ഖലീഫയുടെ ചില നടപടികളോട് ചിലർക്ക് എതിർപ്പുണ്ടെന്ന് മനസ്സിലായി. അത് മുതലെടുക്കാം. ഖലീഫയുടെ ചില ഗവർണർമാരെപ്പറ്റി പരാതി ഉയർന്നിരുന്നു. പരാതി കിട്ടിയപ്പോൾ ഖലീഫ നടപടി എടുക്കുകയും ചെയ്തു. എന്നാലും ഇബ്നു സബാ അവിടെയെല്ലാം മണത്ത് നടക്കും. ആരെയെങ്കിലും വഴിപിഴപ്പിക്കാൻ കഴിയുമോ എന്ന് നോക്കുകയാണ്.
യഹൂദികളും അധികാരം നഷ്ടപ്പെട്ട ചില പേർഷ്യക്കാരും ഇവനോടൊപ്പം കൂടി. കുറെ മുസ്ലിം ചെറുപ്പക്കാരെ പറഞ്ഞു തെറ്റിധരിപ്പിച്ചു കൂടെ കൂട്ടി...
ബസ്വറയിലെ ഗവർണറായിരുന്നു ഇബ്നു ആമിർ (റ). ഇദ്ദേഹത്തിന് ഖലീഫയിൽ നിന്നാരു സന്ദേശം കിട്ടി. ബസ്വറയിൽ ഒരു കൊള്ളക്കാരനുണ്ട്. പേര് ഹകീമുബ്നു ജബല. അയാളെ പിടികൂടി വിചാരണ ചെയ്യുക.
ഉടനെത്തന്നെ അയാളെ പിടികൂടി. വിചാരണയിൽ കുഴപ്പക്കാരനാണെന്ന് മനസ്സിലായി. തടവിലാക്കി. കൂടുതൽ ചോദ്യം ചെയ്തപ്പോൾ മറ്റൊരു രഹസ്യം കൂടി പിടികിട്ടി. അബ്ദുല്ലാഹിബ്നു സബാഇയുമായി ബന്ധപ്പെടാറുണ്ട്. ഖലീഫയെ ദുഷിച്ചു സംസാരിക്കാറുണ്ട്. ഇബ്നു സബാ കൂഫയിലെത്തി. പലരെയും സ്വാധീനിച്ചു. വീടുകളിൽ രഹസ്യയോഗങ്ങൾ നടത്തി.
പിന്നീട് ഈ ദുഷ്ടൻ ഈജിപ്തിലെത്തി. അവിടെ പ്രവർത്തനം ശക്തിപ്പെട്ടു. ധാരാളമാളുകൾ കൂടെക്കൂടി. നന്മ ഉപദേശിക്കുക. തിന്മ നിരോധിക്കുക. ഈ മട്ടിലുള്ള ഉപദേശമാണ് നൽകുക. വ്യാജമായി ഹദീസുകൾ നിർമിച്ചു. പുതിയ തലമുറക്ക് അവ വ്യാജമാണെന്ന് മനസ്സിലായില്ല. അഹ്ലുബൈത്തിനെ പൊക്കിപ്പറയും. ഖലീഫയെയും ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിക്കും.
ഖലീഫയാകേണ്ടത് അലിയാണ് ഉസ്മാൻ അത് തട്ടിയെടുത്തു. ഇതാണ് ജനങ്ങളെ വിശ്വസിപ്പിക്കുന്നത്. വ്യാജമായ തെളിവുകൾ നിരത്തും. പലർക്കും കത്തുകളയക്കും. എല്ലാം വ്യാജം അലി(റ)വിന്റെ പേരിൽ കത്തുകളുണ്ടാക്കി അയക്കും.
സബഇകൾ എന്നൊരു കക്ഷി വളർന്നുവരികയാണ്. വിപ്ലവകാരികൾ. ഖലീഫയെയും അദ്ദേഹത്തിന്റെ ഗവർണർമാരെയും രൂക്ഷമായി വിമർശിക്കുക, ഇതാണ് പ്രവർത്തനം.
മദീനയിൽ സബഇകൾക്ക് വേരോട്ടം കിട്ടിയില്ല. വിദൂര നാടുകളിലെല്ലാം വേര് പിടിച്ചുകഴിഞ്ഞു. മുആവിയയുടെ (റ) ശക്തമായ ഭരണം നിലനിൽക്കുന്ന സിറിയയിലും സബഇകൾ വളർന്നില്ല.
രണ്ട് പ്രമുഖ ഖുറൈശി യുവാക്കൾ മദീനയിൽ നിന്ന് ഈജിപ്തിലെത്തി. അവർ സബഇകളുടെ പക്ഷം ചേർന്നു. ഇതവർക്ക് വലിയ ശക്തിയായി. പിൻബലമായി.
