ഹിജ്റ 35-ാം വർഷം ശവ്വാൽ മാസം. ഒരേ സമയം മൂന്നു പട്ടണങ്ങളിൽ നിന്ന് വിപ്ലവകാരികൾ പുറപ്പെട്ടുകഴിഞ്ഞു. മദീനയാണ് ലക്ഷ്യം. ഹജ്ജിന് പോവുകയാണെന്നാണ് പുറത്ത് പറഞ്ഞത്.
ഈജിപ്ത്, ബസ്വറ, കൂഫ എന്നീ പട്ടണങ്ങളിൽ നിന്നാണ് പുറപ്പെട്ടത്. ഹജ്ജാജിമാരാണെന്ന് പറഞ്ഞാൽ മദീനയിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.
ഈജിപ്തിൽ നിന്ന് പുറപ്പെട്ട സംഘത്തിൽ അബ്ദുല്ലാഹിബ്നു സബഅ, മുഹമ്മദ് ബ്നു അബീബക്കർ എന്നിവരുണ്ടായിരുന്നു. ഖലീഫയെ പുറത്താക്കുക. അല്ലെങ്കിൽ വധിക്കുക. അതാണ് ലക്ഷ്യം.
മദീനയുടെ സമീപം, നിശ്ചിത സ്ഥലത്ത് മൂന്ന് സംഘങ്ങളും ഒരുമിച്ചുകൂടി. ഒരു രഹസ്യ സംഘത്തെ മദീനയിലേക്കയച്ചു. അവിടത്തെ സ്ഥിതിഗതികൾ അറിയാനാണ് വിട്ടത്.
ആ സംഘം അലി(റ), ത്വൽഹ(റ), സുബൈർ(റ) എന്നീ നേതാക്കളെയും പ്രമുഖരായ മറ്റു ചില നേതാക്കളെയും കണ്ടു. അവരാരുംതന്നെ വിപ്ലവകാരികളെ അനുകൂലിച്ചില്ല.
“സംഘം മദീനയിൽ പ്രവേശിക്കരുത്. തിരിച്ചുപോവണം.” എല്ലാവരുടെയും ശക്തമായ നിർദേശം അതായിരുന്നു.
സംഘാംഗങ്ങൾ പിന്നെയും ക്യാമ്പിൽ തങ്ങി. ഒരിക്കൽകൂടി പ്രതിനിധി സംഘത്തെ അയച്ചു. അപ്പോഴും തിരിച്ചുപോവാനാണ് നിർദേശിച്ചത്.
ഈജിപ്തിൽ നിന്ന് വന്നവരുടെ ഒരു സംഘം ഖലീഫയെ നേരിട്ടു കാണാൻ അനുവാദം ചോദിച്ചു. അനുവാദം ലഭിച്ചു. അവർ പറഞ്ഞകാര്യം ഇതായിരുന്നു.
“ഈജിപ്തിലെ ഗവർണറെ മാറ്റണം. പകരം മുഹമ്മദുബ്നു അബീബക്കറിനെ നിയമിക്കണം.”
ഖലീഫ അത് സമ്മതിച്ചു. മദീനക്കാർ വിപ്ലവകാരികളെ ചെറുത്തുനിൽക്കുമെന്ന തോന്നലുണ്ടായി. വിപ്ലവകാരികൾ തൽക്കാലം സ്ഥലം വിടാം എന്നു തീരുമാനിച്ചു.
അബ്ദുല്ലാഹിബ്നു സബഅ് പുതിയ പദ്ധതികൾ ആസൂത്രണംചെയ്തു. പിന്നീടുള്ള ചലനങ്ങൾ നിഗൂഢമാണ്. മദീനയിൽ നിന്ന് പോയ വിപ്ലവകാരികൾ ഏതാനും ദിവസം കഴിഞ്ഞപ്പോൾ തിരിച്ചുവന്നു. എല്ലാവരും രോഷാകുലരാണ്. ഈജിപ്തുകാരും, ബസ്വറക്കാരും, കൂഫക്കാരുമെല്ലാം വന്നിട്ടുണ്ട്. സായുധരാണവർ.
ഒരേ ഒരാവശ്യം. ഖലീഫ രാജിവെക്കുക. മദീനക്കാരേ! വീടുകളിൽ അടങ്ങിയിരുന്നുകൊള്ളുക. ഞങ്ങൾക്കു നേരെ വന്നാൽ കൊന്നുകളയും. ആരും പുറത്തിറങ്ങരുത്. വിപ്ലവകാരികൾ വിളിച്ചു പറഞ്ഞു.
ഭയാനകമായ അവസ്ഥ. വീടുകളുടെ വാതിലുകൾ അടഞ്ഞുകിടന്നു. അലി(റ)വിന് അടങ്ങിയിരിക്കാനാവില്ല. ജീവൻ പോവുന്നെങ്കിൽ പോവട്ടെ. തന്റെ വാതിൽ തുറന്നു. പുറത്തിറങ്ങി. വിപ്ലവകാരികളുടെ മുമ്പിലെത്തി. രൂക്ഷമായി സംസാരിച്ചു.
