വരാനിരിക്കുന്ന പ്രവാചകനെപ്പറ്റി യഹൂദികളും ക്രിസ്ത്യാനികളും വിശദീകരിക്കുന്നത് കേൾക്കാം.
ആ മഹാത്മാവ് വരാൻ സമയമായിരിക്കുന്നു. ഒരു ദിവസം കൂട്ടുകാർ കണ്ടു മുട്ടി. കച്ചവട യാത്രക്കു ശേഷമുള്ള കണ്ടുമുട്ടൽ.
ഉസ്മാൻ (റ) കൂട്ടുകാരന്റെ മുഖത്തേക്ക് നോക്കി. പതിവില്ലാത്ത മുഖഭാവം. പ്രസന്നമാണ് മുഖം. സന്തോഷം തളംകെട്ടി നിൽക്കുന്നു. കൂട്ടത്തിൽ വല്ലാത്തൊരു ഗൗരവ ഭാവം.
“കൂട്ടുകാരാ സന്തോഷിക്കുക കാത്തിരുന്ന വിമോചകൻ സമാഗതമായിരിക്കുന്നു.” അബൂബക്കർ (റ) സംസാരം തുടങ്ങി.
കൂട്ടുകാരന്റെ മനസ്സിൽ ആകാംക്ഷ വളർന്നു. എല്ലാ വിശദാംശങ്ങളും അറിയാൻ തിടുക്കമായി. സിദ്ദീഖ് (റ) സ്വരം താഴ്ത്തി സംസാരിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ വിവരിച്ചു.
“ആരാണീ വിമോചകൻ..?”
“അൽ അമീൻ”
“നമ്മുടെ അൽ അമീനോ..?”
“അതെ, നമ്മുടെ സ്വന്തം അൽഅമീൻ”
പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് അൽ അമീൻ. ഇനിയൊരു നബിയില്ല. ഇത് അന്ത്യപ്രവാചകൻ.
ഉസ്മാൻ (റ) വിന്റെ ചിന്തകൾ ഒഴുകിത്തുടങ്ങി. കടന്നുപോയ ഇന്നലെകൾ അൽഅമീന്റെ ജീവിതം പകൽ വെളിച്ചം പോലെ പരിശുദ്ധമാണത്. എല്ലാ ചലനങ്ങളും എല്ലാവർക്കുമറിയാം.
ഹാശിം കുടുംബത്തിലാണ് ജനനം. ജനിക്കും മുമ്പെ പിതാവ് അബ്ദുല്ല (റ) മരണപ്പെട്ടു. ആറാം വയസ്സിൽ മാതാവ് ആമിന (റ)യും മരണപ്പെട്ടു. എന്തെല്ലാം ദുഃഖങ്ങൾ സഹിച്ചിട്ടുണ്ട്. വേദനകൾ നിറഞ്ഞ എന്തെല്ലാം അനുഭവങ്ങൾ...
ഖദീജ(റ). തങ്ങളുടെ പ്രദേശത്ത് തന്നെയാണവരുടെ താമസം. മികച്ച കച്ചവടക്കാരി. അൽ അമീൻ അവരെ വിവാഹം ചെയ്തു. ശാന്തമായ കുടുംബ ജീവിതം നയിച്ചുവരികയാണ്. ആ വീട് തനിക്ക് സുപരിചിതമാണ്. തന്റെ കൂട്ടുകാരന് അതിലേറെ പരിചയമാണ്.
“അന്ത്യപ്രവാചകൻ എന്താണ് പറയുന്നത്..?” ഉസ്മാൻ (റ) താൽപര്യപൂർവ്വം ചോദിച്ചു.
“സത്യസാക്ഷ്യ വചനം ഉൾക്കൊള്ളണം.”
“എന്താണ് സത്യസാക്ഷ്യ വചനം..?”
ആരാധനക്കർഹൻ അല്ലാഹു ﷻ മാത്രമാകുന്നു. അവനല്ലാതെ ഒരു ഇലാഹ് ഇല്ല. മുഹമ്മദ് (ﷺ) അവന്റെ ദൂതൻ (റസൂൽ) ആകുന്നു.”
കേട്ടപ്പോൾ കോരിത്തരിച്ചുപോയി. എന്തൊരു വചനമാണിത്. എല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു...
“താങ്കൾ സത്യസാക്ഷ്യം വഹിച്ചു കഴിഞ്ഞോ..?”
“അതെ ഞാനത് പ്രഖ്യാപിച്ചു കഴിഞ്ഞു... അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ് ഇതാണ് സത്യസാക്ഷ്യ വചനം. പ്രിയപ്പെട്ട ഉസ്മാൻ, താങ്കളും സത്യസാക്ഷ്യ വചനം സ്വീകരിക്കൂ...”
“തീർച്ചയായും. എന്നെ ആ തിരുസന്നിധിയിൽ എത്തിച്ചുതരൂ...”
കാലം സാക്ഷി വളരെ കുറഞ്ഞ ആളുകൾ മാത്രം ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞ ആ കാലഘട്ടത്തിൽ കുലീന കുടുംബാംഗമായ ഉസ്മാൻ (റ) നബി ﷺ തങ്ങളുടെ സന്നിധിയിലെത്തി. സത്യസാക്ഷ്യം വഹിക്കാനുള്ള ആവേശത്തോടെ...
ഭക്തിനിർഭരമായ അന്തരീക്ഷം. നബിﷺതങ്ങളുടെ മുമ്പിൽ വിനയാന്വിതനായി ഇരുന്നു. ശഹാദത്ത് കലിമ ചൊല്ലി. ഇസ്ലാം മതത്തിൽ പ്രവേശിച്ചു. എന്തും നേരിടാനുള്ള മനഃക്കരുത്തോടെ ഈമാൻ വെട്ടിത്തിളങ്ങി. മനസ്സ് നിറയെ...