പെട്ടു...


 സബഇകൾ സ്വബീഹിന്റെ (റ) മേൽ ചാടിവീഴുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്തു. ഈ വിധത്തിലെല്ലാം രേഖകളിൽ കാണുന്നു.


 ദിവസങ്ങൾ കടന്നുപോയി. നാഇല (റ) ഒരു വിലാപ കാവ്യം രചിച്ചു. തന്റെ ഹൃദയ വേദന കവിതയായി ഒഴുകിവന്നു. ഏത് മനസ്സിനെയും പിടിച്ചുലക്കുന്ന വരികൾ, സംഭവങ്ങളുടെ ദൃക്സാക്ഷി വിവരണം തന്നെ...


 ഈ കവിതയും അതോടൊപ്പം ചില സാധനങ്ങളും സിറിയയിലെ ഗവർണറായിരുന്ന മുആവിയക്ക് (റ) അയച്ചുകൊടുത്തു. എന്തൊക്കെയായിരുന്നു സാധനങ്ങൾ..?


 ഖലീഫയുടെ രക്തം പുരണ്ട കുപ്പായം. ശത്രുക്കൾ അദ്ദേഹത്തിന്റെ താടിയിൽ നിന്ന് പിടിച്ചു പറിച്ചെടുത്ത രോമങ്ങൾ. നാഇല(റ)യുടെ മുറിക്കപ്പെട്ട വിരലുകൾ.


 മുആവിയയും (റ) കൂട്ടരും ഇവ കണ്ട് ഞെട്ടിപ്പോയി. രക്തം പുരണ്ട കുപ്പായം പ്രദർശിപ്പിക്കപ്പെട്ടു.

ചരിത്രം മറക്കാത്ത പ്രദർശനമായിരുന്നു അത്..!!


 ഇബ്നുസ്സബായുടെ കുതന്ത്രങ്ങളുടെ വിജയം. എത്ര ഭയാനകം! ഇബ്നുസ്സബായുടെ പരമ്പര ചരിത്രത്തിനൊപ്പം സഞ്ചരിച്ചു.

മുസ്ലിം ലോകത്തുടനീളം നാശത്തിന്റെ വിത്തുകൾ വിതറി. കലാപകങ്ങൾക്കു മേൽ കലാപങ്ങൾ. അതാണ് പിൽക്കാലം ചരിത്രം നമുക്കു കാണിച്ചുതരുന്നത്...


 അവക്കിടയിലൂടെ പരിശുദ്ധമായ ദീനുൽ ഇസ്ലാം കടന്നുവന്നു. അതിന്റെ യാത്ര അന്ത്യനാൾ വരെ തുടരും. അല്ലാഹു ﷻ വിന്റെ സഹായം സത്യവിശ്വാസികൾക്ക് എക്കാലവും ലഭിച്ചുകൊണ്ടിരിക്കും.


 കാലം ചെല്ലുംതോറും ശത്രുക്കൾ ഉപായങ്ങളും ആയുധങ്ങളും മാറ്റിക്കൊണ്ടിരിക്കുന്നു. കലാപങ്ങൾക്ക് തീകൊളുത്തിക്കൊണ്ടിരിക്കുന്നു.


 അപ്പോഴും ശാന്തമായ മനസ്സുമായി നീങ്ങുന്ന മുഅ്മിനീങ്ങളെ കാണാം. ഇസ്ലാമും ഈമാനും ഇഹ്സാനും മുറുകെ പിടിച്ചു നീങ്ങുന്ന സത്യവിശ്വാസികൾ.


 ഉസ്മാൻ (റ) സ്വർഗത്തിലാണെന്ന് നബി ﷺ സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്. സ്വർഗത്തിൽ എത്തിച്ചേരാനും ഉസ്മാൻ (റ) വിനെ കണ്ടുമുട്ടാനും സർവശക്തനായ റബ്ബേ.. ഞങ്ങൾക്ക് നീ തൗഫീഖ് നൽകേണമേ..,

ആമീൻ യാറബ്ബൽ ആലമീൻ


‌‌‌‌‌‌‌‌‎ ഉസ്മാനുബ്നു അഫ്ഫാൻ (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ


 ഉസ്മാനുബ്നു അഫ്ഫാൻ (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...


 ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


【 ഉസ്മാനുബ്നു അഫ്ഫാൻ (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】