ആരൊക്കെയാണ് ആ യുവാക്കൾ എന്ന് നോക്കാം. അബൂബക്ർ സിദ്ദീഖ്(റ)വിന്റെ പുത്രൻ മുഹമ്മദ്.
പ്രമുഖനായ അബൂഹുദൈഫയുടെ പുത്രൻ മുഹമ്മദ്.
ഏതോ സാഹചര്യത്തിന്റെ പ്രേരണയാൽ മുഹമ്മദ് എന്നു പേരുള്ള രണ്ടുപേരും സബഇകളുടെ വലയിൽ വീണുപോയി. ഗവർണർമാർ ആപത്ത് മണത്തറിഞ്ഞു. അവർ മദീനയിൽ വന്നു. വഴിതെറ്റിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഖലീഫയോടപേക്ഷിച്ചു.
ആരുടെയും രക്തമൊഴുക്കാൻ ഖലീഫ തയ്യാറായില്ല. എല്ലാവരെയും ഉപദേശിച്ചു നേരെയാക്കാം എന്നാണ് ദയാലുവായ ഖലീഫ വിചാരിച്ചത്.
ഒരു വിഭാഗമാളുകൾ ഖലീഫക്കെതിരെ വിപ്ലവം നടത്താൻ സാധ്യതയുണ്ടെന്ന് മുആവിയക്ക് (റ) ബോധ്യമായി. ഖലീഫക്ക് മദീന സുരക്ഷിതമല്ല എന്ന് തോന്നി...
താൻ ഭരിക്കുന്ന സിറിയയിൽ സബഇകൾക്ക് ഒന്നും ചെയ്യാനാവില്ല. ഖലീഫ കുറച്ചുകാലം സിറിയയിൽ വന്നു താമസിക്കണമെന്ന് മുആവിയ (റ) അപേക്ഷിച്ചു.
“നബിﷺതങ്ങളുടെ സമീപത്ത് നിന്ന് ഞാനെങ്ങോട്ടും വരില്ല.” ഇതായിരുന്നു ഖലീഫയുടെ പ്രതികരണം. അപ്പോൾ മുആവിയ (റ) മറ്റൊരു നിർദേശം വെച്ചു.
“ഖലീഫയുടെ രക്ഷക്കു വേണ്ടി ഞാനൊരു സൈന്യത്തെ അയക്കാം.” അതും നിഷേധിക്കപ്പെട്ടു.
മുഹമ്മദുബ്നു അബീബക്കർ, മുഹമ്മദുബ്നു അബീ ഹുദൈഫ
എന്നിവരെ ഇബ്നുസ്സബാ നന്നായി ഉപയോഗപ്പെടുത്തി. അവരാണിപ്പോൾ സബഇകളുടെ നേതാക്കൾ. അവരുടെ പേരിലാണ് ആളുകളെ കൂട്ടുന്നത്. അവരറിയാതെ അവരുടേതായി പല പ്രസ്താവനകളും പുറത്ത് വന്നുകൊണ്ടിരുന്നു.
ഇബ്നു സ്സബാ തന്റെ അനുയായികളെ എല്ലാ നാടുകളിലേക്കും അയച്ചു. അവർ പ്രസംഗിക്കേണ്ട കാര്യങ്ങൾ നിശ്ചയിച്ചുകൊടുത്തു.
1) ഓരോ നബിക്കും ഓരോ നിയുക്ത അവകാശിയുണ്ട്. നബിﷺയുടെ നിയുക്ത അവകാശി അലി(റ)യാകുന്നു.
2) അലി(റ)വാണ് ഖിലാഫത്തിന്റെ അവകാശി. ഉസ്മാൻ (റ) അത് തട്ടി
യെടുത്തു. ഉടമക്ക് അവകാശം തിരിച്ചുകിട്ടണം.
3) ഉസ്മാൻ (റ) രാജിവെക്കണം. അതിന് തയ്യാറില്ലെങ്കിൽ ജനങ്ങൾ അദ്ദേഹത്തെ പുറത്താക്കണം.
അലി(റ) സബഇകളെ ശക്തമായി വിമർശിച്ചുകൊണ്ട് രംഗത്തു വന്നു. ഖലീഫയുടെ പിന്നിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ആഹ്വാനം ചെയ്തു.
വിപ്ലവകാരികൾ അതൊന്നും മുഖവിലക്കെടുത്തില്ല. അലി(റ), അബൂദർറിൽ ഗിഫാരി(റ), അമ്മാറുബ്നു യാസിർ(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) തുടങ്ങിയവരൊക്കെ തങ്ങളുടെ ഭാഗത്താണെന്ന് സബഇകൾ പ്രചരിപ്പിച്ചു. ജനങ്ങൾ ആശയക്കുഴപ്പത്തിലായി.
അപകടകരമായ യാത്ര തുടങ്ങുകയാണ്. മദീനയിലേക്ക്.