“നിങ്ങളെന്തിനീ പുണ്യനഗരത്തിൽ വന്നു. ഈ നഗരത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താനോ..?”
അവർ ഒരു കത്ത് പുറത്തെടുത്തു. “ഇത് ഖലീഫ എഴുതിയ കത്താണ്. ഈജിപ്തിലെ ഗവർണർക്കെഴുതിയ കത്താണിത്. ഈജിപ്തിലെത്തിക്കഴിഞ്ഞാൽ മുഹമ്മദ് ബ്നു അബീബക്കറിനെയും മറ്റ് നേതാക്കളെയും കുരിശിൽ തറച്ചു കൊല്ലണമെന്നാണ് ഈ കത്തിലുള്ളത്.
നിങ്ങളുടെ ഉപദേശമനുസരിച്ച് ഞങ്ങൾ ഇവിടെ നിന്ന് മടങ്ങിപ്പോയതാണ്. വഴിക്കുവെച്ച് ഞങ്ങൾ ഒരാളെക്കണ്ടു. ഒരു കറുത്ത മനുഷ്യൻ. ഖലീഫയുടെ ജീവനക്കാരൻ. ഞങ്ങൾ അയാളെ തടഞ്ഞു. കത്ത് പിടിച്ചെടുത്തു. ഖലീഫയുടെ സീലുള്ള കത്ത്.”
“ഈജിപ്തകാരല്ലേ കത്ത് പിടിച്ചത്. കൂഫക്കാരും ബസ്വറക്കാരും എങ്ങനെ ഇവിടെയെത്തി, അവരെങ്ങനെ വിവരമറിഞ്ഞു. നിങ്ങൾ നേരത്തെ പദ്ധതിയിട്ട സംഗതിയാണിത്.” അലി(റ) ഉറക്കെ പറഞ്ഞു. അവർക്കു ഉത്തരം മുട്ടി.
ചിലർ ഇങ്ങനെ മറുപടി നൽകി: “നിങ്ങളെന്ത് പറഞ്ഞാലും ശരി, ഖലീഫ അധികാരം ഒഴിയണം. ഇതിൽ ഇനി മാറ്റമില്ല.”
കത്ത് വ്യാജമാണെന്ന് അലി(റ)വിന് മനസ്സിലായി. കത്തിനു പിന്നിൽ മർവാൻ ആയിരുന്നുവെന്ന് ചില രേഖകളിൽ കാണുന്നു.
അലി(റ), ആഇശ(റ) തുടങ്ങിയവരുടെ പേരിലെല്ലാം വ്യാജ കത്തുകൾ പലർക്കും കിട്ടിയിരുന്നു. അലി(റ) പറയുന്നതൊന്നും വിപ്ലവകാരികൾ കേൾക്കുന്നില്ല.
അദ്ദേഹം നിരാശനായി വേദനയോടെ പിന്മാറി.
വിപ്ലവകാരികളുടെ പ്രതിനിധികൾ ഖലീഫയുടെ വീട്ടിലേക്കു കയറിച്ചെന്നു. ഖലീഫ അവരെ സ്നേഹപൂർവം സ്വീകരിച്ചു. അവർ രോഷത്തോടെ ചോദിച്ചു: “നിങ്ങൾക്കെന്താണ് ഈ കത്തിനെപ്പറ്റി പറയാനുള്ളത്..?”
ഖലീഫ ശാന്തനായി മറുപടി പറഞ്ഞു: “ഇത് വ്യാജമാണ്. ആരോ നിങ്ങളെ കബളിപ്പിച്ചതാണ്. ഞാൻ ഈ കത്ത് എഴുതിയിട്ടില്ല. മറ്റൊരാളെക്കൊണ്ട് എഴുതിച്ചിട്ടുമില്ല. സീൽ വ്യാജമാണ്.”
അവരുടെ മറുപടി ഇങ്ങനെയായിരുന്നു: ഈ കത്ത് നിങ്ങൾ എഴുതിയതാണെങ്കിൽ അതിന്റെ പേരിൽ നിങ്ങൾ സ്ഥാനമൊഴിയണം. നിങ്ങൾ എഴുതിയതല്ലെങ്കിൽ നിങ്ങൾ വളരെ ദുർബലനാണെന്ന് തെളിയുന്നു. അങ്ങനെയാണെങ്കിലും സ്ഥാനമൊഴിയണം.”
സ്ഥാന ത്യാഗമല്ലാതെ വേറെ വഴിയില്ല. ഖലീഫയുടെ ശാന്തമായ മറുപടി ഇങ്ങനെ: “ഖിലാഫത്ത്. അത് അല്ലാഹു ﷻ എന്നെ ധരിപ്പിച്ച വസ്ത്രമാണ്. ഞാനത് ഊരുകയില്ല.”
ഈ മറുപടി അവർക്കു രസിച്ചില്ല. കൂടുതൽ രോഷാകുലരായി സംസാരിച്ചു...