ഹിജ്റ 35, റജബ് മാസം. ഈജിപ്തിൽ നിന്ന് ഒരു സംഘം പുറപ്പെടുന്നു. അറുന്നൂറ് പേരുള്ള സംഘം. നേതൃത്വം മുഹമ്മദുബ്നു അബൂബക്കർ.
ഉംറ നിർവഹിക്കാൻ മക്കയിലേക്കു പോവുന്നു എന്നാണ് പ്രചാരണം. വഴിയിൽ വെച്ച് പിടിക്കപ്പെടാതിരിക്കാൻ അങ്ങനെ അടവ് പ്രയോഗിച്ചു.
ഈജിപ്തിലെ ഗവർണർ ഉടനെ വിവരം ഖലീഫയെ അറിയിച്ചു. ഖലീഫ ഉന്നതരായ സ്വഹാബികളുമായി ചർച്ച നടത്തി. ഇതിന്നിടയിൽ സംഘം ജുഹ്ഫയിലെത്തി തമ്പടിച്ചിരുന്നു.
വിപ്ലവകാരികളുമായി സംസാരിക്കാൻ ഒരാളെ അയക്കണമെന്ന് തീരുമാനമായി. അതിന് ഏറ്റവും പറ്റിയ ആൾ അലി (റ) ആണെന്നും തീരുമാനമായി.
അലി (റ) വിപ്ലവകാരികളുടെ താവളത്തിലെത്തി. ഖലീഫക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും കേട്ടു. ഓരോ ആരോപണത്തിനും തൃപ്തികരമായി മറുപടി പറഞ്ഞു. ഒരുപാട് തെറ്റിധാരണകൾ നീക്കപ്പെട്ടു.
തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ ഖലീഫ തിരുത്തും പശ്ചാത്തപിക്കും. ജനങ്ങളുടെ രക്ഷയും പുരോഗതിയുമാണ് ഖലീഫ ലക്ഷ്യമാക്കുന്നത്. വിപ്ലവകാരികളുടെ പ്രവർത്തികളെ അലി (റ) രൂക്ഷമായി വിമർശിച്ചു. അവരുടെ ആശയങ്ങൾ പൊള്ളയാണെന്ന് മനസ്സിലാക്കിക്കൊടുത്തു. വിപ്ലവകാരികൾ ശാന്തരായി.
ജനങ്ങളുടെ തെറ്റിധാരണകളെല്ലാം നീങ്ങിപ്പോവുന്ന രീതിയിൽ ഒരു പ്രസംഗം നടത്താൻ ഖലീഫയോട് അലി (റ) ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച മിമ്പറിൽ വെച്ച് ഉസ്മാൻ (റ) പ്രസംഗിച്ചു. അദ്ദേഹത്തിന് കരച്ചിലടക്കാനായില്ല. ജനങ്ങളും കരഞ്ഞുപോയി. പശ്ചാത്താപവിവശനായിപ്പോയി. വിപ്ലവത്തിന് വന്നവരും പ്രസംഗം കേട്ടു. അവരും ദുഃഖിതരായി.
ഇതൊന്നും രുചിക്കാത്ത ഒരാൾ അവിടെയുണ്ടായിരുന്നു. മർവാൻ.
ഖലീഫയുടെ അടുത്ത ബന്ധുവാണ്. ഖലീഫയുടെ സഹായിയാണ്. ഉപദേശകനുമാണ്. ബുദ്ധിമാനും ധീരനും പല കഴിവുകളുമുള്ള ആളുമാണ്.
സ്വന്തമായി ചില താൽപര്യങ്ങളുണ്ട് എന്നതാണ് ദോഷം. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനായി വൃദ്ധനായ ഖലീഫയെ വഴിതെറ്റിക്കുന്നു എന്ന ആക്ഷേപം നാട്ടിൽ നിലനിൽക്കുന്നു. അയാളുടെ നല്ല ഗുണങ്ങൾ പരിഗണിച്ച് ഖലീഫ അയാളെ പിരിച്ചുവിട്ടതുമില്ല.
ഉസ്മാൻ(റ)വിന്റെ ഭാര്യയാണ് നാഇല. ബുദ്ധിമതിയായ ധീര വനിതയാണവർ. ഖലീഫയുടെ അന്ത്യഘട്ടത്തിൽ അവർ ജീവൻ നൽകിയും അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചു.
നാഇലയാണ് മർവാനെ തിരുത്താൻ ശ്രമിച്ചത്. അത് മർവാൻ ഇഷ്ടപ്പെട്ടില്ല. വെള്ളിയാഴ്ചത്തെ പ്രസംഗത്തിന് ശേഷം മർവാനും നാഇലയും തമ്മിൽ ഉഗ്രമായ വാഗ്വാദം നടന്നു.
അതിനു ശേഷമുള്ള മർവാന്റെ നടപടികൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്നാണ് ചരിത്രം പറയുന്നത്...